[slick_weather]
31
October 2018

പതിവുതെറ്റിക്കാതെ നീലക്കുറിഞ്ഞിക്ക് വട്ടവടക്കാർ ഇത്തവണയും പൂജ ചെയ്തു; മലയാണ്ടവരുടെ ആഹാരമാണ് കുറിഞ്ഞിയെന്നാണ് വട്ടവടക്കാരുടെ വിശ്വാസം.

മൂന്നാർ: നീലക്കുറിഞ്ഞി പൂത്താൽ മലനിരകളിൽ കൂടി നടക്കുന്നതിന് വട്ടവടയിലെ നാട്ടുകാർ ചെരുപ്പുപയോഗിക്കില്ല. ഇലയും പൂക്കളുമൊന്നും കളിയായി പോലും നശിപ്പിക്കില്ല.പൂജ്യ,ദൈവിക പരിവേഷമാണ് നീലക്കുറിഞ്ഞിക്ക് ഇവർ കൽപിച്ചുനൽകിയിട്ടുള്ളത്.അതുകൊണ്ട് പതിവുതെറ്റിക്കാതെ ആദരപൂർവ്വം നീലക്കുറിഞ്ഞിക്ക് വട്ടവടക്കാർ പൂജ ചെയ്യുന്നു;സംരക്ഷണമൊരുക്കുന്നു.
കൃഷിയുടെ ദൈവമായ മലയാണ്ടവരുടെ ആഹാരമാണ് കുറിഞ്ഞിയെന്നാണ് വട്ടവടക്കാരുടെ വിശ്വാസം. നീലക്കുറിഞ്ഞി പൂത്തു തുടങ്ങിയതോടെയാണ് ഗ്രാമ തലവന്മാരുടെ നേതൃത്വത്തിൽ പൂജ തുടങ്ങിയത്. വട്ടവടയിലെ കൃഷികളുടെ കാവൽ ദൈവമെന്നാണ് മലയാണ്ടവരെക്കുറിച്ചുളള ഗ്രാമീണരുടെ വിശ്വാസം. നീലക്കുറിഞ്ഞിയുടെ അരി മലയാണ്ടവരുടെ ഭക്ഷണമാണെന്നും.

ദൈവിക പരിവേഷത്തോടെ കാണുന്ന നീലക്കുറിഞ്ഞി പൂത്താൽ മലനിരകളിൽ കൂടി നഗ്‌നപാദരായാണ് ഇവിടുത്തുകാർ നടക്കുക. ഇലയും പൂക്കളുമൊന്നും നശിപ്പിക്കുകയോ കടിച്ചുനോക്കുക പോലുമോ ചെയ്യില്ല. പകരം പൂക്കൾ കൊഴിഞ്ഞ് മലയാണ്ടവരുടെ ഭക്ഷണമായ അരി ഉതിരുന്നതുവരെ കാത്തുസൂക്ഷിക്കും. ഇത്തവണയും പ്രത്യേക പൂജകൾ നടത്തി പൊങ്കലും സമർപ്പിച്ചു.

പിന്നാലെ കുറിഞ്ഞി പൂത്ത കോവിലൂർ കുറ്റത്തിമലയ്ക്ക് കാവലായി ആറ് പേരെ നിയോഗിക്കുകയും ചെയ്‌തു.കുറിഞ്ഞി നശിച്ചാൽ പ്രദേശത്തെ കൃഷി മാത്രമല്ല എല്ലാം നശിക്കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.അതുകൊണ്ടു തന്നെ മറ്റെവിടുത്തെക്കാളും എക്കാലവും നീലക്കുറിഞ്ഞി സംരക്ഷിക്കപ്പെടുന്ന പ്രദേശവുമാണ് വട്ടവട.