[slick_weather]
18
December 2018

ഇന്ന് നാലു ട്രാൻസ്‌ജെന്‍ററുകൾ സ്ത്രീ വേഷത്തിൽ ശബരിമല ദർശനം നടത്തി

പത്തനംതിട്ട:നാലു ട്രാൻസ്‌ജെന്‍ററുകൾ ശബരിമല ദർശനം നടത്തി. പൊലീസ് അനുമതി ലഭിച്ചതിനെ തുടർന്നാണ് ട്രാൻസ്‌ജെന്‍ററുകൾ ഇന്നു രാവിലെ സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങിയത്. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള രജ്ഞു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് ശബരിമലദർശനം നടത്തിയത്. പൊലീസ് സുരക്ഷയിലാണ് ഇവർ ദർശനം നടത്തിയത്.

രാവിലെ പത്തുമണിയോടെയാണിവർ എത്തിയത്. ഫ്ലൈ ഓവറിൽ കയറാതെ നേരിട്ട് നടയിലെത്തിച്ച് ദർശനം നടത്തിച്ച് തിരിച്ചുകൊണ്ടുപോകുകയായിരുന്നു. നെയ്യഭിഷേകവും ഇവർ നടത്തി. കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിന് പുറപ്പെട്ട ഇവരെ എരുമേലിയിൽ തടഞ്ഞിരുന്നു.

തങ്ങൾ അയ്യപ്പഭക്തരാണെന്നും മൂന്നു പേർ നേരത്തെ ദർശനം നടത്തിയിട്ടുണ്ടെന്നും സംഘാംഗങ്ങൾ പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗം ഡിജിപി എ.ഹേമചന്ദ്രനുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ദർശനം നടത്തുന്നതിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും കൂട്ടത്തിൽ ഒരാൾക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകേണ്ടതുണ്ടെന്നും ഇവർ പറഞ്ഞു. ഇന്നലെ ഐജി മനോജ് എബ്രഹാമുമായും ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ട്രാൻസ്‌ജെന്‍ററുകൾ ശബരിമലയിൽ എത്തുന്നതിന് തടസങ്ങളൊന്നും തന്നെയില്ലെന്നു തന്ത്രിയും പന്തളം കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു.