[slick_weather]
27
May 2018

“യെസ് വീ ഡിഡ്, എല്ലാവർക്കും നന്ദി”…. കണ്ണീരോടെ ഒബാമ വിട പറഞ്ഞു

ഷിക്കാഗോ : നീണ്ട എട്ടു വർഷത്തെ ഭരണത്തിനിടയിലെ നിരാശകൾ തുറന്നു
സമ്മതിച്ചും രാജ്യത്തിൻറെ ശോഭനമായ ഭാവിക്ക് ഊർജസ്വലമായ പ്രോത്സാഹനം
വാഗ്ദാനം ചെയ്തും വികാരനിർഭരനായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ വിട
ചൊല്ലി. ” യെസ് വീ ഡിഡ്, എല്ലാവർക്കും നന്ദി,” എന്നു പറഞ്ഞു എല്ലാവരോടും
അവസാനമായി വിറ്റ ചൊല്ലിയപ്പോൾ, “യെസ്, വീ ക്യാൻ” എന്നു പറഞ്ഞു

അധികാരമേറ്റ ഒബാമ കണ്ണീരൊപ്പാൻ പാടുപെട്ടു.
പത്തു ദിവസം കൂടി കഴിഞ്ഞാൽ ഈ കറുത്തു മെലിഞ്ഞ മനുഷ്യന്റെ സ്ഥാനത്തു
വെളുത്തു തടിച്ച ഡൊണാൾഡ് ട്രംപിനെ കാണണമല്ലോ എന്നോർത്തപ്പോൾ ജനം കൂക്കി
വിളിച്ചു. ” നോ, നോ, നോ, നോ, നോ,” അവരെ വിലക്കിയ ഒബാമ, ഒരു പ്രസിഡന്റിൽ
നിന്നു മറ്റൊരു പ്രസിഡന്റിലേക്കുള്ള സമാധാനപരമായ അധികാരക്കൈമാറ്റമാണ്
രാജ്യത്തിൻറെ മഹത്തായ കരുത്തുകളിൽ ഒന്ന് എന്ന് അവരെ ഓർമിപ്പിച്ചു.
ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിനിടയിൽ തന്റെ പിൻഗാമിയായ
റിപ്പബ്ലിക്കൻ ഡോണൾഡ് ട്രമ്പിനേപ്പറ്റി ഒരക്ഷരം പോലും ഒബാമ പറഞ്ഞില്ല.
അധികാരക്കൈമാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലും ആയിരക്കണക്കിനു ജനങ്ങൾ
ആർത്തു വിളിച്ചു : ” നാലു വർഷം കൂടി.” ചെറു ചിരിയോടെ ഒബാമ മറുപടി നൽകി :
“എനിക്കതിനു പറ്റില്ല.”
തൻറെ ഭാര്യ മിഷേലിനും കൗമാരക്കാരായ പുത്രിമാർ മാലിയയ്ക്കും സാഷയ്ക്കും
കൃതജ്ഞതയർപ്പിച്ചപ്പോൾ വികാരം അടക്കാനാവാതെ ഒബാമ കണ്ണീരൊപ്പി. ” മിഷേൽ ലാ
വോൺ റോബിൻസൺ, തെക്കൻ നാട്ടിൽ നിന്നുള്ള പെൺകുട്ടി, കഴിഞ്ഞ 25 വർഷമായി, നീ
എന്റെ ഭാര്യയും കുട്ടികളുടെ അമ്മയും മാത്രമല്ല, നീ എന്റെ ഏറ്റവും നല്ല
സുഹൃത്തു കൂടിയാണ്,” കറുത്ത ഗൗണണിഞ്ഞു തന്നോടൊപ്പം നിന്ന ഫസ്റ്റ് ലേഡിയെ
നോക്കി ഒബാമ പറഞ്ഞു.
” നീ ചോദിക്കാതെ കിട്ടിയ റോൾ, നീ നിൻറെ സ്വതസിദ്ധമായ ശൈലിയിൽ,
പ്രസാദാത്മകമായും ശോഭയോടും മനോദാർഢ്യത്തോടും നർമം തുളുമ്പുന്ന രീതിയിലും
ഭംഗിയാക്കി,” ഇതു പറഞ്ഞു മിഷേലിനെ നോക്കി ഒബാമ കൈലേസെടുത്തു
കണ്ണീരൊപ്പിയപ്പോൾ 18,000 വരുന്ന ജനക്കൂട്ടം വന്യമായി ആർത്തു വിളിച്ചു.
” ന്യൂ ജനറേഷൻ ഉയരങ്ങൾ ലക്ഷ്യം വയ്ക്കുന്നതിനു കാരണം അവരുടെ റോൾ മോഡൽ നീ
ആയതു കൊണ്ടാണ്. നീ എന്നെ മതിപ്പുള്ളവനും അഭിമാനമുള്ളവനുമാക്കി. നീ
രാജ്യത്തെ അഭിമാനപൂരിതമാക്കി.”

ഇവിടെ ഷിക്കാഗോയിലാണ് ഒബാമമാർ ആദ്യമായി കണ്ടുമുട്ടിയത്. ഇവിടെയാണ് അവരുടെ
പുത്രിമാർ ജനിച്ചത്. തന്റെ വിടവാങ്ങൽ പ്രസംഗത്തിനു മുമ്പ് ഒബാമ
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതു പോലെ, ” മിഷേലിനേയും എന്നെയും
സംബന്ധിച്ചിടത്തോളം ഷിക്കാഗോയിലാണ് എല്ലാത്തിന്റെയും തുടക്കം.”
തന്റെ പിതാവിന്റെ വിടവാങ്ങൽ പ്രസംഗം കേൾക്കാൻ മാതാവിനൊപ്പം
പതിനെട്ടുകാരിയായ പുത്രി മാലിയ ഉണ്ടായിരുന്നു. അതേ സമയം, മാലിയയുടെ
സഹോദരിയായ പതിനഞ്ചുകാരി സാഷയുടെ അസാന്നിധ്യം ശ്രദ്ധേയമായി. സോഷ്യൽ
മീഡിയയിൽ ഇതു ചർച്ചയാവുകയും ചെയ്തു. രാവിലെ നടക്കാനിരിക്കുന്ന സ്കൂൾ
പരീക്ഷയ്ക്കു തയാറെടുക്കാൻ സാഷ തലസ്ഥാനമായ വാഷിംഗ്ടണിൽ തങ്ങുകയായിരുന്നു
എന്ന് വൈറ്റ് ഹൗസ് വക്താവ് വിശദീകരിച്ചു.
പക്ഷേ, ഒബാമ രണ്ടു പെൺകുട്ടികളെയും അഭിസംബോധന ചെയ്തു പറഞ്ഞു : ” വൈറ്റ്
ഹൗസിലെ എട്ടു വർഷത്തെ ജീവിതത്തിൽ രണ്ടു വിസ്മയകരമായ
ചെറുപ്പക്കാരികളായിരുന്നു നിങ്ങൾ. ഞാൻ എന്റെ ജീവിതത്തിൽ
ചെയ്തിട്ടുള്ളതിലെല്ലാം വച്ച്, നിങ്ങളുടെ പിതാവായതിൽ ഞാൻ ഏറ്റവും അഭിമാനം
കൊള്ളുന്നു.
നിങ്ങൾ സ്മാർട്ട് ആണ്. സുന്ദരിമാരാണ്. പക്ഷേ, അതിലൊക്കെ
പ്രധാനമായി, നിങ്ങൾ കരുണ നിറഞ്ഞവരും ചിന്തിക്കുന്നവരുമാണ്. നിങ്ങളിൽ
അത്യുത്സാഹവും അഭിനിവേശവും നിറഞ്ഞു നിൽക്കുന്നു.” ഒബാമയുടെ ഈ വാക്കുകൾ
കേട്ട് മാലിയ അമ്മയുടെ തോളിൽ തല ചായ്ച്ച് കണ്ണീർ പൊഴിച്ചു.
