ഭീകരവാദികളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന് ആദരവ് നല്‍കാനൊരുങ്ങി സ്വന്തം നാട്.

കല്‍പറ്റ: പുല്‍വാമയില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന് ആദരവ് നല്‍കാനൊരുങ്ങി സ്വന്തം നാട്. വസന്തകുമാറിന്റെ മരണവാര്‍ത്തയറിഞ്ഞ് ലക്കിടിയിലെ പൂക്കോട് വെറ്ററിനറി കോളജിന് സമീപത്തുള്ള വീട്ടിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. വസന്തകുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ പൂക്കോട് എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് തറവാട്ടുവീടായ തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി തറവാട്ടിലേക്ക് കൊണ്ടുപോകും. അവിടുത്തെ തറവാട്ട് ശ്മശാനത്തിലാണ് മൃതശരീരം സംസ്‌ക്കരിക്കുക.

ഫെബ്രുവരി രണ്ടിന് ലീവിന് വന്ന വസന്തകുമാര്‍ എട്ടിനാണ് മടങ്ങിയത്. കോണ്‍സ്റ്റബിളില്‍ നിന്നും ഹവീല്‍ദാര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിനെ തുടര്‍ന്ന് ലഭിച്ച അവധിക്കാണ് ഈ മാസം രണ്ടിന് അദ്ദേഹം വീട്ടിലെത്തുന്നത്. പ്രമോഷന്റെ ഭാഗമായി പഞ്ചാബില്‍ നിന്നും കശ്മീരിലേക്ക് ഹവില്‍ദാറായി പോസ്റ്റിംഗ് ലഭിച്ചതിനെ തുടര്‍ന്നാണ് അവിടേക്ക് പോയത്. അവിടെ എത്തിയ ശേഷം വീട്ടുകാരുമായി നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു.

സിആര്‍പിഎഫ് 82-ാം ബറ്റാലിയനിലെ സൈനികനായ വസന്തകുമാറിന്റെ പിതാവ് വാസുദേവന്‍ എട്ട് മാസം മുമ്പാണ് മരിച്ചത്. അന്ന് 20 ദിവസത്തെ ലീവിന് അദ്ദേഹം നാട്ടിലെത്തിയിരുന്നു. വര്‍ഷങ്ങളായി വസന്തകുമാറിന്റെ കുടുംബം കുന്നത്തിടവക വില്ലേജില്‍ ഉള്‍പ്പെടുന്ന ലക്കിടി പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് സമീപമാണ് താമസിച്ചുവന്നിരുന്നത്. വെറ്ററിനറി യൂണിവേഴ്‌സിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലഭിച്ച അഞ്ചേക്കര്‍ സ്ഥലത്ത് വസന്തകുമാര്‍ 2001ല്‍ സൈനികനായി ജോലിയില്‍ പ്രവേശിച്ച് പത്ത് വര്‍ഷം പിന്നിട്ട ശേഷമാണ് പുതിയ വീട് വച്ചത്.

മേപ്പാടി സ്വദേശിനിയായ ഭാര്യ ഷീന ഇപ്പോള്‍ പൂക്കോട് വെറ്ററിനറി കോളജില്‍ താല്‍ക്കാലിക തസ്തികയില്‍ ക്ലാര്‍ക്ക് ജോലി ചെയ്തുവരികയാണ്. മൂന്നാം ക്ലാസുകാരിയായ അനാമികയും, യു കെ ജി വിദ്യാര്‍ഥിയായ അമര്‍ദീപുമാണ് മക്കള്‍. വസുമിതയാണ് ഏകസഹോദരി. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെടുന്ന മുള്ളകുറുമ സമുദായാംഗമാണ് വസന്തകുമാര്‍.