[slick_weather]
31
August 2018

കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ… വായിച്ചാലും വായിച്ചാലും തീരാത്ത അറിവുകൾ.. ഹബി

“…സ്വപ്നങ്ങള്‍ പണിതുയര്‍ത്തിയത്‌ കല്ലുകള്‍ കൊണ്ടായിരുന്നുവെങ്കില്‍

തകര്‍ന്നുടഞ്ഞ സ്വപ്നങ്ങളുടെ ബൃഹത്തായ ഒരു ശവപ്പറമ്പാകുന്നു ഹബി …..” (അജ്ഞാത
നായ ഒരു സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന്‌.)

സാക്ഷാല്‍ വിജയനഗര സാമ്രാജ്യത്തിന്റെ പുകള്‍ പെറ്റ ആസ്ഥാനമായിരുന്നു ഹബി
മധ്യ കര്‍ണ്ണാടകയില്‍ ആന്ധ്രപ്രദേശിന്റെ അതിര്‍ത്തിക്കടുത്ത്‌, ബെല്ലാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ഭൂപ്രദേശം.
മിത്തും, യാഥാർഥ്യവും, ചരിത്രവും, പുരാണങ്ങളും ഇഴചേര്‍ന്നു പിണ
ഞ്ഞ്‌ അവ്യക്തതയുടെ നിഴല്‍ പാടുകള്‍ പതിഞ്ഞുകിടക്കുന്ന കല്‍ക്കെട്ടുകളിലും,
അദൃശ്യനായ ആ രാജശില്‍പി അത്ഭുതകരമാം വിധം കടഞ്ഞെടുത്ത വന്‍ പാറക്കെട്ടുകളുടെ താഴ്‌വരകളിലും അലഞ്ഞു നടക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ അനുഭവിച്ചറിയാം; സങ്കല്‍പ്പാതീതമായ സമ്പത്താല്‍ അനുഗ്രഹീതമായിരുന്ന ഒരു രാജ്യത്തിന്റെ ഹൃദയത്തുടിപ്പുകൾ…, രത്നങ്ങളും വൈരങ്ങളും നാഴിക്കും പറയ്ക്കളന്ന്‌ കച്ചവടം നടത്തിയിരുന്ന വ്യാപാര കേന്ദ്രങ്ങളിലെ ആരവങ്ങൾ!

ചരിത്രംകൂടെ #ഐതീഹ്യവും

\ഹമ്പി എന്ന പേരിന്റെ ഉത്ഭവം പമ്പ എന്ന പുണ്യനദിയുമായി ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നു.ഇന്നത്തെ ഹമ്പി യുടെ വന്‍ പാറക്കെട്ടുകള്‍ക്ക്‌ അരഞ്ഞാണം ചാര്‍ത്തുന്ന തുംഗഭദ്രാ നദിയുടെ പൗരാണിക നാമമായിരുന്നു പമ്പ. ഹിന്ദു മിഥോളജി അനുസരിച്ച്‌ ബ്രഹ്മാവിന്റെ മാനസ പുത്രിയായാണ്‌ പമ്പയെ സങ്കല്‍പ്പിച്ചിരിക്കുന്നത്‌.

ദക്ഷപുത്രിയായ സതീ ദേവിയുടെ മരണം കോപാന്ധനാക്കിയ പരമശിവന്‍ അതി കഠിനമായ തപസ്സാരംഭിച്ചത്‌ ഹമ്പിയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുടാ കുന്നിലായിരുന്നു എന്ന്‌ ഐതിഹ്യം. തപമിളക്കാന്‍ ചെന്ന കാമദേവനെ തൃക്കണ്ണാല്‍ ഭസ്മമാക്കിയതും, തുടര്‍ന്ന്‌ പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ ദേവിയെ വിവാഹം ചെയ്ത്‌ പമ്പാപതിയായതും ഇവിടെ വെച്ചായിരുന്നു എന്നാണ്‌ വിശ്വാസം.

ഇന്നും തീര്‍ഥാടകരായും കാഴ്ചക്കാരായും ഹമ്പിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌ ഹേമകുടയുടെ താഴ്‌വാരത്ത്‌ സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം.വിരൂപാക്ഷന്‍ എന്ന പേരിനെ
അന്വര്‍ഥമാക്കിക്കൊണ്ട്‌ ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ്‌ തുറന്നു നില്‍ക്കുന്ന രീതിയിലാണ്‌ രൂപകല്‍പന ചെയ്തിരിക്കുന്നത്‌.

രാമായണത്തിലെ മര്‍ക്കടരാജ്യമായ കിഷ്കിന്ധ ഹമ്പി ക്കടുത്തായിരുന്നുവെന്ന്‌ കഥകള്‍ നമുക്ക്‌ പറഞ്ഞു തരുന്നു. കിഷ്കിന്ധയുടെ സര്‍വസൈന്യാധിപനായ ഹനുമാന്റെ ജന്മസ്ഥലമായ “ആഞ്ജനേയാ ഹിൽ” തുംഗഭദ്രയ്ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്നത്‌ കാണാം.

