[slick_weather]
31
August 2018

നമുക്ക് ഊഞ്ഞാപ്പാറയിലേക്കൊന്ന് പോയാലോ

ശങ്കർ തേവന്നൂർ

കൊച്ചി:ജില്ലയിലെ കോതമം​ഗലത്തുനിന്നും തട്ടേക്കാട് റൂട്ടിൽ 5 കി.മി സഞ്ചരിച്ചാൽ മലയാളി കുളി ഒരാഘോഷമാക്കിയ ഊഞ്ഞാപ്പാറയിലെത്താം. കോതമംഗലം ടൌണില്‍ നിന്നും 7കി മീറ്ററേയുള്ളൂ ഊ‍ഞ്ഞാപ്പാറയിലേക്ക്.

ഡിസ്കൗണ്ടും, ഒാഫറുകളും തപ്പി നടക്കുന്ന മലയാളികളുടെ മുൻപിലേക്കാണ് പെട്ടെന്നൊരു ദിവസം ഊഞ്ഞാപ്പാറ കടന്നു വന്നത്. ഫെയ്സ്ബുക്കും, വാട്സാപ്പും ആകെ ഊ‍ഞ്ഞാപ്പാറ മയം.‌ ന്യൂ ജനറേഷനും, ഒാൾ‌ഡ് ജനറേഷനും എന്നുവേണ്ട എല്ലാ തലമുറയിൽപെട്ടവരും ഇവിടെ വെള്ളത്തിൽ കുത്തിമറിയാനെത്തുന്നു. വെള്ളവും, വള്ളവും എന്നും ആഘോഷമാക്കിയ മലയാളിയുടെ വിനോദസഞ്ചാര പട്ടികയിൽ കുറഞ്ഞനാൾകൊണ്ട് ഊഞ്ഞാപ്പാറ തീർത്തത് വിസ്മയകരമായ നേട്ടമാണ്.

ദിവസവും ഇവിടെ കുളിക്കാനെത്തുന്നവർ ആയിരങ്ങളാണ്. ഇതിൽ കുട്ടികളും, മുതിർന്നവരും എല്ലാം ഉൾപ്പെടും. തട്ടെകാടും , ഭൂതത്താന്‍കെട്ടും , ഇടമലയാറു൦ എല്ലാമുള്ള നമ്മുടെ ആ കോതമം​ഗലം തന്നെയാണിത് മക്കളേ……

പുഴയിലോ, ഡാമിലോ മക്കളെ വിടാൻ പേടിയുള്ള എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളെ കണ്ണുമടച്ച് ഊഞ്ഞാപ്പാറയിലേക്ക് അയക്കുന്നു. ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്നും വെള്ളം കൊണ്ടു പോകുന്ന ജലസേചന വകുപ്പിന്റെ ചെറിയ കനാലാണ് ഇത്. ഒന്നും രണ്ടുമല്ല മുന്നൂറ് മീറ്ററുള്ള ഈ കനാലിന്ന് മലയാളികളുടെ ഫേവറേറ്റ് ഇടങ്ങളിലൊന്നാണ്. ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് ശരിക്കുമിത്. കാസർ​ഗോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിൽ നിന്നെല്ലാം വണ്ടിയേറിയും, വണ്ടിയോടിച്ചും മലയാളികളെത്തുന്നു. താരതമ്യേന ചെറുപ്പക്കാരാണ് ഇവിടെ എത്തുന്നവരിൽ അധികവും.

സുരക്ഷിതമാണെന്നത് തന്നെയാണ് ഊഞ്ഞാപ്പാറയിലെ കനാലിലെ കുളിയെ ഇത്രമാത്രം പ്രശസ്തമാക്കുന്നത്. കൂടാതെ ഒരു രൂപ ചിലവില്ല, എത്രനേരം വേണമെങ്കിലും സമീപത്തുള്ള പാടത്തും ചേറിലും‌, ചെളിയിലും പുരണ്ട് നടക്കാം. കനാലിൽ നിന്നാരും എണീപ്പിച്ച് വിടില്ല, പാസെടുക്കണ്ട ചുരുക്കി പറ‍ഞ്ഞാൽ ഊ‍ഞ്ഞാപ്പാറ ഏറെ പ്രാധാന്യത്തോടെ ആളുകൾ എടുക്കുന്നതിനു പിന്നിലെ കാര്യം പൈസ ചിലവില്ലാതെ ടൺകണക്കിന് ഫൺ ഇവിടം സമ്മാനിക്കുന്നതുകൊണ്ടാണ്.

പൊതുവെ മനോഹരമായ ഊഞ്ഞാപ്പാറ ചാറ്റൽ മഴയിലും. കുളിരിലും സഞ്ചാരികളെ കൊതിപ്പിക്കുന്നു. കോരിച്ചൊരിയുന്ന മഴയിലും നീന്തിത്തുടിക്കാൻ ഇവിടെ എത്തുന്നവർക്കൊരു കയ്യും കണക്കുമില്ല. പലദേശത്ത് നിന്നെത്തുന്നവർ കനാലിലൂടെ നീന്തി തുടിച്ച് അവസാനം പ്രിയപ്പെട്ട കൂട്ടുകാരായി പിരിയുന്ന കാഴ്ച്ചയും ഇവിടെ സ്വാഭാവികമാണ്.

നാട്ടു വിശേഷങ്ങളും, വീട്ടുവിശേഷങ്ങളും പറഞ്ഞ് ഊഞ്ഞാപ്പാറയുടെ സൗന്ദര്യത്തിൽ കനാലിലൂടെ നീന്തി തുടിക്കുന്നവരേറെയും ഇവിടെ നിന്നു പോയാലും വീണ്ടും വരാൻ കൊതിക്കുന്നവരാണ്. പച്ചപ്പാർന്ന ചുറ്റുപാടും , സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രമെന്ന ഖ്യാതിയും ഊഞ്ഞാപ്പാറയെ യാത്രയെ സ്നേഹിക്കുന്നവരുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ ഒന്നാമതാക്കുന്നു.

കമുകിൻ തോപ്പ് തണൽപാകുന്ന, പച്ച വിരിച്ച പാടത്തിന്റെ ഭം​ഗിയും ഒരു സിനിമ പോലെ നമ്മെ മാടിവിളിക്കും. കഴുത്തൊപ്പം നിറഞ്ഞ വെള്ളത്തിലൂടെ നീന്തി തുടിച്ച് വരാലിനെ പോലെ തെന്നിത്തുടിക്കുന്ന ആളുകളുടെ എണ്ണം മാത്രം മതി ഇവിടം എത്രമേൽ ആസ്വാദ്യകരമാണെന്ന്. ഇഞ്ചത്തൊട്ടി തൂക്കുപാലവും , ആവശ്യത്തിന് സെൽഫിയുമൊക്കെ എടുത്ത് തിരികെ പോകുന്ന വഴി കീരം പാറയെന്ന സ്ഥലത്ത് നല്ല ഉ​ഗ്രൻ ഏഷ്യാഡും കിട്ടുന്ന കടയുണ്ട്. അപ്പോ എങ്ങനാ ? അടുത്ത ട്രിപ്പ് ഊഞ്ഞാപ്പാറക്കല്ലേ…