ആഗോള വിഷയങ്ങളുടെ ചർച്ചയുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാതൃകാ യു.എൻ സമ്മേളനം

നേതൃപാടവവും സംസാര നൈപുണ്യവും വളർത്തിയെടുക്കാനുതകുന്ന ഇന്ത്യൻ സ്‌കൂൾ മാതൃകാ യു.എൻ സമ്മേളനം (ISBMUN 23) സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 6 മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികളാണ് സമ്മേളനത്തിൽ പങ്കെടുത്തത് . ബഹ്‌റൈനിലെ 11 സ്കൂളുകളിൽ നിന്നുള്ള 370 പ്രതിനിധികൾ എട്ടാമത് മാതൃകാ യു.എൻ സമ്മേളനത്തിൽ പങ്കെടുത്തു.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായുന്നു. രാഷ്ട്രങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ വിദ്യാർത്ഥികൾ പ്രസക്തമായ ലോകപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം പൂർണ്ണമായും വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്.

സ്‌റ്റുഡന്റ് ഡയറക്ടർ ആര്യൻ അറോറയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തി. ദേശീയ ഗാനത്തോടെ പരിപാടി ആരംഭിച്ചു. സെക്രട്ടറി ജനറൽ ജോവാന ജെസ് ബിനു സമ്മേളനം തുടങ്ങുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യം , എഴുത്ത്, ഗവേഷണം എന്നിവ പരിപോഷിപ്പിക്കുന്നതിനു ഇന്ത്യൻ സ്‌കൂൾ മാതൃകാ യു.എൻ സമ്മേളനം സഹായിക്കുമെന്ന് പ്രിൻസ് എസ് നടരാജൻ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. സമാധാനവും സുരക്ഷയും, മനുഷ്യാവകാശങ്ങളും, വികസനവും, നിയമവാഴ്ചയും സംബന്ധിച്ച കാര്യങ്ങൾ ഇത്തരം സമ്മേളനങ്ങളിലൂടെ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നുവെന്നു പ്രിൻസ് നടരാജൻ പറഞ്ഞു.

തുടർന്ന് വിവിധ ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സംവാദത്തിനുമായി വിദ്യാർത്ഥികൾ വെവ്വേറെയുള്ള കൗൺസിലുകളിലേക്ക് നീങ്ങി. ഓരോ കൗൺസിലിന്റെയും ചർച്ചകൾ നയിച്ചത് യഥാർത്ഥ യുഎൻ നയതന്ത്ര ശൈലിയിൽ നടപടിക്രമങ്ങൾ നയിച്ച ചെയർമാൻമാരായിരുന്നു.

സമാപന സമ്മേളനത്തിൽ ഓരോ കൗൺസിലിലും മികവ് തെളിയിച്ച പ്രതിനിധികൾക്ക് വിവിധ അവാർഡുകൾ സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂൾ മോഡൽ യുഎൻ കോൺഫറൻസ് ഡയറക്ടർമാരായ ഛായ ജോഷി, ശ്രീസദൻ ഒപി, പ്രജിഷ ആനന്ദ്, ദിൽന ഷജീബ്, ഡാനി തോമസ്, എലിസബത്ത് സൽദാൻഹ, ആശാ ലത എന്നിവർ മാർഗ നിർദേശം നൽകി. സെക്രട്ടറി ജനറൽ ജോവാന ജെസ് ബിനു, ഓർഗനൈസിംഗ് കമ്മിറ്റി സ്റ്റുഡന്റ് ഡയറക്ടർ ആര്യൻ അറോറ, സ്റ്റുഡന്റ് ഡയറക്ടർ ഓഫ് റിസർച്ച് ആൻഡ് ട്രെയിനിംഗ് ഹരിറാം ചെമ്പ്ര എന്നിവർ സമ്മേളനത്തിന്റെ സുഗമമായ നടത്തിനു ചുക്കാൻ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *