നോബല്‍ സമ്മാന ജേതാവ് വി എസ് നയ്പാള്‍ അന്തരിച്ചു

ലണ്ടന്‍:നോബല്‍ സമ്മാന ജേതാവ് വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. വിദ്യാധര്‍ സൂരജ്പ്രസാദ് നയ്പാള്‍ എന്നാണ് പൂര്‍ണനാമം. ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1932 ഓഗസ്ത് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ ചനുഗാസിലാണ് ജനനം.

മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മൂന്നാം ലോക ജീവിതത്തിന്റെ ദുരന്തങ്ങളാണ് നയ്‌പോളിന്റെ നോവലുകളുടേയും യാത്രാ വിവരണങ്ങളുടേയും ഉള്ളടക്കം. എ ബെന്‍സ് ഇന്‍ ദ റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്. 1957ല്‍ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചു.

2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 1971ല്‍ ഇന്‍ ഫ്രീ സ്റ്റേറ്റ് എന്ന നോവലിലൂടെ അദ്ദേഹം ബുക്കര്‍ സമ്മാനം നേടി. മോഡേണ്‍ ലൈബ്രറി പുറത്തിറക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ കൂട്ടത്തില്‍ 83ാം സ്ഥാനവും ഇന്‍ എ ഫ്രീ സ്റ്റേറ്റിന് ലഭിച്ചു.

1990ല്‍ ബ്രിട്ടണില്‍ എലിസബത്ത് 2 രാജ്ഞി നയ്പാളിനെ സര്‍ പദവി നല്‍കി ആദരിച്ചു. പാകിസ്ഥാനിലെ മുന്‍ മാദ്ധ്യമ പ്രവര്‍ത്തക നാദിറയാണ് ഭാര്യ.