[slick_weather]
01
September 2018

ഹിമവൽ തൃപ്പാദങ്ങളിൽ …..( യാത്ര )

ഡോ . റാണി ബിനോയ് , പറവൂർ

വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഒരുചോദ്യോത്തരമായിരുന്നു ഹിമാലയം , വളർച്ചയുടെ പടവുകളിലൂടെ കയറിയപ്പോൾ ജിജ്ഞാസയും അത്ഭുതവും. അറിവുകളും കൂടിക്കലർന്ന സമസ്യയായി വളരുകയായിരുന്നു ഹിമാലയം . മഞ്ഞുപുതഞ്ഞുകിടക്കുന്ന സാനുക്കളിൽ നിന്നും അരുവിയായും പുഴയായും സിന്ധുവും ,ഗംഗയും ,യമുനയും താഴെ സമതലങ്ങളിലേക്ക് ഒഴുകിയിറങ്ങിയപ്പോൾ , നദിയുടെ തീരങ്ങളിൽ ചരാചരങ്ങൾ ഹർമ്യങ്ങൾ തീർത്തു നദിതട സംസ്ക്കാരങ്ങൾക്ക് ബീജാവാപങ്ങൾ നൽകി , ഭാരതമെന്ന സംസ്ക്കാരത്തെ ലോകത്തിനുമുന്നിൽ പ്രതിഷ്ഠിച്ചു . നാനാതത്വത്തിൽ ഏകത്വം ഭാരതത്തിൻറെ സാംസ്ക്കാരിക മഹിമയായി ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിഞ്ഞു . ഹിമാലയത്തിൻറെ മടിത്തട്ടിലേക്ക്, പ്രകൃതിയുടെ ജുഗുപ്സയിലേക്കു , വൈവിധ്യങ്ങളുടെ സംഗമ ഭൂവിലേക്ക് ഒരു യാത്ര സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടക്കുകയാണ് ,ഭർത്താവിൻറെയും മകളുടെയും കൈപിടിച്ച് .

സമുദ്രനിരപ്പിൽ നിന്നും ഏഴായിരം മീറ്റർ ഉയരത്തിൽ എവറസ്റ്റ് മുതൽ ചെറുതും വലുതുമായ നിരവധി ഹിമവൽ ശൃംഗങ്ങൾ വരദായിനികളായ നദികളെ തെളിനീരണിയിക്കുകയാണ് , യുഗയുഗാന്തരങ്ങളായി മാനവരാശിയുടെ നിലനില്പിന്റെ രഹസ്യം തന്നെ ഈ മഞ്ഞുമലകളാണ് . ഹിമാചൽ പ്രദേശിലെ ‘ കുളു ‘ജില്ലയിൽ സ്വപ്ന സുന്ദരി ” മണാലി ” തണുത്തുറഞ്ഞു കിടക്കുകയാണ് , സഞ്ചാരികൾക്കായി എത്തുന്നവർക്ക് സമ്മോഹന കാഴ്ചകളുമായി . ‘റോത്താം പാസ്സ് ‘ സഞ്ചാരികൾക്കുവേണ്ടി തുറക്കുന്ന സമയമാണ് ഞങളുടെ യാത്ര . ഡൽഹിയിൽ വിമാനമിറങ്ങി ചണ്ഡിഗട്ടിലേക്ക് ട്രെയിനിൽ യാത്രാചയ്തു . സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ പറഞ്ഞുറപ്പിച്ചപോലെ കമലേഷ് ‘ സൈലോ കാറുമായി , കാത്തുനിക്കുകയായിരുന്നു .

കുണ്ടും കുഴിയും ഹെയർ പിന്നുകളും നിറഞ്ഞുള്ള 270 കിലോ മീറ്റർ യാത്ര , ചിലപ്പോൾ തുരങ്കത്തിലൂടെ , കൂരാകൂരിരുട്ടിലുടെ വണ്ടി ആടിയുലഞ്ഞു ഓടികൊണ്ടിരുന്നു . ‘ മണാലി ‘ക്ക് ഇനി അഞ്ചു കിലോ മീറ്റർ മാത്രം . പെട്ടെന്ന് കുറേ സുന്ദരന്മാരും സുന്ദരികളും കാർ വളഞ്ഞു.’ സർജി , മാഡം ജീ’ ഉപജീവനത്തിനായുള്ള വിളികൾ , അവർ ചുറ്റും കൂടി .പേപ്പർ ഗ്ലാസിൽ തുടുത്ത ചെറി പ്പഴങ്ങ ളും സ്ട്രോബെറികളും ,ഗ്ലാസ് ഒന്നിന് വെറും പത്തുരൂപ മാത്രം. താമസിക്കാനുള്ള ഇടം താരമായതിൻറെ വടക്കുവശത്ത് ‘ ബിയാസ്’ നദിയും ഹിമാലയവുമാണ് . ബാൽക്കണി തുറന്നിട്ടാൽ ബിർച് മരങൾ നിറഞ്ഞ താഴ്വാരവും മഞ്ഞു തൊപ്പിയും മാത്രം . മഞ്ഞണിഞ്ഞ ഹിമവാനെ ഹൃദയത്തിൽ നിറയുന്ന വിധത്തിൽ ജാലകത്തിൻറെ തിരശ്ശീല മാറ്റിയിട്ടാണ് ഉറങ്ങാൻ കിടന്നത് . മഴയുടെ ബഹളം കേട്ടാണ് ചാടി എഴുനേററതു പോലും .കട്ട കട്ടകളായി മഞ്ഞുപാറകൾ ചടപടാന്നങ്ങനെ വീഴുന്നു . ഹെയില് സ്റ്റോം …. പണ്ട് ചെറുതായി വയനാട്ടില് വച്ച് കണ്ടിരുന്നു. പക്ഷെ ഇതു ഭീകരം തന്നെ.

ബിയാസ് നദി കളകളാരവത്തോടെ ചടുലമായി ഒഴുകിക്കൊണ്ടിരുന്നു . മഞ്ഞു കട്ടകള് പോലെ വെളുത്ത വെള്ളാരം കല്ലുകൾ സ്പടികം പോലെ തിളങ്ങി , പുറത്ത് ഐസ് ഉരുകിയ വെള്ളം തളം കെട്ടികിടന്നിരുന്നു .തണുപ്പ് അരിച്ചരിച്ചു കയറി വന്നു . മണാലി സ്വദേശി കാശ്മീരി സിംഗിൻറെ കടയിൽ നിന്ന് ജാകെറ്റും സ്വെറ്ററും വാങ്ങി , മാല് റോഡിലൂടെയുള്ള യാത്രയിൽ മരം കൊണ്ട് മാത്രം നിർമ്മിച്ച മനോഹരമായ ഒരു ക്ഷേത്രം കണ്ടു. കുറേ ഡ്രൈ നട്സ് , ചെറി, ബേബി ബദാം എന്നിവ വാങ്ങി . കുറെ നേരത്തേക്ക് ലക്ഷ്മി ഒന്നും മിണ്ടിയില്ല . ഇറച്ചിയും മീനും അരപ്പ്പുരട്ടി വച്ചിരുന്നു. അവയുട ഗന്ധം സുഖകരമായിരുന്നില്ല . മാല് റോഡില് ഒരു സായിപ്പും മദാമ്മയും ചേർന്ന് സാക്സോ ഫോൺ ശ്രുതി മധുരമായി വായിക്കുന്നുണ്ടായിരുന്നു , ‘ യാനി ‘ സംഗീതത്തിൻറെ ഓർമപ്പെടുത്തൽ പോലെ …. വഴിവക്കിൽ വിൽക്കാൻ വച്ചിരുന്ന ഹിമാലയാൻ ട്രോട്ട് ഫിഷ് കഴിച്ചില്ല എന്ന് ബിനോയ് പരാതി പറയുന്നുണ്ടായിരുന്നു. ഞങ്ങള് ഹോട്ടലി ലേക്ക് തിരിച്ചു പോയി.

