[slick_weather]
27
February 2019

ടുറിസത്തിൻറെ അനന്തസാധ്യതകളുമായി മുരുഡേശ്വരം .

എഴുത്തും ചിത്രങ്ങളും , ഉണ്ണികൃഷ്ണൻ പറവൂർ
പ്രകൃതിയും നിർമിതിയും സമജ്ജസമായി സമ്മേളിച്ചിരിക്കുന്ന ഒരു അപാരാ തീരമാണ് മുരുഡേശ്വരമെന്ന മൽസ്യബന്ധന തീരഗ്രാമം . വടക്കൻ കർണാടകയിലെ ഈ സുന്ദരഗ്രാമം ഇന്ത്യയിലെ തന്നെ സുപ്രധാന തീർത്ഥാടന കേന്ദ്രമായും അതോടൊപ്പം ഉല്ലാസകേന്ദമായും മാറിത്തുടങ്ങി കഴിഞ്ഞു . ശിവൻ അഥവാ മുരുഡേശ്വരനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യമാണ് ഈ സ്ഥലത്തെ നിർമിതിയുടെ പുരാവൃത്തം .

മഹാബലവാനായ രാവണൻ അമരത്വത്തിനായി ശിവനെ തപസ്സുചെയ്തു , ശിവാനുഗ്രഹത്തോടെ നേടിയ ശിവലിംഗവുമായി സ്വദേശമായ ലങ്കയിലേക്കുള്ള യാത്രയിൽ രാമേശ്വരം കടൽത്തീരമെത്തുമ്പോൾ സമയം സായം സന്ധ്യ . സന്ധ്യവന്ദനത്തിന് കടലിറങ്ങാൻ തുനിയുന്ന രാവണന് ശിവൻറെ ഉഗ്രശാസന ഓർമ്മയിൽ വന്നു ,

ലങ്കയിൽ സ്ഥാപിക്കുന്നിടതല്ലാതെ മറ്റൊരിടത്തും ഈ ശിവലിഗം താഴെ വയ്ക്കുവാൻ പാടുള്ളതല്ല . സന്ധ്യാവന്ദനം ഉഴിവാക്കാനാകില്ല , ശിവലിംഗം താഴെ വയ്ക്കാനുമാകില്ല , തീർത്തും പ്രതിസന്ധിയിലായ രാവണന് ദേവലോകം ഒരുക്കിയ കെണിയായി ബ്രാഹ്മണ കുമാര വേഷത്തിൽ ഗണപതിയെത്തുന്നു . ശിവലിംഗം ഗണപതിയെ ഏൽപിച്ചു സന്ധ്യാവന്ദനത്തിന് രാവണൻ കടലിലേക്കിറങ്ങുന്നു .ദേവലോകം ഒരുക്കിയ മറ്റൊരു കെണിയായ സന്ധ്യാസമയം ഒരു മിഥ്യയായിരുന്നു .

ഇരുട്ടിനുപകരം പ്രകാശം പരന്നു . പെട്ടെന്ന് കാറ്റുംകോളും പ്രദേശത്തെയാകെ ഉലച്ചു , ബ്രാഹ്മണകുമാരനായ ഗണപതിയുടെ കൈയിൽ നിന്നും ശിവലിംഗം താഴെ വീണു പൊട്ടി , ശിവലിംഗത്തെ പൊതിഞ്ഞിരുന്ന വസ്ത്രം കാറ്റിലുയർന്നു വടക്കോട്ടു പറന്നു അങ്ങ് കർണ്ണാടകത്തിൽ മുരുഡേശ്വരത്തു വന്നു വീണു .

ശിവാനുഗ്രഹത്താൽ വരം നേടിയ മഹാബലവാനയാ രാവണനെ ബ്രാഹ്മണദേവലോകം അങ്ങിനെ ചതിച്ചു നിർവീര്യനാക്കിയെന്ന് സാരാംശം . ഈ മിത്തിനെ സുന്ദരമായ ദൃശ്യാവതരണമാക്കിയിരിക്കയാണ് മുരുഡേശ്വരമെന്ന മനോഹരതീരം . ശിവനും രാവണനും ഗണപതിയും നന്ദികേശനുമെല്ലാം വിസ്മയിപ്പിക്കുന്ന പ്രതിഷ്ട്ടാപനങ്ങളായി ആകാശ നീലിമയിൽ സഞ്ചാരിയെ ഹരം കൊള്ളിക്കുകയാണ് .

ധാരാളം പാറക്കെട്ടുകളുള്ള കടൽ തീരമാണ് മുരുഡേശ്വരം . മുന്ന് വശവും കടലിനാൽ ചുറ്റപ്പെട്ട കടലിലേക്ക് ഇറങ്ങികിടക്കുന്ന പാറക്കൂട്ടങ്ങളിൽ സുന്ദരമായ ലാൻഡ്സ്കേപ്പിങ്ങിലുടെ സുന്ദരി യാക്കിയിരിക്കുകയാണ് ആധുനിക മുരുഡേശ്വരം . ഏറ്റവും മനോഹരമായ ക്ഷേത്ര സമുച്ചയമാണ് ഇവിടെ സഞ്ചാരികളെ സ്വാഗതം ചെയുന്നത് . മംഗലാപുരവും ക്ഷേത്രനഗരവുമായ ഉഡുപ്പിയും കഴിഞ്ഞു വടക്കോട്ടുള്ള യാത്രയിൽ ഭട്കൽ കഴിയുന്നതോടെ ക്ഷേത്ര സമുച്ചയതിൻറെ പ്രധാന ആകർഷണമായ ഗോപുരത്തിൻറെ മേൽഭാഗം കാണാൻ തുടങ്ങുന്നു . നാഷണൽ ഹൈവെയിൽ നിന്നും ഇടതുവശം ചേർന്ന് സൈഡ് റോഡിലൂടെ യാത്ര ആരംഭിക്കുന്നതോടെ നമ്മെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്ര ഗോപുരം നേർരേഖയിൽ കണ്ടുതുടങ്ങും .

ഇരുനൂറ്റിമുപ്പതിനാല് അടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗോപുരനടയിലേക്ക് നടന്നടുക്കുന്ന ഏതൊരു സഞ്ചാരിയും ആശ്ചര്യം കൊണ്ട് കണ്ണുകൾ വിടരും മനസ്സ് തുടിക്കും ,എത്ര മനോരഹര സൃഷ്ടിയാണ് കൺമുൻപിൽ . മധുരയിലും താഞ്ചവൂരിലും ചിദംബരത്തുമെല്ലാം നാം പല ഗോപുരങ്ങളും കണ്ടിട്ടുണ്ട് . എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് പൂർവികാരായവർ പണിതുയർത്തിയത് . പക്ഷെ ഇതുപോലൊന്നു വർത്തമാനകാലത്തു പണിതീർക്കാൻ കഴിഞ്ഞത് അപരതയാണ് .

ക്ഷേത്രനടയിൽ തന്നെ ഒത്ത വലിപ്പത്തിലുള്ള രണ്ടാനകൾ സ്വാഗതം ചെയ്തുകൊണ്ട് നമ്മെ അകത്തേക്ക് ക്ഷണിക്കുന്നു . വലതുവശത്തുകാണുന്ന ലിഫ്റ്റിലൂടെ ക്ഷണവേഗത്തിൽ പതിനെട്ടാം നിലയിലേക്ക് . പുറംലോകം കാണാൻ നാല് കിളിവാതിലുകൾ , കാഴ്ചയുടെ വാതായനങ്ങൾ വാക്കുകൾക്കതീതമാണ് , കിഴക്കോട്ട് നോക്കിയാൽ ഒരുപക്ഷെ കർണാടക മൊത്തത്തിൽ കാണുവാൻ കഴിയുമെന്ന് തോന്നും . പശ്ചിമഘട്ട മലനിരകളുടെ വിദൂര ദൃശ്യം , കൊല്ലൂരും കുടജാദ്രിയും തെക്കുകിഴക്ക് , തെങ്ങോലകളുടെ പച്ചപ്പിൻറെ കൂടെ പൊട്ടുപോലെ വീടുകളും കെട്ടിടങ്ങളും , തെക്കും വടക്കും കടൽ കാഴ്ചയാണ് , ആകാശനീലിമ എന്ന് മലയാളികൾ പറയുന്ന നീലിമ ഇവിടെയാണ് കാണുവാൻ കഴിയുക .

കേരളത്തിലെ കടലോരങ്ങളിൽ നിന്നും ആകാശനീലിമ വടക്കോട്ടുപോയി മുരുഡേശ്വരത്തു എത്തിച്ചർന്നപോലെ . തെക്കും വടക്കുമായി കിലോമിറ്ററുകൾ നീണ്ടുപരന്നു കിടക്കുന്ന പാഞ്ചരാ മണൽ പരപ്പ് . വൃത്തിയായി ക്ലീൻ ചെയ്തിട്ടിരിക്കുന്നതുപോലെ തോന്നും .സാധാരണ കടൽപ്പുറങ്ങളിൽ കാണുന്ന വൃത്തിഹീനതയില്ല . അടുക്കിവച്ചിരിക്കുന്ന മൽസ്യബന്ധന വള്ളങ്ങളും ചിട്ടയോടെ തന്നെ . ഇതല്ലാം ഒരു ഹൈലികോപ്റ്റർ വീക്ഷണത്തിൽ കാണുവാൻ ലിഫ്റ്റിൽ കയറുന്ന ചെലവ് ഇരുപത് രൂപമാത്രം .

മുകളിൽ പറഞ്ഞത് പ്രകൃതി ദൃശ്യങ്ങളെക്കുറിച്ചുമാത്രം , ഇനി പടിഞ്ഞാറിൻറെ കാഴ്ചകൾ . അനന്തമായ കടലിൻറെ പശ്ചാത്തലത്തിൽ ആകാശനീലിമയിൽ മനുഷ്യൻറെ കരവിരുതിൽ ഭാവനയുടെ ചിറകിൽ വിരിഞ്ഞ അതീവ ചാരുതയാർന്ന ശില്പങ്ങളുടെ സഞ്ചയം . പുലിത്തോലിൽ തപസ്സനുഷ്ഠിക്കുന്ന ശിവൻ നീലവർണത്തിൽ ആകാശനീലിമയിൽ ധ്യനനിമഗ്നനായി ചമ്രം പടിഞ്ഞിരിക്കുന്നു .123 അടി ഉയരത്തിൽ ശിവനെ കാണാൻ കഴിയുന്നത് അപൂർവത മാത്രം . ശിവ ലിംഗവുമായി രാവണനും അടുത്തുതന്നെ ബ്രാഹ്മണകുമാരനായി ഗണപതി . നട്ടുവളർത്തിയ മെക്സിക്കൻ ഗ്രസ്സിൽ മേയുന്ന ഗോക്കൾ , ഗീതോപദേശത്തെ മനോഹര ശില്പമായി പച്ചപ്പിൻറെ പ്രതലത്തിൽ സൃഷ്ടിച്ചിരിക്കുന്നു . ഒരു ദിവസം മൊത്തത്തിൽ ചെലവഴിക്കാനുള്ള എല്ലാ കാഴ്ചകളും അവിടെയുണ്ട് .

കടലിൽ കോൺഗ്രീറ്റ് കുറ്റിയിൽ പണിതുയർത്തിയ മൂന്നു നിലകളുള്ള റെസ്റ്റോറന്റ് സമുച്ചയത്തിൽ ഇരിക്കുമ്പോൾ കടൽ അടിയിലൂടെ കയറിയിറങ്ങുന്ന കാഴ്ചയും അപാരം തന്നെ . വ്യവസായിയായ ആർ .എൻ .ഷെട്ടിയാണ് മുരുഡേശ്വരത്തെ നമുക്കായി ഈവിധം ഒരുക്കിയിരിക്കുന്നത് . പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ അദ്ദേഹത്തിൻറെ റിസോർട് കടലിനോടുതൊട്ടുരുമ്മിതന്നെയുണ്ട്