[slick_weather]
01
September 2018

എന്താണ് വേദാന്തം ? എന്താണ് വേദാന്തത്തിന്റെ പ്രയോജനം.

-സനൽ തേവന്നൂർ.

വേദാന്തമെന്ന ഉപനിഷത്ത് ചതുർവേദങ്ങളുടെ അന്ത്യഭാഗത്താണ് പ്രായേണ അവതരിപ്പിച്ചിട്ടുളളത് എന്നതിനാൽ അവയെ വേദാന്തമെന്ന് വാഗർത്ഥത്തിൽ വിളിക്കുന്നു. ഉപരിയർത്ഥത്തിൽ വേദാന്തമെന്നാൽ അറിവുകളുടെ അറ്റമായത് (അറിവുകളിൽ ആത്യന്തികമായത്)എന്നാണ്.
………….. എന്താണത് ?

നാമറിയുന്ന, പ്രപഞ്ചത്തിലെ നാനാപ്രകാരത്തിലുളള അറിവുകളെ യാതൊരു ബോധത്താലാണോ അറിയുന്നത് ആ ബോധസ്വരൂപത്തെയാണ് ആത്യന്തിക അറിവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആത്മബോധം എന്നതാണ് വേദാന്തത്തിന്റെ ലക്ഷ്യാർത്ഥതലം.

എന്താണ് വേദാന്തം കോണ്ടുളള പ്രയോജനം ?

നാമാരാണ്? നാം ജീവിക്കുന്ന ലോകമെന്താണ് ? നമ്മേയും ലോകത്തേയും ചേർത്തു നിർത്തുന്ന ശക്തിവിശേഷമെന്താണ്? ആത്യന്തികമായി, ഒരാത്മാന്വേഷകന്റെ ഇത്തരം സന്ദേഹങ്ങൾ സ്വാനുഭവത്താൽ നിവർത്തിച്ച്,ആത്യന്തികശാന്തിയിൽ,ആനന്ദവാനായി ജിവിക്കാനുളള മാർഗ്ഗമരുളുന്നു, വേദാന്തം.

അപ്പോൾ ആത്മാന്വേഷകന് മാത്രമേ വേദാന്തം പ്രയോജനമാകുന്നുള്ളോ? അല്ല, നമ്മുടെ വളർന്നു വരുന്ന തലമുറ തീർത്തും സ്വത്വബോധമാർന്നവരായിരിക്കണം. വിവേകശാലികളായിരിക്കണം.അതിനാൽഗീതോപനിഷത്തുകൾ,വിശ്വാസാധിഷ്ഠിതമായിട്ടല്ലാതെ,താത്വികമായിത്തന്നെ അവരെ ശീലിപ്പിക്കേണ്ടതുണ്ട്.

ഓരോ വ്യക്തിയും അവന്റെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് അവൻ ജിവിക്കുന്ന ലോകത്തിന്റെ സ്വഭാവഗതിയെ അപേക്ഷിച്ചാണ്.വന്നുപോകുന്ന അനേകം വ്യക്തികളോടും ,സംഭവങ്ങളോടും സമ്പർക്കപ്പെടുമ്പോൾ നേരിടേണ്ട അനുകൂലവും പ്രതികൂലവുമായ അവസ്ഥകളെ തന്മയത്തത്തോടെ സമീപിക്കാൻ പ്രാപ്തമാക്കുന്നത് അവനേയും അവന്റെ ചുറ്റുപാടിനേയും കുറിച്ചുളള അവബോധമാണ്. യുക്തിഭദ്രമായി ഒരു സംഭവത്തെ സമീപിക്കാനുള്ള വിചാരശേഷി വേദാന്തം സമ്മാനിക്കുന്നു.

ആത്മന്വേഷകൻ സാധനാമാർഗ്ഗമായി വേദാന്തത്തെ(ഉപനിഷത്തിനെ) സമീപിക്കുമ്പോൾ, ശാരീരികവും, മാനസികവും,ആത്മീയവുമായ ആഴമാർന്ന അപഗ്രഥനത്താൽ ആത്യന്തികമായി ശരിയെന്നു ധരിച്ചിരുന്ന പലതും പരമാർത്ഥമല്ലെന്നു ബോധ്യമാകുകയും ദു:ഖഹേതുക്കളായ തെറ്റിദ്ധാരണകൾ കൊഴിഞ്ഞുപോകുകയും ചെയ്യും.
ഒരു മനശാസ്ത്ര വിശാരദൻ സൈദ്ധാന്തികമായി യുക്തിപൂർവ്വം മനസിനെ അപഗ്രഥിച്ച് വൈഷമ്യങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുമ്പോൾ, ഒരു അദ്വൈത വിജ്ഞാനി അദ്ദേഹത്തിന്റെ ആത്മാന്വേഷണ ഘട്ടത്തിൽ തന്നെ ,തന്റെതന്നെ മനസിന്റെ വിവിധ തലങ്ങളിലേക്കാഴ്ന്നിറങ്ങി, മനസിനെ സ്വാധീനിക്കുന്ന ഓരോ പ്രകൃതങ്ങളേയും അടുത്തറിഞ്ഞ്,വൈരുദ്ധ്യങ്ങളെ പരിഹരിക്കുകയും, അതിന്റെ വെളിച്ചത്തിൽ സമൂഹനന്മക്കായി അവയെ വിളംബരം ചെയ്യുകയും ചെയ്യും.
ഇവിടെയാണ് ഭാരതീയ ആത്മീയശാസ്ത്രമുപയോഗിക്കുന്ന ദൈവപദത്തിന്റെ ലക്ഷ്യാർത്ഥമായ(ആന്തരിക അർത്ഥം) പ്രപഞ്ചകാരണമായ ബ്രഹ്മത്തെ വെളിപ്പെടുത്തി അവ താൻതന്നെയാണെന്ന് ഒരു വ്യക്തിയെ അവബോധപ്പെടുത്തി,ആത്യന്തികമായി ദു:ഖനിവൃത്തി നടത്തി, അദ്വൈതാനുഭവിയാക്കുന്ന വേദാന്തത്തിന്റെ പരമപ്രസക്തി.

( NB.വേദാന്ത സംബന്ധിയായ ഒരു ലഘു വിവരണം മാത്രമാണിത്.)