[slick_weather]
16
December 2017

ശ്രീലങ്ക ഇന്ത്യയെ സമനിലയിൽ തളച്ചു ;ടെസ്റ്റിൽ ഇന്ത്യയ്ക്ക് 1-0ന് ജയം ;മാൻ ഓഫ് ദ സീരീസും മാൻ ഓഫ് ദ മാച്ചും വിരാട് കോലി

ന്യുഡൽഹി:ശ്രീലങ്ക വീരോചിതമായി പോരാടി സമനില നേടി ധനഞ്ജയ് ഡി സിൽവയും ലങ്കൻ മധ്യനിരക്കാരും തീർത്ത പ്രതിരോധമതിൽ പിളർത്താൻ ഇന്ത്യൻ ബൌളർമാർക്കായില്ല. ഇന്ത്യൻ ബൌളർമാരെയും ദില്ലിയിലെ മലിനീകരണത്തെയും എതിരിട്ട് ശ്രീലങ്ക വീരോചിത സമനില നേടി. മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെ ഇന്ത്യ പരമ്പര 1-0ന് ജയിച്ചു. തുടർച്ചയായി ഒമ്പതാം പരമ്പര ജയമെന്ന ഓസ്ട്രേലിയയുടെറെക്കോർഡിനൊപ്പമാണ് ഇന്ത്യ എത്തിയത്.

410 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ശ്രീലങ്ക അഞ്ചിന് 299 എന്ന നിലയിൽ നിൽക്കെ മൽസരം അവസാനിക്കുകയായിരുന്നു. പരമ്പരയിൽ മൂന്നു സെഞ്ച്വറി ഉൾപ്പടെ 610 റൺസ് വാരിക്കൂട്ടിയ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് മാൻ ഓഫ് ദ സീരീസ്. മൂന്നാം ടെസ്റ്റിൽ ഇരട്ടസെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടിയ കോലി തന്നെയാണ് മാൻ ഓഫ് ദ മാച്ചും.
സ്കോർ: ഇന്ത്യ- ഏഴിന് 536 ഡിക്ലയേർഡ് & അഞ്ചിന് 246 ഡിക്ലയേർഡ്, ശ്രീലങ്ക- 373 & അഞ്ചിന് 299
മൂന്നിന് 31 എന്ന നിലയിൽ തകർന്നുപോയ ശ്രീലങ്കയെ അനായാസം പുറത്താക്കി വിജയം സ്വന്തമാക്കാമെന്നായിരുന്നു വിരാട് കോലിയും കൂട്ടരും സ്വപ്നം കണ്ടത്. എന്നാൽ ഒരുവശത്ത് ധനഞ്ജയ് ഡി സിൽവ നടത്തിയ അപരാജിത പോരാട്ടം ഇന്ത്യൻ സ്വപ്നങ്ങൾ തകർക്കുകയായിരുന്നു. ഒടുവിൽ റിട്ടയർഡ് ഹർട്ട് ആയി പവലിയനിലേക്ക് മടങ്ങുമ്പോൾ 219 പന്തിൽ 119 റൺസ് നേടിയിരുന്നു. മധ്യനിരക്കാരെ കൂട്ടുപിടിച്ച് ധനഞ്ജയ് ഡി സിൽവ നടത്തിയ ചെറുത്തുനിൽപ്പിന് മുന്നിൽ ഇന്ത്യൻ ആവനാഴിയിലെ അസ്ത്രങ്ങളൊന്നും മതിയായിരുന്നില്ല. 36 റൺസെടുത്ത ദിനേഷ് ചന്ദിമാലും പുറത്താകാതെ 74 റൺസെടുത്ത റോഷൻ സിൽവ, പുറത്താകാതെ 44 റൺസെടുത്ത നിരോഷൻ ഡിക്കവെല്ല എന്നിവരാണ് ലങ്കയുടെ പ്രതിരോധ ഭടൻമാരായത്. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഇരട്ടസെഞ്ച്വറി നേടിയ നായകൻ വിരാട് കോലി(243), സെഞ്ച്വറി നേടിയ ഓപ്പണർ മുരളി വിജയ്(155) എന്നിവരുടെ മികവിലാണ് ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ ഏഴിന് 536 എന്ന നിലയിൽ ഡിക്ലയർ ചെയ്തത്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 373 റൺസിന് പുറത്തായി. 164 റൺസെടുത്ത നായകൻ ദിനേഷ് ചന്ദിമാൽ ആയിരുന്നു ലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി അശ്വിൻ, ഇഷാന്ത് ശർമ്മ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ അതിവേഗം 243 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 67 റൺസെടുത്ത ശിഖർ ധവാനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ഇതോടെയാണ് ശ്രീലങ്കയ്ക്ക് 410 റൺസ് വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചത്. ആദ്യദിനം 31 റൺസെടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റ് വീഴ്ത്തി ആഞ്ഞടിച്ച ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലങ്കയുടെ ഉറച്ച ചെറുത്തുനിൽപ്പ് ഇന്ത്യയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കുകയായിരുന്നു.

ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിൽ മൂന്നു മൽസരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയാണ് ഇനി നടക്കാനുള്ളത്. ഇതിലെ ആദ്യ മൽസരം ഡിസംബർ പത്തിന് ധർമ്മശാലയിൽ നടക്കും.