[slick_weather]
18
July 2018

പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച ഇടതു എംഎൽഎയായ പിവി അന്‍വറിനെ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം :VM Sudheeran demands removal of Left MLA PV Anwar from environmental committee of kerala assembly due to  environmental violationsവേലി തന്നെ വിളവു തിന്നുന്നുയെന്നതിനു ഒന്നാന്തരം തെളിവാണ് പി വി അൻവറും ,അദ്ദേഹത്തിന്റെ വാട്ടർ തീം പാർക്കും ,പരിസ്ഥിതി ലംഘനവും ,നിയമസഭയിൽ അദ്ദേഹം വഹിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി കമ്മിറ്റിയംഗമെന്ന പദവിയും .ഒടുവിൽ പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഇടതു എംഎൽഎയായ പിവി അന്‍വറിനെ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന്മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്‍ സ്പീക്കർക്ക് കത്ത് നൽകി . സുധീരന്‍ സ്പീക്കര്‍ക്ക് നൽകിയ കത്തിന്റെ പൂര്‍ണ രൂപംചുവടെ:

പ്രിയപ്പെട്ട സ്പീക്കര്‍

കേരളനിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ അംഗമായ പി.വി.അന്‍വര്‍ എം.എല്‍.എ അതിഗുരുതരമായ നിലയില്‍ പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ തെളിവുസഹിതം മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്.പരിസ്ഥിതി സമിതിയിലെ ഒരംഗം തന്നെ പരിസ്ഥിതി നിയമങ്ങളെ കാറ്റില്‍പറത്തി മുന്നോട്ട് പോകുന്ന അസാധാരണ സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാണിച്ച് പി.വി. അന്‍വറിനെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് 6.12.2017ല്‍ കത്തുനല്‍കിയത് ഓര്‍ക്കുമല്ലോ.

എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഇതേവരെ സ്വീകരിച്ചതായി കാണുന്നില്ല.
പരിസ്ഥിതി നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ചുകൊണ്ടിരിക്കുന്ന ഒരു നിയമസഭാ സാമാജികനെ തന്നെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ അംഗമായി തുടരാന്‍ അനുവദിക്കുന്നത് നമ്മുടെ നിയമസഭയുടെ അന്തസ്സിന് തന്നെ കോട്ടംതട്ടുന്ന കാര്യമാണ്.

അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിച്ച് പി.വി. അന്‍വറിനെ പരിസ്ഥിതി സമിതിയില്‍ നിന്നും നീക്കം ചെയ്യുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.

സ്‌നേഹാദരപൂര്‍വ്വം. വി. എം. സുധീരന്‍.