പേടിപ്പിക്കാന്‍ മറന്ന് ‘ദ മമ്മി’ ; റിവ്യൂ വായിക്കാം!

രാഹുല്‍ സി രാജ്‌

1932ല്‍ ബോറിസ് കാര്‍ലോഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി മമ്മി’ മുതല്‍ ഒട്ടനേകം ചിത്രങ്ങള്‍ ഈ സിരീസില്‍ പുറത്തുവന്നിട്ടുണ്ട്. 1999, 2001, 2008 വര്‍ഷങ്ങളിലായി പുറത്തുവന്ന ‘ദി മമ്മി ട്രിലജി’യാവും അതില്‍ പുതുതലമുറയ്ക്ക് ഏറ്റവും പരിചയമുള്ള മമ്മി ചിത്രങ്ങള്‍. ദി മമ്മി 1999ലും ദി മമ്മി റിട്ടേണ്‍സ് 2001ലും ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗണ്‍ എംപറര്‍ 2008ലും പുറത്തുവന്നു. എന്നാല്‍ മമ്മി സീരിസിലെ പുതിയ ചിത്രം ദ മമ്മി പ്രതീക്ഷയ്ക്ക് വിപരീതമായി പറക്കുന്ന കാഴ്ചയാണ് സമ്മാനിച്ചത്‌.

ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാതെ മരിച്ച ഒരു രാജകുമാരിയിലൂടെയാണ് ‘ദ മമ്മി’യുടെ പുനര്‍ജന്മം. സ്വന്തം അധികാരം നഷ്ടപ്പെടും എന്ന അവസ്ഥ വന്നപ്പോള്‍ സ്വന്തം അച്ഛനെയും ബന്ധുക്കളെയും അവള്‍ ദുര്‍മന്ത്രവാദത്തിലൂടെ കൊലപ്പെടുത്തി.

പിന്നീട് തടവിലാകുന്ന അവള്‍ ഈജിപ്തില്‍ നിന്നും മെസപൊട്ടോമയില്‍ കുഴിച്ച് മൂടപ്പെടുന്നു. പുതിയ കാലത്ത് ഇറാഖ് ആയി മാറുന്ന മെസപൊട്ടോമിയയില്‍ എത്തുന്ന പുരാവസ്തു മോഷ്ടാവിലൂടെ രാജകുമാരി പുനര്‍ജനിക്കുന്നു.

പിന്നീട് ഇറാഖില്‍ നിന്നും ലണ്ടനിലേക്ക് നീങ്ങുകയാണ് കഥ. സ്ത്രീ കഥാപാത്രം മമ്മിയായി എത്തിയപ്പോള്‍ കല്ലുകടികള്‍ ഏറെയായിരുന്നു. കൂടാതെ സിനിമയുടെ വേഗതയില്‍ ഇഴച്ചിലുകള്‍ ഏറെയാണ്. മമ്മിയായി എത്തിയ അള്‍ജീരിയന്‍ തെരുവുനര്‍ത്തകി സോഫിയ ബൊഷെല്ലയുടെ കൈയ്യില്‍ മമ്മി കരുത്തില്ലാത്ത കഥാപാത്രമായി മാറി.

കൂടാതെ റസ്സല്‍ ക്രോയുടെ സാന്നിധ്യവും സിനിമയെ രക്ഷിക്കുന്നില്ല. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മമ്മിക്ക് സമ്മാനിക്കാന്‍ പഴയ സീരിസുകളിലെ വെട്ടിക്കൂട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഫാന്റസി ചെരുവ കുറച്ച് സിനിമയെ മറ്റൊരു തലത്തില്‍ സംവിധാനം ചെയ്യാന്‍ ഇറങ്ങി തിരിച്ച അലക്‌സ് കുര്‍ട്‌സ്മാന്‍ നടത്തിയ പരിശ്രമവും നിരാശ സമ്മാനിക്കുന്നു. പ്രതീക്ഷകളില്ലാതെ പോയാല്‍ വെറുതെ കണ്ടിരിക്കാവുന്ന സിനിമ മാത്രമായി മാറുകയാണ് ദ മമ്മി.