തന്റെ കുടുംബത്തേപ്പറ്റി ഇത്രയും പറഞ്ഞ ശേഷം അമ്പത്തഞ്ചുകാരനായ
പ്രസിഡന്റ് തന്റെ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ നേർക്കു തിരിഞ്ഞു. ജോയേയും
ഭാര്യ ജില്ലിനെയും തങ്ങളുടെ രണ്ടാം കുടുംബമായി ഒബാമ വിശേഷിപ്പിച്ചപ്പോൾ
ജനക്കൂട്ടം എഴുന്നേറ്റു നിന്ന് ആർത്തു വിളിച്ചു.
” ഒരു നോമിനി എന്ന
നിലയിൽ നിങ്ങളായിരുന്നു എന്റെ ആദ്യ തീരുമാനം. അതായിരുന്നു ഏറ്റവും നല്ല
തീരുമാനവും. നിങ്ങൾ ഒരു മഹാനായ വൈസ് പ്രസിഡന്റ് ആയതു മാത്രമല്ല കാരണം.
നിങ്ങളിലൂടെ എനിക്ക് ഒരു സഹോദരനെക്കൂടി ലഭിച്ചു.”
പ്രസംഗത്തിനു ശേഷം ഒബാമ കുടുംബം വേദിയിൽ ഒന്നിച്ചു കെട്ടിപ്പുണർന്നു.
ഒബാമയുടെ പഴയ പ്രസംഗങ്ങൾ എല്ലാം, പ്രത്യേകിച്ച്, 2004 ഡെമോക്രാറ്റിക്‌
ദേശീയ കൺവെൻഷൻ പ്രസംഗം, 2008 -ൽ ന്യൂ ഹാംഷയർ പ്രൈമറിയിൽ ഹിലരി
ക്ലിന്റനോടു തോറ്റ ശേഷമുള്ള പ്രസംഗം, തുടങ്ങിയവയെല്ലാം അരിച്ചു പെറുക്കി
പ്രചോദനമുൾക്കൊണ്ടാണ് പ്രസിഡന്റിന്റെ പ്രസംഗം എഴുത്തുകാർ വിടവാങ്ങൽ
പ്രസംഗം തയാറാക്കിയത്.
വാഷിംഗ്ടണിൽ തിരിച്ചെത്തിയാൽ കഷ്ടിച്ചു പത്തു ദിവസത്തിനകം ഒബാമാർ വൈറ്റ്
ഹൗസ് വിട്ടൊഴിയും. പത്തു നാൾ കഴിഞ്ഞാൽ ഡോണൾഡ്‌ ട്രംപിനൊപ്പം
പ്രസിഡന്റിന്റെ കറുത്ത ലിമോസിനിൽ ക്യാപിറ്റോളിലേക്കു പുതിയ
പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്കായി യാത്ര. അതു കഴിഞ്ഞാൽ, കഴിഞ്ഞ ഒരു
ദശാബ്ദക്കാലം ലോകശ്രദ്ധയിൽ തിളങ്ങി നിന്ന ഒബാമ വെറുമൊരു പൗരനായി മാറും.
അമ്പത്തഞ്ചാം വയസിൽ മുതിർന്ന പൗരനാകുന്ന മുൻ പ്രസിഡന്റ്. തത്കാലം
അവധിക്കാല വിശ്രമത്തിലാകും ഒബാമ. അതു കഴിഞ്ഞാൽ ഒരു പുസ്തകം എഴുതും
പിന്നെ, ഡെമോക്രാറ്റിക്‌ പ്രചാരണങ്ങളിൽ മുഴുകും. ഗുഡ്‌ബൈ ഒബാമ.