എല്ലാ ദിവസവും എല്ലാ മനുഷ്യരും ആചരിക്കേണ്ടതും അനുഷ്ടിക്കേണ്ടതുമായ ഒന്നാണ് പരിസ്ഥിതി സംരക്ഷണം.

ആരോഗ്യപരമായ ജീവിതത്തിനും ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനും ഭൂമി എന്ന ഗ്രഹത്തെ നിലനിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷണം അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവോടെ ഐക്യരാഷ്ട്രസഭയുടെ തീരുമാന പ്രകാരം 1972 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചാം തീയതി ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുന്നു.

പരിസ്ഥിതിനാശം ഉണ്ടാക്കുന്ന വിപത്തുക്കളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുക, പ്രകൃതിയെ സംരക്ഷിക്കുവാനായി പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ചിന്തിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും നല്ലൊരു നാളേയ്ക്കായി പ്രയജ്ഞിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും തയ്യാറാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനത്തിന്‍റെ പ്രധാന ഉദ്ദേശങ്ങള്‍. പരിസ്ഥിതി സംരക്ഷണ ത്തിന്‍റെ ഗൌരവം കൂടി ഈ ദിവസം നമുക്ക് മനസ്സിലാക്കി തരുന്നു.

എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ആചരിക്കേണ്ട ഒരു കാര്യമല്ലിത്‌. എല്ലാ ദിവസവും എല്ലാ മനുഷ്യരും ആചരിക്കേണ്ടതും അനുഷ്ടിക്കേണ്ടതുമായ ഒന്നാണ്.

ലോകത്തില്‍ മനുഷ്യനും മനുഷ്യന്‍ വളര്‍ത്തുന്ന ചില ജീവികളും ഒഴികെ സകല ജീവജാലങ്ങളും പ്രകൃതിയ്ക്ക് അനുസൃതമായി ജീവിക്കുന്നു. സ്വാര്‍ത്ഥനായ മനുഷ്യന്‍ പ്രകൃതിയ്ക്കെതിരെ ചെയ്യുന്ന പല കാര്യങ്ങളും മനുഷ്യന് മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും അവരുടെ ജീവനും നിലനില്‍പ്പിനും കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

പരിസ്ഥിതി ദിനത്തില്‍ പലരും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചു കാണിക്കുന്ന ശുഷ്കാന്തി ഇന്ന് രാത്രിയോടെ തീരും. ഇന്നത്തെ ദിവസം ഘോരഘോരം യോഗങ്ങള്‍ സംഘടിപ്പിക്കും പ്രഭാഷങ്ങള്‍ നടത്തും. അവാര്‍ഡുകള്‍ നല്‍കും. പറയുന്നതു പോലെ കുറച്ചെങ്കിലും പ്രവൃത്തിയില്‍ വരുത്തുകയാണെ ങ്കില്‍ അതിന്‍റെ ആത്യന്തിക ഫലത്തിനു കൂടുതല്‍ മധുരമുണ്ടാ കും. പലരുടെയും പ്രവൃത്തികള്‍ക്ക് ശരിയായ ദിശാബോധം ഇല്ലാത്തത് കൊണ്ടാണ് ഇന്ന് എവിടെയും മാലിന്യകൂമ്പാരം കാണേണ്ടി വരുന്നത്.

എന്തുതന്നെയായാലും പ്രവര്‍ത്തനം തുടങ്ങി എന്നുള്ളത് തന്നെ വളരെ നല്ല കാര്യമാണ്. ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി തീരുമാനിച്ച കാര്യങ്ങളില്‍ പിന്നീട് തീര്‍ച്ചയായും അവലോകനം വേണ്ടതാണ്. അതൊക്കെ ഉണ്ടാകാറുണ്ടോ ഉണ്ടെങ്കില്‍ എത്രത്തോളം എന്ന് അറിയില്ല. എന്തായാലും ഇനിയെങ്കിലും നാമെല്ലാം ഉണര്‍ന്നു അതിനു വേണ്ടുന്നതെന്തോ അതൊക്കെ ചെയ്യണം.

പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്കൊക്കെ അറിയാവുന്നത് തന്നെ.

പരിസ്ഥിതി സംരക്ഷണത്തില്‍ വനം സംരക്ഷിക്കുക എന്നതാണ് ഏറ്റവും മുഖ്യം. നിലവിലുള്ള വനം കുറഞ്ഞു കുറഞ്ഞു കൊണ്ടിരിക്കുന്നു. പ്രകൃതി കനിഞ്ഞു നല്‍കിയ വനം പോലെ മറ്റൊന്ന് ഉണ്ടാക്കുക മനുഷ്യന് അത്ര എളുപ്പമല്ല. അങ്ങിനെയൊന്ന് ഉണ്ടാക്കുവാന്‍ കാലങ്ങളോളം കാത്തിരി ക്കേണ്ടി വരും. എന്നാല്‍ നിലവില്‍ ഉള്ളതിന് സംരക്ഷണം നല്‍കുവാന്‍ സാധിക്കും. വനം നശിപ്പിച്ചത് മൂലമാണ് ചിലയിടങ്ങളില്‍ വന്യമൃഗങ്ങള്‍ അവരുടെ അതിര്‍ത്തിയില്‍ നിന്നും പുറത്തേക്ക് വരുന്നതും മനുഷ്യ സമൂഹത്തിനു ഹാനി വരുത്തുന്നതും. എന്തായാലും മനുഷ്യന്‍ അവര്‍ക്ക് ചെയ്ത ദ്രോഹം വച്ചു നോക്കുമ്പോള്‍ അവര്‍ തിരിച്ചു ചെയ്യുന്നത് വളരെ നിസ്സാരമാണ്.

പരിസ്ഥിതി സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള അടുത്ത നടപടി വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുക എന്നതാണ്. അതുവഴി അന്തരീ ക്ഷത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും മണ്ണൊലിപ്പ് തടയാനും സാധിക്കും. അതോടൊപ്പം ലക്ഷക്കണക്കിന്‌ ജീവജാലങ്ങള്‍ക്ക് വൃക്ഷങ്ങള്‍ ആവാസകേന്ദ്രമായി മാറും. ഭക്ഷണക്ഷാമം കുറയ്ക്കാനും ഔഷധങ്ങള്‍ നിര്‍മ്മിക്കാനും വൃക്ഷങ്ങള്‍ ധാരാളം സഹായിക്കും. നമ്മുടെ നാട്ടില്‍ ഇന്നത്തെ ദിവസം ഏറ്റവും കൂടുതല്‍ നടക്കുവാന്‍ സാധ്യത ഉള്ളത് ഒരുപക്ഷെ മരം നടലായിരിക്കും. നട്ടു കഴിഞ്ഞാല്‍ അത് വളരുന്നുണ്ടോ എന്ന് നട്ടവരോ നടീപ്പിച്ചവരോ എത്രത്തോളം ഓര്‍മ്മിക്കും എന്നതും ഗൌരവത്തോടെ കാണേണ്ടതുണ്ട്. എന്നാല്‍ അതിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തേണ്ടത് സമൂഹത്തിലെ ഓരോ പൌരന്‍റെയും കടമയാണ്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാന്‍ വേണ്ടി ഫാക്ടറി കളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും വമിക്കുന്ന വിഷപ്പുക യ്ക്കെതിരെ സമയാസമയം സര്‍ക്കാര്‍ നടപടി എടുക്കേണ്ട താണ്. ഇതിനുവേണ്ടി പ്രത്യേക നിയമങ്ങളും സര്‍ക്കാര്‍ വകുപ്പുകളും നിലവിലുണ്ട്. നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടതാണ്. പുതു തായി ഇറങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഒരു പരിധിവരെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു സഹായകമാകും.

ജല സംരക്ഷണത്തിനു വേണ്ടി പുഴകളും തോടുകളും ഉത്ഭവ സ്ഥാനം മുതല്‍ മാലിന്യമുക്തമായി സംരക്ഷിക്കുക. ഒപ്പം നിലവിലുള്ള പൊതുവായതും സ്വകാര്യവുമായ തടാക ങ്ങളും കുളങ്ങളും കിണറുകളും നിലനിര്‍ത്തുക. ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താതെ എത്രമാത്രം ജലമാണ് വെറുതെ കടലിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്.

മാലിന്യ നിര്‍മ്മാര്‍ജ്ജനം പട്ടണങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളി ലും അത്യാവശ്യം വേണ്ടതാണ്. ഇപ്പോള്‍ ഏറ്റവും കൂടുത ലുള്ള മാലിന്യം മനുഷ്യ സൃഷ്ടിയായ പ്ലാസ്റ്റിക്‌ മാലിന്യമാണ്. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറച്ച് അത് പിന്നീട് പുനരുപയോഗമോ പുനര്‍നിര്‍മ്മാണമോ ചെയ്‌താല്‍തന്നെ പ്ലാസ്റ്റിക്‌ മാലിന്യത്തില്‍ നിന്നും നല്ല രീതിയില്‍ പ്രകൃതിയെ സംരക്ഷിക്കുവാന്‍ കഴിയും. അതിനു വേണ്ട നടപടികള്‍ എടുക്കേണ്ടവര്‍ കൃത്യമായി എടുക്കേണ്ടതുണ്ട്‌.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതൊക്കെ തന്നെ, ഇനിയുള്ളതും അതുപോലെ തന്നെ.
പരിസ്ഥിതി സംരക്ഷണം നാം നമ്മുടെ വീടുകളില്‍ നിന്നും തുടങ്ങണം. നാം നമ്മളില്‍ നിന്നുതന്നെ തുടങ്ങണം. അതിനു ഒരു പ്രത്യേക ദിവസം ആവശ്യമില്ല.

സ്വന്തം വീട്ടില്‍ വളരുന്ന വൃക്ഷങ്ങള്‍ സകല ജീവികള്‍ക്കും അയല്‍വാസികള്‍ക്കും പ്രാണവായു പ്രദാനം ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ഒരു ചെടിയോ മരമോ നട്ടു പിടിപ്പിച്ചു വളര്‍ത്തുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന മൂല്യമുള്ള വസ്തുവിനേക്കാള്‍ വില നിര്‍ണ്ണയിക്കാന്‍ കഴിയാത്തത്ര ഓക്സിജനാണ് ആ വൃക്ഷം അല്ലെങ്കില്‍ സസ്യം നിങ്ങള്‍ക്ക് നിത്യവും തിരിച്ചു നല്‍കുന്നത്, ഓക്സിജന്‍ കടയില്‍നിന്നും കാശ് കൊടുത്ത് മേടിച്ചു ഉപയോഗിക്കാന്‍ പറ്റിയ ഒന്നല്ല. അതിന്‍റെ യാഥാര്‍ഥ്യം അറിഞ്ഞു പഴയ തലമുറക്കാര്‍ ആരും മരം മുറിച്ചു മാറ്റിയിരുന്നില്ല. മാത്രമല്ല അടുത്ത തലമുറകള്‍ക്ക് വേണ്ടി അവര്‍ അദ്ധ്വാനിക്കുകയും ധാരാളം വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുകയും ചെയ്തു. ചുരുക്കത്തില്‍ വൃക്ഷസമ്പത്ത് എന്നും അവര്‍ സംരക്ഷിച്ച് കൊണ്ടിരുന്നു. അമിതമായി കെട്ടിടങ്ങള്‍ വന്നപ്പോഴാണ് അതെല്ലാം കുറെ നശിച്ചതും ബാക്കിയുള്ളതും കൂടി നശിച്ചു കൊണ്ടിരിക്കുന്നതും
.
ഇന്ന് അടുത്ത തലമുറകള്‍ക്ക് വേണ്ടി ധനം സമ്പാദി ക്കുവാനും വീട് പണിത് ഉയര്‍ത്തുവാനും വേണ്ടി ഓരോ വ്യക്തിയും പ്രയജ്ഞിക്കുന്നു. എന്നാല്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ ജലം ഭക്ഷണം പ്രാണ വായു എന്നിവയെ കുറിച്ച് അവര്‍ എത്രമാത്രം ബോധവാന്മാ രാണ് എന്നുള്ളത് കൂടുതല്‍ ചിന്തിക്കേണ്ടി ഇരിക്കുന്നു.

