[slick_weather]
31
August 2018

ത്വരിതാന്വേഷണ വിജിലൻസ് കോമഡികൾ;എറണാകുളം ജില്ലയിൽ എടയാർ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ശ്രീശക്തി കമ്പനിക്ക് പ്രവർത്തനാനുമതി‌ നൽകിയതിലെ അഴിമതിയെക്കുറിച്ച്‌ അനേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത് ; വിജിലൻസ് കോടതിയിൽ നൽകിയത് ഇടമലയാറും ;പന്നിക്കാട്ടവും കൂർക്കയും തിരിച്ചറിയാൻ പറ്റാത്ത ഇൻസ്പെക്ടർമാർ

അഡ്വക്കേറ്റ് അഷ്‌കർ ഖാദർ

കൊച്ചി:അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ (VACB) ഓഫീസിലേക്ക് അഴിമതി സംബന്ധിച്ച്‌‌ നാം നേരിട്ട് പരാതി നൽകിയാൽ അതിന്മേൽ അന്വേഷ‌ണം‌ നടത്തുന്ന കീഴ്വഴക്കം സ്രാവുകൾക്കൊപ്പം നീന്തിയ ജേക്കബ് തോമസ് ഡയറക്ടറായിരുന്നപ്പോൾ മാത്രമേ കണ്ടിട്ടുള്ളു. പരിസ്ഥിതിരംഗത്തെ അഴിമതിയിൽ വിജിലൻസ് ഇടപെടണമെന്ന് വളരെ പ്രൊ ആക്ടീവായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതും അദ്ദേഹമാണു. അതൊന്നും വെള്ളം പിടിച്ചിരുന്നില്ല എന്നതു വേറെ കാര്യം.
വിജിലൻസിനു‌ നേരിട്ട് പരാതിനൽകുക എന്ന വഴിപാട് ഉപേക്ഷിച്ച് അന്വേഷണത്തിനു വിജിലൻസ് കോടതിയെ സമീപിക്കുന്നു. പ്രഥമദൃഷ്ട്യാ പരാതിയിൽ നിന്ന് അഴിമതി നിരോധന നിയമ പ്രകാരമുള്ള ‌കുറ്റകൃത്യത്തിന്റെ ഘടകങ്ങൾ നിരീക്ഷിച്ചാൽ കോടതി ത്വരിതാന്വേഷണത്തിനു ഉത്തരവിടുന്നു.
ഓരോ ത്വരിതാന്വേഷണ ഉത്തരവുകളും വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അവരുടെ ചൂണ്ടയിലേക്ക് സ്രാവുകളെ മാത്രമല്ല നത്തോലിയെയും ആകർഷിച്ചടുപ്പിക്കുന്ന ഇരയാണു. QV ഓർഡർ ചൂണ്ടയിൽ കൊരുത്തി പ്രതികളുടെ നേർക്ക് ചൂണ്ടയൊരു വീശലാണു, പിന്നെ വിലപേശലാണു. ഡീലുറപ്പിക്കലാണു.

ഡീലുറപ്പിച്ചാൽ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് ത്വരിതാന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നു. കേസ് കൊടുത്ത വാദി ഒബ്ജക്ഷനും‌ മറ്റുമായി കോടതിവരാന്ത നിരങ്ങൽ ശിക്ഷയേറ്റു വാങ്ങുന്നു.

ഇനി ഡീൽ തെറ്റിയാലോ ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നു. തുടർന്ന് എറിയുന്നത് ആയിരം ചൂണ്ടയാണു. അവിടെ കനത്ത വില കൊടുത്താലേ ചൂണ്ടയിൽ കുരുങ്ങാതെ‌ രക്ഷപ്പെടുകയുള്ളു. ഈ ഘട്ടത്തിലും പ്രതികൾക്ക് സെറ്റിൽ ചെയ്യാൻ ഓപ്ഷനുണ്ട്. പക്ഷെ മോചനദ്രവ്യം കൂടും.

പിന്നെ‌ ചില കൂട്ടം തെറ്റിയ കുഞ്ഞാടുകൾ വിജിലൻസിലുമുണ്ടാവുമല്ലോ അപ്പോഴാണു കേസെടുത്ത വാർത്തകൾ‌ വരുന്നത്.‌ പിന്നെ ഡീൽ ധാരണയാവാതെ തെറ്റിപ്പോകുമ്പോഴും.ഇപ്പോ അന്വേഷണ ഉദ്യോഗസ്ഥർ ദ്രുത പരിശോധനാ റിപ്പോർട് കോടതിയിൽ ഫയൽ ചെയ്യുന്നതിനു മുമ്പ് ഡയറക്ടർ വെറ്റ് ചെയ്യണം. പുതിയ ഡയറക്ടറുടെ തിട്ടൂരമങ്ങനെയാണു.

സംസ്ഥാന പോലീസിനെ‌ ഭരിക്കുന്ന ഏമാൻ തന്നെയാണു വിജിലൻസ് ഡയറക്ടരും. മൂപ്പർക്ക് എല്ലാ അഴിമതിയും തന്റെ സർവൈലൻസ് ക്യാമറയിലൂടെ സ്കാൻ ചെയ്തുവിടണമെന്ന വാശി കൊണ്ട് ത്വരിതാന്വേഷണം കഴിഞ്ഞാലും റിപ്പോർട് കോടതിയിലെത്താൻ 6 മാസം മുതൽ ഒരു വർഷത്തോളം നീളാം. വാദി റിപ്പോർടിനായ് കോടതിയിൽ കയറിയിറങ്ങി മനം മടുത്തും വക്കീലുണ്ടെങ്കിൽ വക്കീലിനു ഫീസു കൊടുത്തും ഇനിയീ പള്ളിയിലെ നേർച്ചയ്ക്കും വഴിപാടിനും താനില്ല എന്ന് ശപഥം ചെയ്ത് കളമൊഴിയും. അതിലൊന്നും തളരാത്ത അറിയാത്ത പിള്ളമാർ ചൊറിയുമ്പോൾ അറിയും ഇത്രയും പറഞ്ഞത് പൊതുവിലുള്ള ഒരനുഭവകഥ.
“ആകയാലൊറ്റയൊറ്റയിൽ കാണു
മാകുലികളെ പാടിടും വീണേ കുതുകമോടാലപിച്ചാലും
ഏക ത്വരിതാന്വേഷണ ഗാനം” എന്നാണല്ലോ.
എന്നാൽ ഇനി ഒരു പ്രത്യേകാനുഭവ കഥ പറയാം. ഞാനാണേ, കഥയിലല്പം പരിസ്ഥിതി കാണുമതു കൊണ്ടാരും‌ മുഷിയരുതേ. ജലസംരക്ഷണ‌ നിയമത്തിലെയും വായുസംരക്ഷണ നിയമത്തിലെയും 18(1)(b) വകുപ്പു പ്രകാരം കേന്ദ്ര മലിനീകരണ‌ ബോർഡ് പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും പാലിക്കുന്നതിനു സംസ്ഥാന ബോർഡ് ബാധ്യസ്ഥരാണു. അതിനു വീഴ്ച വരുത്തുന്നത് ഒരു ക്രിമിനൽ കുറ്റവുമാണു.

എറണാകുളം ജില്ലയിലെ എടയാർ വ്യവസായ മേഖലയിൽ പെരിയാറിന്റെ തീരത്ത് പ്രവർത്തിച്ചിരുന്നതും മലിനീകരണ നിയന്ത്രണ സംവിധാനമില്ലാത്തതിന്റെ പേരിൽ 2016 ജൂലൈയിൽ പൂട്ടിപ്പോകേണ്ടി വന്നതുമായ ഒരു പേപ്പർ നിർമാണ വ്യവസായമാണു ശ്രീശക്തി പേപർ മിൽ ലിമിറ്റഡ്. ടി കമ്പനി അനുസ്യൂത വായു നിർഗ്ഗമന, ജലബഹിർഗ്ഗമന മോണിടറിങ് സംവിധാനങ്ങളുമൊരുക്കാത്തതിനാൽ 30.06.2015നു ശേഷം കമ്പനിയുടെ പ്രവർത്തനാനുമതി പിൻവലിക്കണമെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ‌ബോർഡ് സംസ്ഥാന ബോർഡ് ചെയർമാൻ ശ്രീ സജീവനു നിർദ്ദേശം നൽകി. സ്റ്റേറ്റ് ബോർഡ് സചിവോത്തമൻ പ്രവർത്തനാനുമതി പിൻവലിച്ചില്ലെന്നു മാത്രമല്ല, അനുമതി വീണ്ടു പുതുക്കി നൽകി.

അങ്ങനെ നിയമവിരുദ്ധമായി പ്രവർത്തനം നടത്തി കമ്പനിക്ക് അനർഹമായ നേട്ടമുണ്ടാക്കുന്നതിനു നിയമലംഘനം നടത്തിയ ബോർഡ് ചെയർമാന്റെ പ്രവൃത്തി അഴിമതി നിരോധന നിയമത്തിന്റെ 13 വകുപ്പിൽപെടുന്ന കുറ്റകൃത്യമാണു. ഈ കുറ്റകൃത്യം രേഖകൾ കൊണ്ട് തെളിയുന്നതാണു.
മൂവാറ്റുപുഴ വിജിലൻസ്‌ കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവായി. ത്വരിത പരിശോധനയിൽ പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട് കോടതിയിൽ. റിപ്പോർട് വായിച്ചപ്പോഴല്ലേ ഭൂലോക കോമഡി.

അന്വേഷണം ആവശ്യപ്പെട്ടത് എറണാകുളം ജില്ലയിൽ എടയാർ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ശ്രീശക്തി കമ്പനിക്ക് പ്രവർത്തനാനുമതി‌ നൽകിയ അഴിമതിയിലാണെങ്കിൽ, കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ ൽ പരാമർശിച്ചിരിക്കുന്നതോ ഇടുക്കി ജില്ലയിൽ ഇടമലയാറിൽ പ്രവർത്തിക്കുന്ന ശ്രീശക്തി കമ്പനിയെ ക്കുറിച്ച്. അന്വേഷണത്തിലെ മനസാന്നിധ്യമെത്രയുണ്ടെന്ന് പിടികിട്ടിയല്ലോ.
പന്നിക്കാട്ടവും കൂർക്കയും തിരിച്ചറിയാൻ പറ്റാത്ത ഇൻസ്പെക്ടർമാർ! എടയാറും ഇടമലയാറും വേർതിരിച്ചറിയാനവാത്ത കാര്യക്ഷമത. കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴേക്കും വിജിലൻസ്‌‌ ഭാഗം നാറ്റിക്കരുത് റിപ്പോർട് പരണത്തു വെച്ചേക്ക് ഞങ്ങൾ എസ്‌.പി ലവലിൽ വീണ്ടും ത്വരിതാന്വേഷണം നടത്താമെന്നായി. എസ്‌.പി ത്വരിതനടിച്ച് ഡയറക്ടർക്ക് അയച്ചിട്ടു ഒരു വർഷത്തോളമായി റിപ്പോർട് ഇപ്പോഴും കോടതിയിലെത്തിയിട്ടില്ല.കുറുന്തോട്ടിക്ക് വാതം പിടിക്കുന്ന കാലത്ത് ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും