[slick_weather]
27
May 2018

ശബരിമല ഉണ്ണിയപ്പപ്ലാന്റ് പൂട്ടാനുള്ള തീരുമാനത്തിനു പിന്നിൽ നിഗൂഢ താല്പര്യം:മന്ത്രി

സന്നിധാനം:ഗുണനിലവാരത്തിന്റെ പേരിൽ ശബരിമലയിലെ ഉണ്ണിയപ്പപ്ലാന്റ് പൂട്ടാനുള്ള തീരുമാനം അനുചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ . തീർഥാടകർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി കഴുകി വൃത്തിയാക്കിയാണ് വർഷങ്ങളായി ഉണ്ണിയപ്പം ഉണ്ടാക്കുന്നത്.ഭക്തർ ഉപേക്ഷിച്ചു പോകുന്നതോ മണ്ണും മാലിന്യവും കലർന്നതോ ആയ അരിയല്ലത് . അതിന്റെ വൃത്തിയും പരിശുദ്ധിയും സംബന്ധിച്ച് തർക്കങ്ങളും ഉണ്ടായിട്ടില്ല .അരിയിൽ ഒരു തരത്തിലും മാലിന്യം കടന്നുകൂടാതിരിക്കാനുള്ള മുൻകരുതലുകളും ദേവസ്വം ബോർഡ് സ്വീകരിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ 2013 ലെ കോടതിഉത്തരവിന്റെ പേരിൽ ഉണ്ണിയപ്പപ്ലാന്റ് പൂട്ടാനുള്ള തീരുമാനത്തിനു പിന്നിൽ നിഗൂഢ താല്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനം:ഉണ്ണിയപ്പം ഉൾപ്പടെയുള്ള പ്രസാദം തയ്യാറാക്കുമ്പോൾ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട് .200 ഡിഗ്രി സെൽഷ്യസിൽ നെയ് തിളപ്പിച്ചു ശാസ്ത്രീയമായാണ് അപ്പം ഉണ്ടാക്കുന്നത് .അതുകൊണ്ടുതന്നെ ഇതിന്റെ നിർമ്മാണം തടസ്സപ്പെടുത്തുന്നത് മനപ്പൂർവ്വമാണ് .ഭക്തജനത്തിരക്കുള്ള മകരവിളക്ക് കാലത്തുതന്നെ ഇത്തരമൊരു നടപടി എടുത്തത് ദുരുപദിഷ്ടമാണെന്നും കടകംപള്ളി പറഞ്ഞു .

അപ്പത്തിന്റെ നിർമ്മാണം തടസപ്പെടുത്തിയ നടപടി ഭക്ത ലക്ഷങ്ങളുടെ വികാരം കണക്കിലെടുത്ത് ഉടൻ പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തെ മറ്റേതൊരു മികച്ച തീർഥാടന കേന്ദ്രത്തിലും ലഭ്യമാകുന്നത് പോലെ മെച്ചപ്പെട്ട സൗകര്യമാണ് ശബരിമലയിലും ഉള്ളത് .അതിനെ മന :പൂർവ്വം അവഹേളിക്കാൻ നടത്തുന്ന ശ്രമമായി മാത്രമേ ഇപ്പോൾ പ്ലാന്റ് പൂട്ടിയ നടപടിയെ കാണാൻ സാധിക്കൂവെന്നും ദേവസ്വം മന്ത്രി പറഞ്ഞു
ശബരിമല പ്രസാദത്തിന്റെ പേരില്‍ ഓണ്‍‌ലൈന്‍ തട്ടിപ്പ്. ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് പ്രസാദം എത്തിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. പ്രസാദ വിതരണത്തിനായി ദേവസ്വം ബോര്‍ഡ് ഒരു ഏജന്‍സിയേയും അധികാരപ്പെടുത്തിയിട്ടില്ല.

ബുക്ക് മൈ ദര്‍ശന്‍ എന്ന പേരിലുള്ള ഏജന്‍സിയാണ് തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രസാദ കിറ്റിന്റെ വില 639 രൂപയാണ്. രണ്ട് ടിന്‍ അരവണ, അയ്യപ്പന്റെ ഒരു ഛായാചിത്രം, അഭിഷേകം ചെയ്ത നെയ്യ്, നാല് കങ്കണങ്ങള്‍ എന്നിവയാണ് കിറ്റിലുള്ളത്. പാക്കിങ്, പോസ്റ്റല്‍ ചാര്‍ജ് ഉള്‍പ്പടെയാണ് 639 രൂപ. കഴിഞ്ഞ വര്‍ഷം ഇതേരീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഇതര സംസ്ഥാന ഏജന്‍സിയെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയിരുന്നു.

നിലവില്‍ പ്രസാദ വിതരണത്തിന്റെ ചുമതല സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന് മാത്രമാണ്. ദേവസ്വം ബോര്‍ഡ് ഓണ്‍‌ലൈന്‍ വഴി പ്രസാദവിതരണം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. കെല്‍‌ട്രോണിനെ ചുമതല ഏല്‍പ്പിക്കാനായിരുന്നു തീരുമാനം.

375 രൂപയ്ക്കും 220 രൂപയുടെയും കിറ്റുകള്‍ സന്നിധാനത്ത് വിതരണം ചെയ്യുന്നുണ്ട്.
അവധിപ്രഖ്യാപിച്ചു

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ മെമ്പര്‍ സരസ്വതി കുഞ്ഞുകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ എല്ലാ ഓഫീസുകള്‍ക്കും ജനുവരി 4 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

അനുശോചിച്ചു

ഒരു പതിറ്റാണ്ട് ദേവസ്വംബോര്‍ഡ് അംഗമായി സേവനം അനുഷ്ഠിച്ച സരസ്വതി കുഞ്ഞുകൃഷ്ണന്റെ നിര്യാണത്തിൽ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡ് മെമ്പര്‍മാരായ അജയ് തറയില്‍, കെ രാഘവന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.