രാവണന്‍ അപഹരിച്ച സീതയെ തേടിയലഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ വച്ചാണ്‌ ഹനുമാനെ കണ്ടു മുട്ടുന്നത്‌. തുടര്‍ന്ന്‌ ഹനുമാന്‍ രാമലക്ഷ്മണന്മാരെ കിഷ്കിന്ധയിലെ രാജാവായിരുന്ന സുഗ്രീവന്റെയടുത്തെത്തിക്കുന്നു. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടുകൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും ഇവിടെ കാണാന്‍ കഴിയും. ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്‍ നടത്തിയ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണ ന്മാരുടെ കാത്തിരിപ്പും ഒക്കെ ചേര്‍ന്ന്‌ സംഭവ ബഹുലമായ ആ ഐതിഹ്യത്തിനു പശ്ചാത്തലമൊരുക്കിയ പ്രദേശങ്ങള്‍

മാതംഗ, മല്യവന്ത, ഋഷിമുഖാ എന്നീ മലനിരകളിലും അവയുടെ താഴ്‌വരകളിലുമായി ചിതറിക്കിടക്കുന്നു. ഒപ്പം ഈ കഥകളുടെ മൂകമായ ഒരോര്‍മ്മപ്പെടുത്തലെന്നോണം ഇടിഞ്ഞു തകര്‍ന്ന കരിങ്കല്‍ ഭിത്തികളില്‍ ഉളി കൊണ്ടു കോറിയിട്ട കഥാപാത്രങ്ങളുടെ ശില്‍പങ്ങളും!ചരിത്രത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ താളുകള്‍ വീണ്ടും മറിയുന്നു.

ഒരിക്കല്‍ തുംഗഭദ്രയുടെ തീരങ്ങളില്‍ നായാട്ടിനിറങ്ങിയ ഹക്കയും ബുക്കയും അവിശ്വസനീയമായ ഒരു കാഴ്ചകാണുന്നു. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട വേട്ടപ്പട്ടികള്‍ ഓടിച്ച കാട്ടുമുയൽ, ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ തിരിഞ്ഞ്‌ വേട്ടനായ്ക്കളെ പേടിപ്പിച്ചോടിക്കുന്നു. അത്ഭുത പരതന്ത്രരായ സഹോദരന്മാര്‍ രാജഗുരുവായ വേദാരണ്യയെ ഇക്കാര്യമറിയിച്ചു. ഒട്ടു നേരത്തെ ധ്യാനത്തിനു ശേഷം വേദാരണ്യസവിശേഷമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ ആസ്ഥനമാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവത്രേ. അങ്ങിനെ ഒരു ഭാഗംതുംഗഭദ്രാ നദിയും മറ്റു മൂന്നു ഭാഗങ്ങള്‍ വന്‍ മലനിരകളാലും ചുറ്റപ്പെട്ട ഹമ്പി കേന്ദ്രീകരിച്ച്‌ ഹക്കയും ബുക്കയും തങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചു.

അതൊരു തുടക്കം മാത്രമായിരുന്നു. എണ്ണിയാലൊടുങ്ങാത്ത രണഭൂമികള്‍ താണ്ടി, ഒടുവില്‍ തെക്കേ ഇന്ത്യ മുഴുവന്‍ തങ്ങളുടെ കാല്‍ക്കീഴിലാക്കിയ അശ്വമേധത്തിന്റെ തുടക്കം. ഡല്‍ഹി സുല്‍ത്താന്മാരുടെ ഉറക്കം കെടുത്തിയ ഇരുനൂറ്റി മുപ്പതോളം (1336 എ.ഡി – 1565 എ.ഡി) വര്‍ഷങ്ങള്‍ നീണ്ടുനിന്നൊരു അപൂര്‍വ ചരിത്രത്തിന്റെ തുടക്കം!

ഈ ഇരുനൂറ്റി മുപ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ നാലു ചക്രവര്‍ത്തി പരമ്പരകള്‍ വിജയനഗര സാമ്രാജ്യം ഭരിച്ചു. അവരില്‍ 1509 എ.ഡി മുതല്‍1529 എ.ഡി വരെ ഭരിച്ച കൃഷ്ണ ദേവരായ ചക്രവര്‍ത്തിയുടെ കാലത്താണ്‌ വിജയനാര സാമ്രാജ്യം അതിന്റെ പ്രശസ്തിയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ എത്തിയത്‌.

