ക്ഷേത്രദര്‍ശനം;ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

ശങ്കർ തേവന്നൂർ 

ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി.കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്.സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന്‍ മാരെ ദര്ശിപ്പിക്കാവൂ.ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്‍ശനം അരുത്. സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.
മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.

പുറം മതില്‍ കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവ പാര്‍ഷദന്മാര്‍ എന്നറിയപ്പെടുന്നു.

ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്‍.തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.

തൊഴുമ്പോള്‍ താമരമൊട്ടുപോലെ വിരലിന്‍റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തോഴന്‍.കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം.

ശിവമൂര്‍ത്തികള്‍ക്ക് ഇടതുവശവും വൈഷ്ണവമൂര്‍ത്തികള്‍ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്‍റെ നേര്‍ക്കുനിന്നു തൊഴരുത്.ഗണപതി ക്ഷേത്രത്തില്‍ ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില്‍ ഏതെങ്കിലും തവണ ഏത്തമിടാം, അതിനുശേഷം ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കുന്നത് ഗണപതിക്ക്‌ പ്രിയങ്കരമാണ്.

തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.

വഴിപാടുകള്‍

വഴിപാടുകളില്‍ മുഖ്യമായത് കാണിക്കയാണ്. കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ കൊടിമരച്ചുവട്ടിലാണ് കാണിക്കയര്‍പ്പിക്കേണ്ടത്. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍, ക്ഷേത്രത്തിനുള്ളില്ലേക്കുകടക്കുന്ന വാതിലിന്ടെ പടിയില്‍ കാണിക്കയര്‍പ്പിക്കണം.കാണിക്കയര്‍പ്പിക്കുന്നതിലൂടെ ഭക്തന്‍ ഭൌതികജീവിതമോഹം വെടിയുകയും അതിലൂടെ ദേവദര്‍ശനത്തിന് അനുമതി നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. കാണിക്ക കഴിഞ്ഞാല്‍ വിളക്ക് (എണ്ണ നല്‍കല്‍), മാല, പുഷ്പാഞ്ജലി (അര്‍ച്ചന), അഭിഷേകം, പായസം എന്നിവയാണ് പൊതുവേയുള്ള വഴിപാടുകള്‍.

എന്നാല്‍ ശിവന് പുറകില്‍ വിളക്കും ഭസ്മം, ജലം, ക്ഷീരം എന്നിവകൊണ്ടുള്ള ധാരയും പ്രത്യേക വഴിപാടുകളാണ്. ഗണപതിക്ക്‌ ഒറ്റയപ്പവും മോദകവും മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പാല്‍പ്പായസവും വിശിഷ്ട വഴിപാടുകളാണ്. ദേവിക്ക് കൂട്ടുപായസവും സുബ്രഹ്മണ്യന് പഞ്ചാമൃതവും വിശേഷാല്‍ വഴിപാടുകളാണ്. ശാസ്താവിന് നീരാജനം പ്രത്യേക വഴിപാടായി കഴിക്കുന്നു. മഹാവിഷ്ണുവിന് കളഭം, പാല് ഇവകൊണ്ടും മുരുകന് പഞ്ചാമൃതം, പനിനീര്‍ ഇവകൊണ്ടുമുള്ള ധാരയും വിശേഷമാണ് .

വഴിപാടുകള്‍ കഴിക്കുന്നത്‌ ദേവപ്രീതിക്കും അതുവഴി ആയുരാരോഗ്യവര്‍ധനയ്ക്കും ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും അതുപോലെയുള്ള മറ്റു ഫലങ്ങള്‍ക്കുമാണ്.

യഥാശക്തി വഴിപാട് എന്നാണു പ്രമാണം. അത് കാണിക്ക, വിളക്ക്, മാല തുടങ്ങിയവായില്‍ ഒതുങ്ങുന്നു. എന്നാല്‍ കാലദോഷമകറ്റുന്നതിനും മറ്റുമായി ജ്യോതിഷപണ്ഡിതന്മാര്‍ വിശേഷാല്‍ വഴിപാടുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അവ അതതുകാലങ്ങളില്‍ മാത്രം കഴിച്ചാല്‍ മതിയാകും

പ്രധാന ഹോമങ്ങളും ഫലങ്ങളും

നിത്യജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍ പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളും പുണ്യഫലങ്ങളും.
ഗണപതിഹോമം :- പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനിക്കും. സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.

ലക്ഷ്മികുബേരഹോമം :- സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.
സുദര്‍ശനഹോമം :- ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശനഹോമം നടത്തുന്നത്.
മൃത്യുഞ്ജയഹോമം :- ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ശിവങ്കല്‍ മൃത്യുഞ്ജയഹോമം നടത്തുന്നു.
നവഗ്രഹഹോമം :- രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു.
ആയുര്‍ഹോമം :- ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.
സ്വയംവരഹോമം :- വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.
ചണ്‍ഡികാഹോമം :- ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്‍ഡികാഹോമം നടത്തുന്നു.
ഐക്യമത്യഹോമം :- അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.
ദേവപ്രശ്നവും പരിഹാരങ്ങളും

ഏത് അമ്പലത്തിലും, നിത്യനിദാനാദികള്‍ എത്ര നിഷ്കര്‍ഷിച്ചാലും ചൈതന്യഹാനി വരും എന്നാണു ശാസ്ത്രവിധി. 12 കൊല്ലം കൂടുമ്പോള്‍ അമ്പലങ്ങളില്‍ ദേവപ്രശ്നം നടത്തണം. പ്രശ്നവശാല്‍ കാണുന്ന ദോഷപരിഹാരങ്ങള്‍ ചെയ്യണം. ചൈതന്യം പൂര്‍ണമായി നിലനിന്നില്ലെങ്കില്‍ പ്രതിഷ്ഠാമൂര്‍ത്തിയുടെ നിഗ്രഹാനുഗ്രഹശക്തിയ്ക്ക് കോട്ടംതട്ടും. പ്രാര്‍ത്ഥന ഫലിക്കുകയില്ല. ഓരോ വ്യാഴവട്ടം തോറും ദേവന്റെ സൂക്ഷ്മശരീരമായ ബിംബത്തിനും സ്ഥൂലശരീരമായ ക്ഷേത്രവാസ്തുശില്പസമുച്ചയത്തിനും ഉള്ള ദോഷങ്ങള്‍ പരിഹരിച്ചുകൊണ്ടിരുന്നാല്‍, ദേവന്റെ ചൈതന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും

തന്ത്രി ഓരോ ക്ഷേത്രത്തിലും സ്ഥിരമാണ്. മാറ്റമില്ല. എന്നാല്‍ മാന്ത്രികന്‍ സ്ഥിരമായിട്ടില്ല. പ്രശ്നത്തില്‍ “ഒഴിവുകാണുന്ന” മാന്ത്രികനെ കൊണ്ടാണ് പരിഹാരകര്‍മ്മങ്ങള്‍ ചെയ്യിക്കേണ്ടത്.

ക്ഷേത്രം പണിയാന്‍ ആലോചിച്ചാല്‍ ആചാര്യനെ വരിക്കലാണ് (തന്ത്രിയെ നിശ്ചയിക്കലാണ്) ആദ്യത്തെ ചടങ്ങ്. പിന്നെ ആ ക്ഷേത്രത്തില്‍ തന്ത്രിസ്ഥാനം ആചാര്യകുടുംബ പരമ്പരയ്ക്കുള്ളതാണ് എന്നെന്നും. ദേവന് പിതൃസ്ഥാനീയനാണ് തന്ത്രി.

ശനിദോഷത്തിന് ശനീശ്വരപൂജ
നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ് ശ്രീധര്‍മ്മശാസ്താവ്. അയ്യപ്പനും ധര്‍മ്മശാസ്താവും രണ്ടാണ്. മഹാവിഷ്ണുവിന്റെ മോഹിനിരൂപത്തെ കാമിച്ച് മഹേശ്വരനുണ്ടായ പുത്രനാണ് ധര്‍മ്മശാസ്താവ്. ധര്‍മ്മശാസ്താവിന്റെ അംശാവാതാരമാണ് ശ്രീഅയ്യപ്പന്‍. തീരാദുരിതങ്ങള്‍ക്കും ശനിദോഷശമനത്തിനുമായി കലിയുഗവരദനായ അയ്യപ്പനെ ശരണം പ്രാപിക്കാം… ഈ ഭൂമിയില്‍ പിറന്നുവീണ എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും. ജനനസമയം അനുസരിച്ച് ശനിദോഷത്തിന്റെ ശക്തി കൂടിയും കുറഞ്ഞുമിരിക്കും. ചിലരുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെല്ലാം നടക്കുന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിലായിരിക്കും. യൌവനത്തിലെ ശനിദശയ്ക്കയിരിക്കും കാഠിന്യം. ബാല്യത്തിലും വാര്‍ദ്ധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും. എന്നാല്‍ ചില വ്യക്തികളെ ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. ഒരുവന്റെ പൂര്‍വ്വ ജന്മ പ്രാരാബ്ധങ്ങളെല്ലാം അവനവന്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം. എന്നിരുന്നാലും നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനീശ്വരപൂജ ചെയ്യുന്നതും അയ്യപ്പസ്വാമിക്ക് എള്ള്തിരി കത്തിക്കുന്നതും എള്ള്പായസം കഴിക്കുന്നതും അതിലുപരി അയ്യപ്പസ്വാമിക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ ദര്‍ശനം നടത്തുന്നതും ശനിദോഷശാന്തിക്ക് ഉത്തമമാണ്. ധര്‍മ്മശാസ്താവിന് മുമ്പില്‍ മുട്ടിയുടച്ച നാളികേരം മുറിയില്‍ എണ്ണയൊഴിച്ച് നീരാഞ്ജനം കത്തിക്കുന്നത് അത്യന്തം ശ്രേയസ്കരമാണ്.
” നീലാഞ്ജന സമാഭാസം – രവിപുത്രം യാമാഗ്രജം ച്ഛായ
മാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചര്യം.”

ശനിയാഴ്ച കാക്കയ്ക്ക് പച്ചരിയും എള്ളും കലര്‍ത്തി നനച്ച് കൊടുക്കാം. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും നല്ലതാണ്.
നാളീകേരം ഉടയ്ക്കല്‍

നാളീകേരമുടയ്ക്കല്‍ ഇന്ന് സാധാരണയായി നടന്നുവരാറുള്ള ഒരു ആചാരമാണ്. ഗണപതി ഭഗവാനാണ് സാധാരണയായി നാളീകേരം ഉടയ്ക്കുന്നത്. നാളീകേരം തലയ്ക്കുഴിയുമ്പോള്‍ സര്‍വ്വപാപങ്ങളും ദോഷങ്ങളും മാറി കിട്ടുന്നു. നാളീകേരം ഒരിയ്ക്കല്‍ പോട്ടിയില്ലെങ്കില്‍ അത് വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ തേങ്ങ വാങ്ങി വീണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. തേങ്ങ എറിഞ്ഞുടയ്ക്കാന്‍ താന്‍ അശക്തനാണ് എന്ന് തോന്നിയാല്‍ വേറൊരു വ്യക്തി വശം തേങ്ങ നല്‍കി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിയ്ക്കും സന്താനസൌഭാഗ്യത്തിന് മലയാലപ്പുഴക്ഷേത്രത്തിലെ ഗണപതിയ്ക്കും തേങ്ങ ഉടയ്ക്കുന്നത് ഉത്തമമാണ്.

പിതൃതര്‍പ്പണം / ബലി

ഹിന്ദുആചാരപ്രകാരം പുരുഷപ്രജയുടെ കര്‍ത്തവ്യമാണ് പിതൃകര്‍മ്മം ചെയ്യുക എന്നത്. പിതൃകര്‍മ്മം ചെയ്യാതിരുന്നാല്‍ അതിന്റെ ദോഷം പിതൃക്കള്‍ക്ക് മാത്രമല്ല, കുടുംബത്തിനും തലമുറയ്ക്കുമാണ്‌. പരേതാത്മാക്കളെ കര്‍മ്മങ്ങളാല്‍ നാരായണ ലോകത്തിലേക്ക് എത്തിക്കുക എന്നതാണ് ബലികര്‍മ്മങ്ങളുടെ ലക്‌ഷ്യം. ഈശ്വരസാന്നിധ്യം ഉള്ള സ്ഥലങ്ങളില്‍ എവിടെ വേണമെങ്കിലും ബലിയിടാം. കാശിയിലോ രാമേശ്വരത്തോ പോയി ബലിയിട്ട് നിര്‍ത്തി എന്ന രീതി ശരിയല്ല. പിതൃക്കളുടെ മോക്ഷത്തിന് അഞ്ച് തലമുറ ബലിമുടങ്ങാതെ ഇടണം എന്നാണ് ശാസ്ത്രം. ബലി മുടക്കം വരുത്തി നടത്താത്തതുമൂലം പരേതാത്മാക്കളുടെ പുണ്യം കുറയുകയും അവ സ്വജനങ്ങളെ തേടി വരികയും ചെയ്യുന്നു. അത് പിന്നീട് ബാധയായി തീരുന്നു.
ബലി ഇടുന്നത്

പത്മമിട്ട് പരദേവതകളെ പൂജ ചെയ്യുന്ന അതേ ചടങ്ങുതന്നെയാണ് ബലികര്‍മ്മത്തിന്റെയും. പിതൃക്കളെ ദേവതുല്യമായി സങ്കല്‍പ്പിച്ച് നടത്തുന്ന പൂജയാണിത്. തറ തളിച്ച് മെഴുകി ശുദ്ധിവരുത്തി ദര്‍ഭ നിരത്തി ഗുച്ചം കെട്ടി വിഗ്രഹം സങ്കല്‍പ്പിച്ച് ജലാദിജലാന്തം പൂജചെയ്ത് ആവാഹിച്ച്‌ പിണ്ഡം വച്ച്, എള്ളുതിരുമ്മി, എണ്ണയൊഴിച്ച് ജലം ചേര്‍ത്ത് അഭിഷേകം ചെയ്തിട്ട് വസ്ത്രത്തിന്റെ നൂല്‍ വസ്ത്രമായി സങ്കല്‍പ്പിച്ച് ചാര്‍ത്തി, ചന്ദനം, പൂവ് എന്നിവ ചാര്‍ത്തി വീണ്ടും പൂജകള്‍ ചെയ്ത് പിതൃകളെ ഉദ്വസിച്ചു മാറ്റുന്ന ശരിയായ പൂജയാണ് ബലികര്‍മ്മം. നാരായണ മന്ത്രത്താല്‍ പിതൃക്കളെ വിഷ്ണുലോകത്തിലെത്തിക്കുന്നതാണ് ബലി. ബ്രാഹ്മണരുടെ നിത്യകര്‍മ്മത്തില്‍ പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുന്ന ചടങ്ങ് ശ്രദ്ധേയമാണ്.
ബ്രാഹ്മണര്‍ ബലികര്‍മ്മങ്ങളില്‍ ദര്‍ഭയാണ് ഉപയോഗിക്കിന്നത് എങ്കില്‍ മറ്റുജാതിക്കാര്‍ കറുകയാണ് ഉപയോഗിക്കുന്നത്. ബലി കര്‍മ്മങ്ങളില്‍ ഏറെ പ്രാധാന്യം എള്ളിനും നീരിനുമാണ്. വിഷ്ണുവിന്റെ ദേഹത്തില്‍ നിന്നും ഉത്ഭവിച്ച എള്ളിന് സര്‍വ്വപാപങ്ങളെയും ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് വിശ്വാസം. ആചാര്യന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് സ്വന്തമായി ബലിയിടാം. കറുകകൊണ്ട് പവിത്രംകെട്ടി വലതുകയ്യിലെ അണിവിരലില്‍ ഇടുക. കിണ്ടിയില്‍ ചെറുളയും ചന്ദനവും ചേര്‍ത്തശേഷം പവിത്ര വിരല്‍ കിണ്ടിയില്‍ മുക്കി ഇടതുകരം മീതേ വച്ച് ഗംഗാദേവിയെ മനസ്സില്‍ സ്മരിച്ച് തീര്‍ത്ഥം വിധിപ്രകാരം നിര്‍മ്മിക്കാം. ശുദ്ധമാക്കിയ തറയില്‍ കറുകത്തല തെക്കോട്ട്‌ വച്ച് നിരത്തി അതില്‍ സ്വന്തം വംശത്തിലുള്ള പിതൃക്കളേയും പിതൃപിതാമഹന്മാരെയും ആവാഹിച്ച് പിണ്ഡം വെയ്ക്കുകയും, നീരും എള്ളും, പൂവും ജലാദിജലാന്തം നല്‍കി പിതൃക്കളെ തൃപ്തിപ്പെടുത്തി പരലോകത്തില്‍ അയയ്ക്കുകയും ചെയ്യുന്നു. ഭൂമിയ്ക്ക് മുകളിലുള്ള പിതൃലോകത്ത് ആത്മാവ് ജലത്വമാണ് അതിനാലാണ് പിതൃതര്‍പ്പണം നാം ജലത്തില്‍ നല്‍കുന്നത്.

അമാവാസിവ്രതം

പ്രധാനമായും പിതൃക്കളെ പ്രീതിപ്പെടുത്തുന്നത്തിനുള്ള വ്രതമാണിത്. സമ്പത്ത്, ആരോഗ്യസംരക്ഷണം, സന്താനാഭിവൃദ്ധി ഇവയും ഫലശ്രുതിയില്‍ പറയുന്നു.

സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ സംഗമിക്കുന്ന ദിനമാണ് അമാവാസി. അമാവാസിയുടെ തലേന്നുതന്നെ വ്രതമാരംഭിക്കണം. തലേന്നു കുളിച്ചു ശുദ്ധമായി ഒരിക്കലൂണ്, അമാവാസിനാളില്‍ പുണ്യതീര്‍ഥസ്നാനം , ബലിതര്‍പ്പണം. ഒരിക്കലൂണ് ഇവ കഴിച്ച് അന്ന് വ്രതശുദ്ധിയില്‍ കഴിയുക.

കുടുംബത്തില്‍ മരിച്ചുപോയ പിതൃക്കള്‍ക്കെല്ലാവര്‍ക്കും വേണ്ടി അന്ന് ബലിതര്‍പ്പണം നടത്തുന്നു.
തുലാം അമാവാസി, കര്‍ക്കിടക അമാവാസി ഇവയ്ക്കു ഏറെ പ്രാധാന്യമുണ്ട്.

അമാവാസി വ്രതവും ബലിതര്‍പ്പണവും വംശത്തിന്ടെ സര്‍വ്വതോമുഖമായ അഭിവൃദ്ധി ഉണ്ടാക്കുമെന്നും ഫലശ്രുതിയിലുണ്ട്.
ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം
ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.
1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം.

2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.
3. വീടിന്ടെ കിഴക്കുവശത്ത്‌ ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.

4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്‍ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം.

ഗ്രന്ഥം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമണേന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.
5. വീടിന്ടെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം.
6. ക്ഷേത്രദര്‍ശനത്തിനു സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.
7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.
8. ഒരു ആവണപ്പലക.
9. തടിയില്‍ നിര്‍മ്മിച്ച പിച്ചളകൊണ്ട് കെട്ടിയ ഒരു പറ.

10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തുണി.
11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.
12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം.
കുറഞ്ഞത്‌ ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.
Grahasta

കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌.

നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.

അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും.

നാസ്തികത,വേദനിന്ദ,ദേവനിന്ദ,ദേഷ്യം,ഡംഭ്‌,ദുരഭിമാനം,ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.

പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.

അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും,ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല.

അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.

പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം,ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.

സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.

പ്രയോജനമില്ലാതെ കൈകള്‍കൊണ്ട്‌ എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.

ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ ,തുളസിയിലയോ മുടിയില്‍ ചൂടരുത്‌.

ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്‌.

ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌.

സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.

വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്‌.

അമിതമായി ഭക്ഷിക്കരുത്‌.

മടിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കരുത്‌.

വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്‌.

ഒന്നിനെയും‌ ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.

നൂറു വര്‍ഷത്തേക്ക്‌ വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്‌.
ഉച്ച വെയില്‍, ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്‌.

രണ്ടു കൈകളുംകൊണ്ട്‌ തലചൊറിയരുത്‌. തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.
ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്‌.

അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍,ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത്‌ ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്‌.

അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വ്രദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.

സന്ധ്യക്ക്‌ മുടി ചീകരുത്‌.

അനുമതി കൂടാതെ അന്യന്റെ വാഹനം,കിടക്ക,ഇരിപ്പിടം,കിണര്‍,വീട്‌,തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.

കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും,എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.

സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.

സന്ധ്യാ സമയത്ത്‌ സ്ത്രീസംഗം പാടില്ല.

ഭക്ഷണം,ദാനം,മൈഥുനം,ഉപവാസം,വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.

ആയുസ്സ്‌,ധനം,സ്ത്രീസംസര്‍ഗ്ഗം,മന്ത്രം,ഔഷധദാനം,മറ്റൊരുത്തനാല്‍ നേരിട്ട അപമാനം,മാനം,ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.

സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും ,ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.
മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്‌.

ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്‌.

യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്‌.

ഇത്‌ മറ്റൊരള്‍ക്ക്‌ എന്ന് പറഞ്ഞ്‌ വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്‌.

ഭര്യ രക്ഷിക്കപ്പെട്ടാല്‍ സന്താനം രക്ഷിക്കപ്പെടും ,സന്താനം രക്ഷിക്കപ്പെട്ടാല്‍ ആത്മാവ്‌ രക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.

മദ്യപാനം,ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം,ഭര്‍ത്രവിരഹം,പരദൂഷണം,ചുറ്റിത്തിരിയല്‍,പകലുറക്കം,അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.

അന്യദേശത്ത്‌ പോകുന്ന ഭര്‍തതാവ്‌ ഭാര്യയുടെ ഉപ്ജീവനാദികള്‍ക്കുള്ള ഏര്‍പ്പട്‌ ചെയ്തിട്ടെ പോകാവൂ.

ബ്രഹ്മഹത്യ,നിഷിദ്ധ മദ്യം സേവിക്കല്‍,മോഷണം,ഗുരുപത്നീ ഗമനം,ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച്‌ മഹാപാതകങ്ങള്‍.

ഉറങ്ങുക, ഉറക്കമൊഴിക്കുക,കുളിക്കുക,ഇരിക്കുക,കിടക്കുക,വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്‌.

ഭക്ഷണസമയത്ത്‌ സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്‌. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്‌.

നാലും കൂടിയ വഴിം തറകെട്ടിയ വൃക്ഷം‌,പൂന്തോട്ടം,ദുഷ്ടസ്ത്രീകളുടെ ഗൃഹം‌ എന്നിവടങ്ങളില്‍ രാത്രി പോകാന്‍ പാടില്ല.

ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.

കലഹം,വൈരം എന്നിവ കഴിവതും ഒഴിവാക്കണം. ദേവപൂജ, പിതൃപൂജ,അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭ ഫലങ്ങള്‍ കൈവരും.