ഗവർണര്‍ വിസി നിയമന നടപടികൾ ആരംഭിക്കുന്നു

തിരുവനന്തപുരം: സ്ഥിരം വിസിമാരില്ലാത്ത സർവ്വകലാശാലകളിലെ വിസി നിയമന നടപടികളുമായി ഗവർണര്‍ മുന്നോട്ട്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും.

വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. 9 സർവ്വകലാശാലാ രജിസ്ട്രാർമാർക്കാണ് ഗവർണര്‍ കത്ത് നൽകുക. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാകുക.

സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചിരുന്നു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും പക്ഷെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ​ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.

ഓര്‍ഡിനന്‍സ് ഒപ്പിടുന്നില്ലെന്ന ആരോപണത്തിലും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഓർഡിനന്‍സ് ഒപ്പിടുന്നില്ല എന്ന ചില വാർത്ത കേട്ടു. അത് ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓർഡിനൻസ് ആണെങ്കില്‍ മുഖ്യമന്ത്രി രാജ് ഭവനിൽ എത്തി വിശദീകരിക്കട്ടെ. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *