അജ്ഞാത പ്രാണി ആക്രമണത്തില്‍ നിരവധി പേര്‍ ചികിത്സയില്‍

കോഴിക്കോട്: അജ്ഞാത പ്രാണി ആക്രമണത്തില്‍ നിരവധി പേര്‍ ചികിത്സയില്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മലയോര മേഖലയിലാണ് സംഭവം. കുത്തിയ പ്രാണി ഏതാണെന്ന് അറിയില്ല. വേദനയും നീരും വരുന്നത് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ്. ഇത്തരത്തിലുള്ള പ്രശ്‌നവുമായി വിഷമിക്കുകയാണ് ചെറുപുഴ നിവാസികള്‍. പ്രായമേറിയവരും കുട്ടികളുമുള്‍പ്പടെ നിരവധി ആളുകളാണ് പ്രാണിയുടെ കുത്തേറ്റത് മൂലം ചികിത്സ തേടിയത്.

ചെറുപുഴ പഞ്ചായത്തിലെ ചെറുപുഴ, പ്രാപ്പൊയില്‍, രാജഗിരി, കാസര്‍കോട് ജില്ലയില്‍ ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ തയ്യേനി, കുളിനീര്‍, നല്ലോമ്ബുഴ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള 200ല്‍ അധികം ആളുകള്‍ക്കാണ് അജ്ഞാത പ്രാണിയുടെ കുത്തേറ്റത്. കൈയിലും കാലിലുമാണ് ഇവ കൂടുതലായി കുത്തുന്നത്. കുത്തുന്ന സമയത്ത് വേദനയില്ലാത്തതിനാല്‍ ശ്രദ്ധയില്‍പ്പെടില്ല.

കുത്തേറ്റ് രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്കും വേദനയും ചൊറിച്ചിലുമുണ്ടായിരുന്നതായാണ് വിവരം. ഇതോടെ കുത്തേറ്റവര്‍ ഓടക്കൊല്ലിയിലെ വിഷചികിത്സകനായ കുറ്റിയാനി തറപ്പേല്‍ ബേബിയെ സമീപിച്ച്‌ ചികിത്സ തേടി. രണ്ടു മൂന്നു ദിവസത്തെ ചികിത്സ വേണം വേദനയും നീരും മാറാന്‍. കഴിഞ്ഞ വര്‍ഷവും നിരവധിയാളുകള്‍ ചികിത്സ തേടിയതായി ബേബി പറയുന്നു.

പ്രാണി കുത്തിയ പാടൊന്നും ശരീരത്ത് കാണാനില്ല. എന്നാല്‍ നീരും വേദനയും ചൊറിച്ചിലും കൂടുതലാണ്. സോപ്പ് ഉപയോഗിച്ചാല്‍ ചൊറിച്ചില്‍ കൂടുമെന്നും അദ്ദേഹം പറയുന്നു. കടന്നല്‍ കുത്തിയതിനാലാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നതെന്ന് പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. അഭിലാഷ് പറയുന്നു. ചില കടന്നലുകള്‍ കുത്തിയാല്‍ വേദന അനുഭവപ്പെടാറില്ല. ആക്രമണമുണ്ടായ പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ കടന്നലിന്റെ കൂട് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ തേനീച്ച, കടന്നല്‍ തുടങ്ങിയവയുടെ കുത്തേറ്റാല്‍ കഠിനമായ വേദന അനുഭവപ്പെടുമെന്നാണ് ആളുകള്‍ പറയുന്നത്.