പരിസ്ഥിതി നാശം കൂടിക്കൊണ്ടിരിക്കുന്നു എന്നതിന് ഏറ്റവും നല്ല തെളിവ് നമ്മുടെ നാട്ടില്‍ കൂണ് പോലെ വളരുന്നതും വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ ആശുപത്രി കളും മെഡിക്കല്‍ ഷോപ്പുകളുമാണ്. മുപ്പത് കൊല്ലം മുമ്പ് ഇല്ലാതിരുന്ന പല രോഗങ്ങളും ഇന്ന് കാണാം. ഇനി പുതുതായി എന്തെല്ലാം രോഗങ്ങള്‍ വരുമെന്ന് കാത്തിരുന്നു കാണാം. നിങ്ങളുടെ മക്കള്‍ക്കും അവരുടെ അടുത്ത തലമുറയ്ക്കും വേണ്ടി നിങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടത് അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്കണമെന്നതാണ്. അതിനു വേണ്ടി ചെയ്യേണ്ടത് പ്രകൃതിയെ സ്നേഹിക്കുക. വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുക, ശുദ്ധജലം പരമാവധി സംരക്ഷിക്കുക. വിഷമയമല്ലാത്ത ഭക്ഷണം ഭക്ഷിക്കുവാന്‍ അവസരം ഉണ്ടാക്കുക. കൃത്യമായി മാലിന്യ സംസ്കരണം ചെയ്യുക. നിങ്ങള്‍ ചെറുതായി എന്തെങ്കിലും കൃഷി ചെയ്താല്‍ ചെറിയ തോതിലെങ്കിലും നിങ്ങള്‍ക്ക് മാലിന്യ സംസ്കരണത്തില്‍ പങ്കാളികളാവാം. സ്രോതസ്സില്‍ തന്നെ സംസ്കരണം നടത്താം. വരും തലമുറയ്ക്ക് അത് പ്രായോഗികമായി കാണിച്ചു കൊടുക്കാം.

നമ്മുടെ നാടിനെ കച്ചവടത്തിനായി “ദൈവത്തിന്‍റെ സ്വന്തം നാട്” എന്ന് കൊട്ടിഘോഷിച്ചാല്‍ മാത്രം മതിയോ? ശരിക്കും നമ്മുടെ നാടിനെ നമുക്ക് ദൈവത്തിന്‍റെ സ്വന്തം നാടാക്കി മാറ്റേണ്ടേ. ദൈവത്തിനു നമ്മളില്‍ നിന്നും ഒന്നും ആവശ്യമില്ല. ദൈവം കനിഞ്ഞു നല്‍കിയ പ്രകൃതിയെ നശിപ്പിക്കാതെ മനുഷ്യ സമൂഹത്തിനും മറ്റു ജീവജാലങ്ങള്‍ക്ക് കൂടി പ്രയോജ നപ്പെടുത്തുന്ന രീതിയിലായിരിക്കണം നമ്മുടെ ഇനിയുള്ള ഓരോ ചുവടുകളും.

അഡ്വ. ശിവകുമാർ മേനോൻ

4 thoughts on “എല്ലാ ദിവസവും എല്ലാ മനുഷ്യരും ആചരിക്കേണ്ടതും അനുഷ്ടിക്കേണ്ടതുമായ ഒന്നാണ് പരിസ്ഥിതി സംരക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *