മനം മയക്കുന്ന നെല്ലിയാമ്പതി

പ്രസാദ് നാരായണൻ

ആകാശ നീലിമയെ കൈയ്യെത്തിപിടിക്കാൻ വെമ്പുന്ന വൻമരങ്ങൾ , കോടമഞ്ഞിൽ പുതച്ച മലനിരകൾ , ഈ മലയോടും കാടിനോടും കലപില പറഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും . എത്ര കണ്ടാലും മതിവരാത്ത ഒരു കാനനസുന്ദരിയാണ് പ്രകൃതി സൗന്ദര്യം കനിഞ്ഞുനല്കിയ നെല്ലിയാമ്പതി. ബ്രിട്ടീഷ്കാരുടെ കാലം മുതൽ ഈ മലനിരകൾ തേടി യാത്രികര്‍ വരുന്നത് ഈ വശ്യസൗന്ദര്യം നുകരനാണ് .പ്രകൃതിയുടെ വരദാനങ്ങളായ മലനിരകളും ,വെള്ളച്ചാട്ടവും ,പുൽമേടും ,കാനനഭംഗിയും ,ചായത്തോട്ടങ്ങളും അടങ്ങിയ ഒരു സമ്പൂർണമായ ഒരു കാഴ്ചാനുഭവമാണ് സമുദ്രനിരപ്പിൽനിന്നും 4000 അടി ഉയരത്തിലുള്ള പാലക്കാടുജില്ലയിലെ ഈ നെല്ലിയാമ്പതി മലനിരകള്‍ .

പ്രസാദ് നാരായണൻ

ഉത്സവങ്ങൾക്ക് പേരുകേട്ട നെന്മാറയാണ് നെല്ലിയാമ്പതിയോടു അടുത്തുള്ള പട്ടണം .പാലക്കാടു നിന്നും 25 കിലോമീറ്ററും, തൃശൂരുനിന്നും 48 കിലോമീറ്ററുമാണ് നെന്മാറയിലേക്കുള്ള ദൂരം .നെന്മാറയിൽനിന്നും നെല്ലിയാമ്പതിയിലേക്കു 30 കിലോമീറ്റർ ദൂരമുണ്ട് .നെന്മാറ നിന്നും നെല്ലിയാമ്പതിയിലേക്കുള്ള യാത്ര വഴിയോരകാഴ്ചകളാൽ അതിമനോഹരമാണ് .പശ്ചിമഘട്ടമലനിരകളുടെ സൗന്ദര്യവും അവക്ക് മീതേ വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും നമുക്ക് നൽകുന്നത് കുളിരു പകരുന്ന ഒരു ദൃശ്യം തന്നെയാണ് .നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ ഏഴു കിലോമീറ്റര് പിന്നിട്ടാൽ ആദ്യമെത്തുക പോത്തുണ്ടി ഡാമിലാണ് .

പോത്തുണ്ടി ഡാം

വളരെ വശ്യമായൊരു കാഴ്ചാനുഭവമാണ് പോത്തുണ്ടി ഡാം നമുക്ക് നൽകുന്നത് . ചിറ്റൂർ താലൂക്കിലെ ജലസേചനത്തിനായി നിർമ്മിച്ച ഈ ഡാം, ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മണ്ണുകൊണ്ട് നിർമിച്ച ഡാമുകളിൽ ഒന്നാണ്. .മലനിരകളുടെ മടിത്തട്ടിലെ മനോഹരമായ കാഴ്ചയാണ് പോത്തുണ്ടി . .ഡാമിനോടനുബന്ധമായി ഒരു ഗാർഡനും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട് . ഡാമിന്റെ മുകൾത്തട്ടിൽ കാടിന്റെ ഭംഗിയും , ഡാമിന്റെ സൗന്ദര്യവും ആസ്വദിക്കുന്നതിനുള്ള ഒരു വ്യൂ പോയിന്റ് ഒരുക്കിയിട്ടുണ്ട് .

