എംബിബിഎസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;മരണകാരണം പോലീസ് അനേഷിക്കുന്നു

കോഴിക്കോട്: കെഎംസിടി മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ മരണ കാരണം വ്യക്തമായിട്ടില്ല. ദുരൂഹ മരണത്തിന് മുക്കം പൊലീസ് കേസെടുത്തിരുന്നു.അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥിനി തൃശൂർ ഇടത്തിരുത്തി സ്വദേശി ഊഷ്മൾ ഉല്ലാസാണ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
വീഴ്ചയിൽ ഇരുകാലിനും, നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഊഷ്മൾ കെ എം സി ടി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇന്നലെ വൈകുന്നേരം 4:45 ഓടെയായിരുന്നു സംഭവം. ആത്മഹത്യ ചെയ്ത ഊഷ്മൾ ഉല്ലാസിന്‍റെ റൂമിൽ നിന്നും പൊലീസ് കണ്ടെടുത്ത ഡയറിയിൽ കോളജിനെ കുറിച്ചോ സഹപാഠികളെ കുറിച്ചോ മോശമായ പരാമർശങ്ങൾ ഇല്ല എന്നാണറിയുന്നത്.

എന്നാൽ സഹപാഠികളുമായി പ്രശ്നമുണ്ടായിരുന്നു എന്ന് സംശയിക്കത്തക്ക ഒരു കുറിപ്പ് വിദ്യാർത്ഥിനിയുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ ഉണ്ട്. താൻ മുമ്പ് എഴുതിയ ഒരു കുറിപ്പുമായി ബന്ധപ്പെട്ട് കെ എം സി ടി കൺഫെഷൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന മോശം കമൻറിനെ കുറിച്ചുള്ള താണ് നവംബർ 13ന് ഊഷ്മിൾ എഴുതിയ അവസാനത്തെ പോസ്റ്റ്.

ഗ്രൂപ്പിൽ ഉണ്ടായ ചർച്ചയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. കുറിപ്പിൽ പരാമർശിക്കുന്ന വിദ്യാർത്ഥി മറുപടി കുറിപ്പും എഴുതിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷിച്ച് ദുരൂഹത നീക്കാനാണ് പൊലീസ് ശ്രമം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഊഷ്മളിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.