[slick_weather]
31
August 2018

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം;സോണിയ ഗാന്ധിപ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് ഇന്ന് അത്താഴ വിരുന്ന് നല്‍കും

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തപ്പെടുത്താന്‍ സോണിയ ഗാന്ധിപ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് ഇന്ന് അത്താഴ വിരുന്ന് നല്‍കും. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തമാക്കുകയാണ് ലക്ഷ്യം.ബി.ജെ.പി, കോണ്‍ഗ്രസ് ഇതര മുന്നണി രൂപീകരിക്കാനുള്ള പ്രാദേശിക കക്ഷികളുടെ ശ്രമങ്ങള്‍ക്കിടെയാണ് സോണിയാ ഗാന്ധിയുടെ അത്താഴവിരുന്ന്. യു.പി.എയിലെയും എന്‍.ഡി.എയിലെയും പല പാര്‍ട്ടികളും ഇടഞ്ഞ് നില്‍ക്കുന്ന വേളയിലാണ് സോണിയയുടെ വിരുന്നെന്നതും ശ്രദ്ധേയമാണ്.

ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു ശരത് യാദവ് വിഭാഗം, ഇടത് പക്ഷം തുടങ്ങിയ അത്താഴ വിരുന്നിലേക്ക് ക്ഷണമുണ്ട്. ടി.എം.സി നേതാവ് മമത ബാനര്‍ജി വിരുന്നില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.

എന്നാല്‍ ബി.ജെ.പി, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിക്കായി കരുക്കള്‍ നീക്കുന്ന ടി.ആര്‍.എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവിനെയും എന്‍.ഡി.എ സര്‍ക്കാറില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ച ആന്ധ്രയിലെ തെലുങ്കുദേശം പാര്‍ട്ടിയെയും ക്ഷണിച്ചിട്ടില്ല.തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാദ്യായ, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ഡി.എം.കെയുടെ കനിമൊഴി, സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് രാം ഗോപാല്‍ യാദവ് എന്നിവരെ കൂടാതെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐയുടെ ഡി.രാജ എന്നിവരും വിരുന്നില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.