[slick_weather]
27
May 2018

ആലുവ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മലിനജല സംസ്കരണ ശാലയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആം ആദ്മി പാർട്ടി

കൊച്ചി:ആലുവ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മലിനജല സംസ്കരണ ശാലയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആം ആദ്മി പാർട്ടി .നഗരത്തിലെ പാർപ്പിട സമുച്ചയങ്ങളുടെയും ഹോസ്പിറ്റലും, കമ്പനികളുടെയുമടക്കം മലിനജലം സംസ്കരിക്കേണ്ട പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് ഏകദേശം ഒരുവർഷമായി. ഇക്കാലയളവിൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും വരുന്ന മലിനജലം ഒട്ടും സംസ്കരിക്കാതെ തന്നെ ആലുവാപ്പുഴയിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും വരുന്ന രാസ ജൈവമാലിന്യങ്ങൾ അടക്കം ആലുവാപ്പുഴയിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നവും ജലമലിനീകരണവും സൃഷ്ടിക്കുന്നുണ്ട്. കൂടാതെ സമീപനഗരമായ വിശാല കൊച്ചി യുടെ കുടിവെള്ള പദ്ധതിയായ പെരിയാറ്റിലേക്ക് ആണ് ഇത് ഒഴുകിയെത്തുന്നത്. ഇത് 35 ലക്ഷത്തോളം വരുന്ന നഗരവാസികളെയും സമീപജില്ലക്കാരുടേയും ആരോഗ്യത്തെ ആണ് ഇത് നേരിട്ട് ബാധിക്കുന്നത്.

മലിനജല സംസ്കരണ പ്ലാന്റ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി ചാലക്കുടി മണ്ഡലത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ സത്യാഗ്രഹം ആലുവ മലിനജല സംസ്കരണ പ്ലാന്റിന് മുന്നിൽ ഇന്ന് രാവിലെ പത്തുമണിക്ക് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പെരിയാർ സംരക്ഷണ സമിതി അംഗവുമായ പുരുഷൻ ഏലൂർ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ, ചാലക്കുടി മണ്ഡലം നിരീക്ഷകൻ വിനോദ്കുമാർ, എറണാകുളം മണ്ഡലം നിരീക്ഷകൻ ഷക്കീർ അലി, സഹീർ, ഷംസു ടി കെ എന്നിവർ പ്രസംഗിച്ചു.