[slick_weather]
11
December 2018

ലിംഗനീതിയുടെയും ,പ്രതികാരത്തിന്റെയും കഥപറയുന്ന ‘ദ റെഡ് ഫാലസ്’

സിന്ധു പ്രഭാകരൻ

തിരുവനന്തപുരം:ലോകത്തിൻ്റെ എല്ലാഭാഗത്തും സ്ത്രീയെ രണ്ടാംതരമാക്കിയും അബലയാക്കിയും ചിത്രീകരിക്കപ്പെടുന്നതു മാത്രമല്ല ഒരു ഭോഗവസ്തുവാക്കി മാറ്റുക കൂടി ചെയ്യുന്ന ഒരു കാലമാണ് ഇത്. ഉയരങ്ങളിലേക്ക് കുതിക്കുന്ന അവളെ പീഡനങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും അടിച്ചമർത്താനും നശിപ്പിക്കാനും ബോധപൂർവം നടത്തുന്ന ശ്രമങ്ങളും സർവസാധാരണമായിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് സ്വന്തം ശക്തി തിരിച്ചറിഞ്ഞ് ഒരു സ്കൂൾ വിദ്യാർഥിനി പുരുഷാധിപത്യത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ‘ദ റെഡ് ഫാലസ്’ എന്ന ചലച്ചിത്രം പ്രസക്തമാകുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ആദ്യപ്രദർശനം ചലച്ചിത്രമേളയുടെ മൂന്നാം ദിവസം ടാഗോർ ഹാളിൽ തീരുമാനിച്ചിരുന്നുവെങ്കിലും പ്രൊജക്ടർ തകരാറ് മൂലം നടക്കാതെ പോവുകയായിരുന്നു. 85 മിനിട്ട് മാത്രം ദൈർഘ്യമുള്ള, ഭൂട്ടാനിൽ നിന്നുള്ള ഈ ചലച്ചിത്രം നാലാംദിവസം ഞാൻ കണ്ടവയിൽ ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു.

ഭൂട്ടാനിലെ ആഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത വ്യക്തിയാണ് അറ്റ്സര(ആചാര്യൻ എന്നതിന് സമാനമായ വാക്ക്). അദ്ദേഹത്തിന്റെ പതിനാറുകാരിയായ മകൾ സന്ഗേയിലൂടെയാണ് ഈ സിനിമ വികസിക്കുന്നത്. അമ്മ നഷ്ടപ്പെട്ട, ജീവിതസാഹചര്യങ്ങളിൽ സന്തുഷ്ടയല്ലാത്ത പെൺകുട്ടി എല്ലാവരെയും എതിർക്കുന്നു. വളരെ സാവകാശം മാത്രം ദിനചര്യകൾ ചെയ്തുതീർക്കുന്ന, കഠിനപരിശ്രമം തീരെയില്ലാത്ത ഒരു പെൺകുട്ടിയാണ് സന്ഗേ. അച്ഛനും അധ്യാപകനും കാമുകനും അടക്കം എല്ലാ പുരുഷന്മാരും തുടർച്ചയായി അവളെ മാനസികമായി പീഢിപ്പിക്കുന്നു. ഞാൻ ഒന്നിനും ശക്തയല്ല എന്ന ചിന്തയിലേക്കാണ് അവൾ നയിക്കപ്പെടുന്നത്.

സന്ഗേയുടെ അച്ഛൻ ആചാര്യൻ മാത്രമല്ല, മരംകൊണ്ടുള്ള പുരുഷ ലിംഗങ്ങൾ(ഫാലസുകൾ) ഉണ്ടാക്കി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന ആളു കൂടിയാണ്. കണ്ണു തട്ടാതിരിക്കാനും ദുഷ്ട ശക്തികളിൽ നിന്ന് രക്ഷനേടുന്നതിനും ഭൂട്ടാൻ നിവാസികൾ വീടിന്റെ ചുവരുകളിൽ ലിംഗത്തിന്റെ പെയിൻറിംഗ് വയ്ക്കുകയോ വീടിന്റെ നാലു മൂലകളിലും മരലിംഗം തൂക്കിയിടുകയോ ചെയ്യാറുണ്ട്. എന്നാൽ ഈ ഫാലസുകൾ പുരുഷാധിപത്യത്തിൻ്റേയും അധ:പതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിൻ്റയും ചിഹ്നങ്ങളായി മാറുകയാണിവിടെ. ഫാലസുകളുമായി മുഖംമൂടി ധരിച്ചെത്തുന്ന വില്ലന്മാർ ഇന്നത്തെ മുഖംമൂടിയണിഞ്ഞ മനുഷ്യരുടെ സ്വഭാവത്തെയാണ് പ്രതീകവൽക്കരിക്കുന്നത്.

അപസ്മാര രോഗബാധിതനും, രണ്ടു കുട്ടികളുടെ അച്ഛനും, ഇറച്ചിവെട്ടുകാരനുമായ കാമുകന്റെ പീഡനത്തിന് കൂടി ഇരയാകേണ്ടിവന്ന സന്ഗേ പ്രതികാര ദുർഗ്ഗയായി മാറുന്നു. തന്നെ പീഡിപ്പിച്ച അതേ സ്ഥലത്തുവെച്ച് മരലിംഗം കൊണ്ട് കാമുകനെ അവസാനിപ്പിച്ച്, താൻ ശക്തയാണെന്ന് പ്രഖ്യാപിക്കുന്നു. എന്നിട്ടും കലിയടങ്ങാത്ത അവൾ അച്ഛൻ നിർമ്മിച്ചു വച്ചിരുന്ന എല്ലാ മരലിംഗങ്ങളേയും നശിപ്പിക്കുന്നു.

മാധ്യമപ്രവർത്തകനായിരുന്ന, പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ സംവിധാനത്തിലേക്ക് ചുവടുമാറ്റിയ താഷി ഗ്വൽഷന്റെ ആദ്യ സിനിമയാണ് ദ റെഡ് ഫാലസ്. ലോക പ്രശസ്ത സംവിധായകൻ കിം കി ഡുക്കിൻ്റെ ആരാധകൻ കൂടിയാണ് ഇദ്ദേഹം. സൗത്ത് സെൻട്രൽ ഭൂട്ടാനിലെ ഗ്രാമഭംഗി മുഴുവൻ ഒപ്പിയെടുക്കുന്നതിൽ ഛായാഗ്രാഹകനായ ജിഗ് മെ ടെൻസിങ് പരിപൂർണ്ണമായും വിജയിച്ചിരിക്കുന്നു.

പകൽ വെളിച്ചത്തിലാണ് ഏറെ ഷോട്ടുകളും ചിത്രീകരിച്ചിരിക്കുന്നത് എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഏറ്റവും കുറഞ്ഞ അളവിലുള്ള സംഭാഷണമാണ് ചിത്രത്തിലുള്ളത്. അച്ഛനും മകളുമാണ് പ്രധാനകഥാപാത്രങ്ങൾ എങ്കിലും ചുരുക്കം ചില ഷോട്ടുകളിൽ മാത്രമാണ് ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. കൊലപാതകവും ബലാത്സംഗവും ഈ ചിത്രത്തിൻ്റെ ഭാഗമായിരുന്നിട്ടുകൂടി പ്രേക്ഷകനു അൽപംപോലും അലോസരം ഉണ്ടാക്കാതെ അവ ചിത്രീകരിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. വളരെയധികം വഴക്കത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഒരു ചലച്ചിത്രമാണ് ദ റെഡ് ഫാലസ് എന്ന് നിസ്സംശയം പറയാം. കീഴടങ്ങലിന് പകരം സാധ്യതകളുടെ പ്രതീക്ഷയാണ് ഈ ചിത്രം പ്രേക്ഷകനു മുന്നിൽ തുറന്നിടുന്നത്.