പോത്തുണ്ടി പിന്നിട്ടാൽ നെല്ലിയാമ്പതിയിലേക്കു 23 കിലോമീറ്റര് ദൂരം കാടിനുള്ളിലൂടെയുള്ള യാത്രയാണ് . കാനന യാത്ര തുടങ്ങുന്ന സ്ഥലത്തു ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ നമുക്ക് കാനന പാതയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ നിർദ്ദേശം നൽകും .രാത്രിയാത്ര നിരോധിച്ചിട്ടുള്ള മേഖലയാണ് നെല്ലിയാമ്പതി വനമേഖല . ഇവിടെനിന്നുള്ള യാത്രയിൽ നമ്മെ വിസ്മയിപ്പിക്കുന്നതു വലുതും ചെറുതുമായ ഒട്ടനവധി വെള്ളച്ചാട്ടങ്ങളാണ് .മലമടക്കുകളുടെ മുകളിൽ നിന്നും ഉത്ഭവിക്കുന്ന നീർച്ചാലുകൾ താഴെത്തട്ടിലേക്കു എത്തുമ്പോൾ മനോഹരമായ വെള്ളച്ചാട്ടമായി മാറുന്നു.കുണ്ടൂർ ചോലയിലെയും ,മരപ്പാലത്തുമുള്ള വെള്ളച്ചാട്ടങ്ങൾ സെൽഫി പ്രിയരായ സഞ്ചാരികക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ വഴിയിൽ പതിനാലാം മൈലിലും ,ചെറുനെല്ലിയിലും കാടിന്റെ ഭംഗി ആസ്വദിക്കാനുള്ള വ്യൂ പോയിന്റ്കൾ ഉണ്ട് .

നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ ആദ്യമെത്തുക കൈകാട്ടിയെന്ന ഒരു ചെറിയ ജംഗ്ഷനിലാണ് .അവിടെയാണ് നെല്ലിയാമ്പതി ഫോറെസ്റ്റ് സ്റ്റേഷനും ,ഫോറെസ്റ്റിന്റെ ഇൻസ്‌പെക്ഷൻ ബംഗ്ലാവും സ്ഥിതി ചെയ്യുന്നത് .തൊട്ടടുത്തുള്ള പുലയൻപാറയാണ് നെല്ലിയാമ്പതിയിലെ ചെറുടൗൺ.
നെല്ലിയാമ്പതിയിൽ നമ്മെ കാത്തിരിക്കുന്നത് മഞ്ഞിൽപൊതിഞ്ഞ അതിമനോഹരമായ കാലാവസ്ഥയാണ് . ഒരു കാലത്തു നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങൾക്കു വളരെ പ്രസിദ്ധമായിരുന്നു .ബ്രിട്ടീഷ് ഭരണകാലത്തു ബക്കിങ്ഹാം പാലസിലേക്കു ഇവിടെ നിന്ന് ഓറഞ്ച് കൊണ്ടുപോയിരുന്നു .എന്നാൽ ഇന്ന് സർക്കാർ ഓറഞ്ച് ഫാമിൽ കൃഷി ചെയ്യുന്നത് പാഷൻ ഫ്രൂട്ടാണ് .

സീതാര്‍കുണ്ട്

നെല്ലിയാംപതിയുടെ നെറുകയിലൂടെ യാത്രചെയ്യുമ്പോൾ നമ്മെ ഏറെ ആകർഷിക്കുന്ന ഒരിടമാണ് സീതാര്‍കുണ്ട് . വനവാസകാലത്തു സീത കുളിച്ച കുളമാണ് ഇതെന്നാണ് വിശ്വാസം .സീതാർ കുണ്ടിനു സമീപം ഇപ്പോഴും ഒരു ചെരിയകുളവും, അമ്പലവും ഉണ്ട് . സീതാർകുണ്ടിൽ നിന്നുള്ള കാഴ്ച ഏവരെയും അതിശയിപ്പിക്കുന്ന ഒന്നാണ് . ഇവിടെ നിന്നു നോക്കുമ്പോൾ കാണുന്ന കൊല്ലങ്കോട് ദേശത്തിന്റെയും ,മീങ്കരഡാമിന്റെയും ആകാശ ദൃശ്യം കുട്ടികളെയും ,മുതിർന്നവരെയും ഒരുപോലെ വിസ്മയിപ്പിക്കും . സീതാർകുണ്ടിലെ കാട്ടുപാത അവസാനിക്കുന്ന സ്ഥലത്തുള്ള തെന്മല വെള്ളച്ചാട്ടവും അത് ചെന്ന് പതിക്കുന്ന അഗാധതയും അത്ഭുതത്തോടുകൂടി മാത്രമേ കണ്ടുനിൽക്കാനാകൂ .

കേശവൻ പാറ

നെല്ലിയാമ്പതിയിലെ മറ്റൊരു കാഴ്ച അനുഭവമാണ് കേശവൻപാറ .ഫാക്ടറിപ്പടിക്കൽ നിന്നും കാടിനുള്ളിലൂടെ ഒരുകിലോമീറ്റർ നടന്നുവേണം കേശവൻപാറയിലെത്താൻ ,ഇടവിട്ട് ഇടവിട്ട് കോടമഞ്ഞു പെയ്തിറങ്ങുന്ന കേശവൻ പാറയിൽ നിന്നു നോക്കിയാൽ കുരിശു മലയും , മാട്ടുമലയും ,പോത്തുണ്ടി ഡാമും കാണാം . ഈ മലകൾ വരയാടുകളുടെയും ,കാട്ടുപോത്തിന്റെയും വിഹാരകേന്ദ്രങ്ങളാണ് .
കാരപ്പാറ വെള്ളച്ചാട്ടം

നെല്ലിയാമ്പതിയിൽ നിന്നും വിക്ടോറിയ ബ്ലോക്കിലൂടെ നൂറടിപ്പാലം വഴി കാരപ്പാറയിലേക്കുള്ള യാത്ര അതീവ ഹൃദ്യമായ ഒന്നാണ് .വഴിയിലുടനീളം സിംഹവാലൻ കുരങ്ങിനെയും ,കാട്ടുപോത്തിനേയും കാണാനാകും .നൂറടിപ്പാലം കഴിഞ്ഞു കരപ്പാറയിൽ എത്തിയാൽ നെല്ലിയാമ്പതിയിലെ വെള്ളച്ചാട്ടങ്ങളുടെ രാജകുമാരി എന്ന് വിശേഷിപ്പിക്കാവുന്ന കാരപ്പാറ വെള്ളച്ചാട്ടം കാണാനാകും .കലമാനുകളുടെ വിഹാര കേന്ദ്രം കൂടിയാണ് കാരപ്പാറ വെള്ളച്ചാട്ടം ഉൾപ്പെടുന്ന റിസേർവ് ഫോറെസ്റ്റ് .

നെല്ലിയാമ്പതിയിലെ പുലയൻപറയും ,പലകപ്പാണ്ടിയും ,ചന്ദ്രമലയും എല്ലാം വിവിധങ്ങളായ തേയില തോട്ടങ്ങൾ ഉൾപ്പെടുന്ന കുന്നുകളാണ് .ഈ സ്റ്റേറ്റുകളിൽ എല്ലാം തന്നെ ഫാം ടൂറിസത്തിനു പ്രാധാന്യം നൽകുന്നു .ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് നെല്ലിയാമ്പതിയിലെ ഗ്രീൻലാൻഡ് ഫാം ടൂറിസ്റ്റു വില്ലജ് .600 ഏക്കറുകളിലായി കിടക്കുന്ന ഗ്രീൻ ലാൻഡിൽ വിവിധയിനം പക്ഷികൾ ,പശു ,വിവിധയിനം ആട് ,എമു എന്നിവ സ്വാഭാവികമായ കാടിന്റെ അന്തിരീക്ഷത്തിൽ വളരുന്നു . നിത്യേനെ ഒട്ടനവധി സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാൻ എത്തുന്നത് .വിനോദ സഞ്ചാരികളുടെ മനംകവരുന്ന തരത്തിലുള്ള കൊളോണിയൽ കാലത്തുള്ള ബംഗ്ലാവുകളിൽ താമസസൗകര്യവും ഇവിടെയുണ്ട് . സാഹസികത ഇഷ്ടപ്പെടുന്നവർക്കായി കാരശൂരിയിലെയും ,മിന്നാമ്പാറയിലെയും ജീപ്പിലുള്ള ഓഫ്‌റോഡ് ഡ്രൈവിനും അവസരമുണ്ട് . അതിനായി പരിശീലനം സിദ്ധിച്ച ഡ്രൈവര്മാരുള്ള ജീപ്പുകൾ വാടകക്ക് ലഭ്യമാണ് .

ഇങ്ങനെ ഒട്ടനവധി ആകർഷകങ്ങളായ കാഴ്ചഅനുഭവങ്ങളാണ് നെല്ലിയാമ്പതി വിനോദ സഞ്ചാരികൾക്കു നൽകുന്നത് .എന്നാൽ ഞങ്ങളെ യാത്രയിൽ സഹായിച്ച ഫോറസ്റ്റർ ഭദ്രകുമാറിൻറെ വാക്കുകളിൽ നെല്ലിയാമ്പതി നൽകുന്നത് സുരക്ഷിതവും ,ആരോഗ്യകരവുമായ ഒരു യാത്ര അനുഭവമാണ്എന്നതാണ് . ഇവിടുത്തെ കാറ്റുപോലും ഉന്മേഷം തരുന്ന ഒന്നാണ് .അതുകൊണ്ട് മാത്രമാണ് ഇവിടെ വരുന്നവർ വീണ്ടും ഇവിടെ വരുന്നതും ,ഈ സന്തോഷം നുകരുന്നതും. കേരളത്തിലെ ഏറ്റവും ആകർഷകമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി . എല്ലാ കാലാവസ്ഥയിലും സന്ദർശിക്കാവുന്ന ഒരു സ്ഥലമാണെങ്കിലും ,ആഗസ്ത് മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് അതീവ ഹൃദ്യം