ഇന്നിനി എങ്ങോട്ട് ? എന്തായാലും മഞ്ഞു തൊപ്പി അവിടെ തന്നെയുണ്ട്, മണികരൺ , അങ്കോറ റാബ്ബിറ്റ് ഫാം……. ദുർഘടങ്ങളായ മലമ്പാതകൾ ഏറെ പിന്നിട്ടാണ് മണികരണനിൽ എത്തിയത .അവിടെ പാര്വരതീ നദിയിലെ ചൂട് നീരുറവയിൽ ജലം കുമിളകളായി മുകളിലേക്ക് ഉയരുന്നുണ്ടായിരുന്നു . സൾഫറിൻറെ
ചൂടും ഗന്ധവുമുള്ള ഉറവയിൽ മുങ്ങി നിവരുന്ന സഞ്ചാരികൾ , ത്വക്ക് രോഗസംഹാരത്തിന് ഉത്തമം തന്നെ . കോപിഷ്ടയായ ദേവിയുടെ അരിശ മാണ് ചൂടുകുമിള കളായി ഉയരുന്നത് . മണികരണില് സർദാർജിമാരുടെ സ്റ്റുഡിയോവിലെ ഹിമാലയൻ വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോഷൂട്ട് . താഴെ ട്രെക്കിങ്ങിൻറെ കേന്ദ്രമായ കസോൾ താഴ്വര നിറയെ ടെന്റുകൾ നീലാകാശത്തിന് കിഴിൽ വർണകുടകളുടെ മറ്റൊരു പ്രപഞ്ചം തന്നെ , .അവിടെ ചാറ്റൽ മഴയത്ത് കുടയും ചൂടി കുറെ നേരം നടന്നു , അനുഭൂതിയുടെ അസുലഭ നിമിഷങ്ങൾ …..

പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തിയതുപോലെ , കാഴ്ചകളുടെ അനുഭൂതികൾ ഒന്നൊന്നായി മിന്നിമറഞ്ഞുകൊണ്ടിരുന്നു , വഴിയരികിൽ ഹിമാലയൻ വില്ലേജ് ഹോട്ടലിൽ നിന്ന് ട്രോഡ് മീൻ കുട്ടിയുള്ള ഭക്ഷണം രുചികരം തന്നെ . വഴിയരികിൽ നിറയെ ഹിമവൽ സുന്ദരികൾ മുതുകിലെ തൊട്ടിലിൽ തങ്ങളുടെ കുഞ്ഞുങ്ങളുമായി പോകുന്നതുകണ്ടു . ആപ്പിൾ കവിളോടുകൂടിയ കഞ്ഞുകുട്ടികൾ അമ്മമാരുടെ മുതുകിലെ സഞ്ചിയിൽ കിടന്ന് മോണകാട്ടി ഞങളെ നോക്കി പുഞ്ചിരിച്ചു .

മണാലിക്കു തിരിച്ചു പോകുന്ന വഴി കല്ലുകള് ചെത്തി ഓടു പോലെയാക്കി മേല്ക്കൂ ര തിർത്തിരിക്കുന്ന ധാരാളം വീടുകൾ കണ്ടു .മേല്കൂരക്ക് താഴെ ഗ്ലാസ് പാകിയ ജാലകങ്ങളും ആ വീടുകൾക്കുണ്ടായിരുന്നു .മരത്തിലും ഗ്ലാസ്സിലും തീർത്ത ആ വീടുകള് മനോഹരങ്ങളായിരുന്നു . അങ്കോറ ഫാംമിലെത്താൻ അല്പമൊന്നു കറങ്ങിയെങ്കിലും സുന്ദരക്കുട്ടപ്പന്മാരായ മുയലുകളെ കണ്ടപ്പോള് എല്ലാ അലച്ചിലും മറന്നു പോയി . .ജനിച്ചു 2-3 ദിവസമായത് മുതല് പ്രായമായ മുയല് വരെ കൂട്ടത്തിലുണ്ടായിരുന്നു ..മുയല് രോമം ഉപയോഗിച്ചു ബ്ലാങ്കെറ്റു കളും ഷാളുകളും നിർമ്മിക്കുന്ന ഒരു സഹകരണ സ്റ്റോറിൽ നിന്ന് നല്ല ഒരു ബ്ലാങ്കററ് വാങ്ങി. ഫാമിനടുത്തായി ഒഴുകിയിരുന്ന ബിയാസ് നദിയിൽ റഫിറ്റിങ്നിറങ്ങിയവരുടെ ബഹളം കേൾക്കാമായിരുന്നു . നേരം ഇരുട്ടി ഹോട്ടലിലേക്ക് മടങ്ങി . നാളെ മഞ്ഞു വാരാന് പോകാനുള്ളതാണ് .. ഉച്ച തിരിഞ്ഞു ഹിഡിംബ ടെമ്പിളില് പോയി ‘ നാഗരി ‘ ൽ പോകമെന്നൊക്കെ പറഞ്ഞെങ്കിലും പോയത് ഹിഡിംബ ടെമ്പിള് ലേക്കാണ് . നാഗർ മണാലിയില് നിന്ന് 3 0 km ദൂരെയാണ് . ക്ഷേത്രത്തിൻറെ അടുത്തുള്ള വൃക്ഷങ്ങൾക്കിടയിൽ ഊതിയാൽ പറക്കുന്ന പൂവിനു പുറകെ അല്പം നേരം ലക്ഷ്മി നടന്നു .