1420 എ.ഡി യില്‍ ഇറ്റലിയില്‍ നിന്നും നിക്കോളോ കോണ്‍ടി, 1443ല്‍ പേര്‍ഷ്യന്‍ സഞ്ചാരിഅബ്ദുല്‍ റസാക്ക്‌, 1501 ല്‍ ബര്‍ബോസ,, ലുഡോവിക്കോ വര്‍ത്തെമാ, ഡോമിംഗോ പയസ്‌…..ജ്വലിച്ചുനില്‍കുന്ന പ്രതാപകാലത്ത്‌ വിജയനഗരത്തിലൂടെ കടന്നുപോയ സഞ്ചാരികളുടെ വരികളിലൂടെ പില്‍ക്കാല ലോകം ഹമ്പിയെ അറിഞ്ഞു.
തീര്‍ച്ചയായും വിജയനഗരത്തിന്റെ ചരിത്രം വെറും യുദ്ധങ്ങളുടേതു മാത്രമായിരുന്നില്ല.

കലകളേയുംകലാകാരന്മാരെയും അതിരറ്റു പ്രോത്സാഹിപ്പിച്ചിരുന്നു ഈ ചക്രവര്‍ത്തിമാർ. എന്ന തലസ്ഥാന നഗരിയെ ലോകത്തിന്റെ ഹബി തന്റെ ശ്രദ്ധാ കേന്ദ്രമായൊരു സ്വപ്നഭൂമിയാക്കി മാറ്റാന്‍ ഈ രാജാക്കന്മാരെല്ലാം മത്സരിച്ചു ശ്രമിച്ചിരുന്നു എന്നുറപ്പ്‌. എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങൾ,ശില്‍പങ്ങൾ, കൊട്ടാരങ്ങൾ,മണ്ഡപങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, കുളങ്ങൾ, കനാലുകൾ….

ഹബി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം കാണണമെങ്കില്‍ വീണ്ടും നാം കമലപുരയിലെത്തേണ്ടിയിരിക്കുന്നു. ചെറുതെങ്കിലും ഉപകാരപ്രദമായ ഒരു മ്യൂസിയം. ഹംപിയിലെ നഷ്ടാവശിഷ്ടങ്ങളുടെ ഒരു മിനിയേച്ചര്‍ രൂപം നമുക്കിവിടെ കാണാം. വിശാലമായ കാന്‍വാസില്‍ പ്രകൃതി തീര്‍ത്ത ചായക്കൂട്ടുകള്‍ക്കകത്ത്‌ ചിതറിക്കിടക്കുന്ന സ്മാരകങ്ങളുടെ ഒരേകദേശ ചിത്രം ലഭിക്കാന്‍ അതുപകരിച്ചേക്കും. ഹംപിയില്‍ നിന്നും കണ്ടെടുത്ത പുരാതനശില്‍പങ്ങളും പ്രതിമകളും, വിജയനഗര ചക്രവര്‍ത്തിമാരുടെ കാലത്ത്‌ ഉപയോഗത്തിലുണ്ടായിരുന്ന നാണയങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പതിനെട്ടാം നൂറ്റാണ്ടിലെടുത്ത ഹമ്പിയുടെ ചിത്രങ്ങള്‍ കാണണമെങ്കിൽ. ഹംപിബസാറിലുള്ള മ്യൂസിയവും സന്ദര്‍ശിക്കാം.

1386 എ.ഡി യില്‍ നിര്‍മ്മിക്കപ്പെട്ട ജൈനക്ഷേത്രം കമലാപുരയില്‍ നിന്നും വിറ്റാല ക്ഷേത്രത്തിലേക്കുള്ള വഴിയിലാണുള്ളത്‌. അഹമ്മദ്ഖാന്‍ ദര്‍ഗയും മുസ്ലിം പള്ളിയും സ്ഥിതിചെയ്യുന്നതും ഈ വഴിയില്‍ തന്നെ.

പമ്പാ സരോവർ,ശിവവാഹനമായ നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍പ്രതിമ,വരാഹക്ഷേത്രം, കൃഷ്ണക്ഷേത്രം,ഗജാലമണ്ഡപം,സിസ്റ്റര്‍ സ്റ്റോണ്‍സ്‌,കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങൾ,കാവല്‍മാടങ്ങൾ, പൊതുകുളങ്ങൾ,പള്ളികൾ,പട്ടാഭിരാമ ക്ഷേത്രം,സരസ്വതീ ക്ഷേത്രം ,കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങൾ….അങ്ങിനെയങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പിലൂടെ നാളുകളേറെ അലഞ്ഞാലും, കണ്ടതിലേറെ കാണാന്‍ ഇനിയും ബാക്കി വെയ്ക്കുന്നു ഹംപി….അറിഞ്ഞതിലേറെ പറയാനും…
(കടപ്പാട്:തുറവൂർ സജിത്ത് വാസുദേവ് )