ഇടുക്കി ജില്ലയിലെ “പത്താം മൈൽ” എന്നും “കല്യാണതണ്ട്” എന്നും വിളിക്കുന്ന വിനോദ സഞ്ചാര കേന്ദ്രം

 
ഇടുക്കി ജില്ലയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുകയാണ് കാൽവരിമൗണ്ട്.ഇടുക്കി കട്ടപ്പന റൂട്ടിൽ ഇടുക്കിയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് കാൽവരിമൗണ്ട്. “പത്താം മൈൽ” എന്നും “കല്യാണതണ്ട്” എന്നും പേരുണ്ട് ഈ പ്രദേശത്തിന്. രാജധാനി, ഇടുക്കിഗോൾഡ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകൾ ഈ പ്രദേശത്തിന്റെ ദൃശ്യഭംഗി ഒപ്പിയെടുത്ത സിനിമകളിൽ ചിലതാണ്.

കുന്നിന്മുകളിൽ നിന്നുള്ള ലോക പ്രശസ്തമായ ഇടുക്കി ജലസംഭരണിയിലെ ജലാശയകാഴ്‌ച അതി മനോഹരമാണ്. ഇവിടെ നിന്നും ദൂരേക്ക് നോക്കിയാൽ, എവിടെയും ഒന്നിന് പിറകെ മറ്റൊന്നായി നിരയൊപ്പിച്ചു നിൽക്കുന്ന മലകളുടെ കാഴ്ചയാണ്.സംസ്ഥാന വിനോദസഞ്ചാരവകുപ്പ് കുന്നിന്മുകളിൽ ഒന്നു രണ്ടു ഹട്ടുകൾ തീർത്തിട്ടുണ്ട്. ഇവ ഒരു ദിവസത്തേക്ക് 2500/- രൂപയാണ് നിരക്ക് കുന്നിന്മുകളിൽ നിന്നുള്ള ഉദായസ്തമയങ്ങൾ വളരെ മനോഹരമായ കാഴ്ചയാണ്. കുന്നിന്മുകളിലേക്കുള്ള പ്രവേശനം പാസ്സ് വഴി നിയന്ത്രിച്ചിട്ടുണ്ട്. ആളുകൾക്ക് 10 രൂപ ടുവീലർ 10 രൂപയും 4 വീൽ വാഹനങ്ങൾക്ക് 20 രൂപയും മറ്റു വലിയ വാഹനങ്ങൾക്ക് 50 രൂപയും ആണ് ഈടാക്കുക.

പാസ്സ് എടുത്തു സഞ്ചാരികൾ കയറിച്ചെല്ലുന്നത് രണ്ടു കുന്നുകൾക്കു നടുവിലുള്ള സ്ഥലത്തേക്കാണ്. അവിടെ നിന്നും ഇടത് വശത്തുള്ള കുന്നിന്മുകളിലേക്കു കയറിയാൽ മാത്രമെ “കല്യാണത്തണ്ട് “മലനിരകളുടെയും ഇടുക്കി ജലാശയയത്തിന്റെയും ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ കഴിയൂ. കൂടുതൽ സഞ്ചാരികളും കുന്നിന്മുകളിലേക്കു കയറാതെ തിരികെ പോവുകയാണ് ചെയുക.വർഷകാലത്ത് ഈ പ്രദേശം നനുത്ത മഞ്ഞിന്റെ കമ്പളം പുതച്ചു കിടക്കും.

ചിത്രങ്ങൾ: Aju Chirakkal(കടപ്പാട്:സഞ്ചാരി )