‘റോതം പാസ്സിൽ മഞ്ഞുവരാൻ വന്നിട്ട് അത് നടക്കില്ലായെന്നറിഞ്ഞപ്പോൾ ലക്ഷ്മിയ്ക്ക് വല്ലാതെ വിഷമമായി , തണുത്തുറഞ്ഞു കിടക്കുന്ന അവിടേയ്ക്കു പ്രത്യകം ഡ്രസ്സുവേണം , അത് വാടകയ്ക്ക് കൊടുക്കുന്നവർ സമരമായാൽ മലയാളി അവൻറെ വഴി കണ്ടെത്തും , ബിനോയുടെ ഐഡിയ , ഒന്നിന് മുകളിൽ ഒന്നന്നൊന്നായി ഡ്രസ്സുകളണിഞ്ഞു ഞങ്ങൾ റെഡിയായി റോതം പാസ്സിലേക്ക് വണ്ടി വിട്ടു . കൊച്ചു കൊച്ചു ഹെയർപിൻ വളവുകളുള്ള വീതികുറഞ്ഞ റോഡ് , മണാലി യിൽ നിന്ന് റോതം പാസ്സിലെക്ക് 5 8 km ദൂരം ,’ഗുലാബ’യിലെതും പൊഴേയ്ക്കും മഞ്ഞിൻ കണികകൾ കണ്ടു തുടങ്ങും . 3 0 km അകലെയുള്ള ‘ മർഹി ‘ ആണ് ആദ്യത്തെ സ്നോ പോയിന്റ് . അവിടം വരെ പോയാലും മതി മഞ്ഞുവരാൻ കഴിയും ഗുലബയിലെതിയപ്പോള് നെഞ്ചിനാകെ ഒരു വിങ്ങല്. പുറത്ത് മഞ്ഞു വീണു കിടക്കുന്ന മലഞ്ച രിവുകൾ .

മർഹി എത്താറായി വെണ്ണക്കല്ലുകൽകൊണ്ടുണ്ടാക്കിയ പാറക്കെട്ടുകൾ ഇരുവശവും കാണാം . ഇടയ്കിടെ റോഡിനോടുചേർന്നു അരുവികളെയും കാണാമായിരുന്നു. കാറിന്നുള്ളിൽ അത്ര വലിയ തണുപ്പൊന്നും അനുഭവപ്പെട്ടില്ല . കൈനീട്ടി പാറക്കെട്ടുകളെ ഒന്ന് കിള്ളിപൊളിക്കാൻ തോന്നി. മർഹി എത്തി , നിറയെ കൊച്ചു കൊച്ചു കാറുകളും യാത്രക്കാരും . എല്ലാവരുടെയും മുഖത്ത് മഞ്ഞു കണ്ടതിൻറെ കുതൂഹലം. മഞ്ഞു താഴ്വാരതിലൂറെ ഞങ്ങള് പതുക്കെ പതുക്കെ നടന്നു . ചുറ്റുപാടും മഞ്ഞു കാ ണനെത്തിയവരുടെ വേഷ ഭൂഷാദികള് കണ്ട ഞങ്ങൾക്ക് ചിരി അടക്കാനായില്ല. മടക്കി കുത്തിയ മുണ്ടും സാരിയുമൊക്കെയായിരുന്നു ജനങ്ങളുടെവേഷം സോക്സില്ലാതെ വെറും ചപ്പല് മാത്രം ധരിച്ചിരുന്നവരും ഉണ്ടായിരുന്നു . പ്രായമായവരും കുഞ്ഞുകുട്ടികളും ധാരാളം ഉണ്ടായിരുന്നു. പതുപതുത്ത മഞ്ഞിൻ പരവതാനി കൊണ്ട് ഭൂമിയെ പുതപ്പിച്ചു കിടത്തിയിരിക്കുന്നു . കയ്യുറ ഇല്ലാതെ കൈ കൊണ്ട് മഞ്ഞു വാരൻ വലിയ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല . വെയിലും തണുത്ത കാറ്റും മുഖത്തേക്ക് അടിച്ചു കൊണ്ടിരുന്നു. മഞ്ഞു വാരി കുഞ്ഞു ഉണ്ടകളാക്കി പാറപ്പുറത്ത് നിരത്തി വച്ച്, ലക്ഷ്മി കൊത്തം കല്ല് കളിച്ചു. ഞാൻ ഷൂസ് കൊണ്ട് മഞ്ഞ് തെള്ളി തെള്ളി അടിയിലെ വെണമയാർന്ന മഞ്ഞു പാളികളെ പുറത്തേക്കു വരുത്തി കൊണ്ടിരുന്നു. കുറച്ചു നേരം കൂടി പതറി നടന്നു ഞങ്ങള് മടങ്ങി. മർഹി നിന്ന് സോലാങ്വാലിയിലേക്കു പോയി . അവിടെ 1500 രൂപ കൊടുത്ത് റോപ് വേയിൽ കയറി. നീലനിറമുള്ള പൂക്കളുടെ മനോഹരമായ താഴ്വാരം കണ്ടു .

ഉച്ചയ്ക്ക് 2 മണിയോടെ റൂമിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചു . മടക്കയാത്രയ്ക്കുള്ള പാക്കിംഗ് തുടങ്ങി ..
7 മണിക്ക് ചെക്ക് ഔട്ട് ചെയ്തു . ചാണ്ഡിഗ് ട്ടിൽ .തിരിച്ചെത്തി ‘ തവ ‘എന്ന റെസ്റ്റോറന്റിൽ കയറി സ്വാദിഷ്ടമായ പഞ്ചാബി ഭക്ഷണം കഴിച്ചു . തിരക്കിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് , ന്യൂ ഡൽഹിയിലെത്തി ..യാത്ര ക്ഷിണത്തോടെ യുള്ള ഉറക്കം സുഖകരമായിരുന്നു. പിറ്റേന്ന് രാവിലെ 1 0 മണി ക്ക് നെടുമ്പാശേരിയിലേക്ക് . താഴെ പച്ചവിരിച്ചിരിക്കുന്ന മരതക നാടുകണ്ട്മനസ്സിനാകെ ആനന്ദമായി . വരണ്ട ചാര നിറമായിരുന്നു ഇത്ര നേരം ഭൂമിക്ക് . കേരളത്തിൻറെ പച്ചപ്പ് മനസ്സിന് കുളിര്മ പകര്ന്നു .ഇനിദൈനംദിനകാര്യങ്ങളിലേക്ക് കടക്കണം മീൻ വാങ്ങണം .. റോസ് അരിയുടെ ചോറ്ഉണ്ണണം . താഴെവച്ചിട്ട് പോയ ആഴ്ചവട്ടത്തിൻറെ ക്രമങ്ങളിലേക്ക് പതിയെ പ്രവേശിക്കണം . എല്ലാത്തിനും വിട …… മണാലി ബൈ ബൈ .