[slick_weather]
26
October 2018

സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ ആദ്യദിനത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എറണാകുളം ജില്ല ഒന്‍പതു സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവുമായി 88 പോയിന്റുമായി മുന്നിൽ

തിരുവനന്തപുരം:62–ാമത് സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ ആദ്യദിനത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എറണാകുളം ജില്ല മുന്നില്‍. രണ്ടു മീറ്റ് റെക്കോര്‍ഡുകള്‍ പിറന്ന ആദ്യദിനത്തില്‍, ഒന്‍പതു സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവുമായി 88 പോയിന്റുമായാണ് എറണാകുളം മുന്നിലെത്തിയത്.

ആറു സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവും ഉള്‍പ്പെടെ 46 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്. നാലുവീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്.

സ്‌കൂളുകളില്‍ മൂന്നു വീതം സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെട 25 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ കോതമംഗലം മാര്‍ ബേസില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 23 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് തൊട്ടുപിന്നിലുണ്ട്. സെന്റ് ജോസഫ് പുല്ലൂരാംപാറ, കെ എച്ച് എസ് കുമാരംപുത്തൂര്‍, നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് എച്ച്എസ്എസ് എന്നിവര്‍ പിന്നിലുണ്ട്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ്സിലെ സാന്ദ്ര എ എസ്, ആണ്‍കുട്ടികളുടെ പോള്‍വോട്ടില്‍ കുമാരംപുത്തൂര്‍ കെ എച്ച് എസ്സിലെ മുഹമ്മദ് ബാസിം എന്നിവരാണ് റെക്കോര്‍ഡിട്ടത്. 400 മീറ്റര്‍ 55.95 സെക്കന്‍റില്‍ ഓടിയെത്തിയാണ് സാന്ദ്ര എ എസ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2014ല്‍ ജിസ്‌ന മാത്യു സ്ഥാപിച്ച 56.04 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് സാന്ദ്ര തിരുത്തിയത്. പോള്‍വോള്‍ട്ടില്‍ 4.06 മീറ്റര്‍ പിന്നിട്ടാണ് മുഹമ്മദ് ബാസിം മീറ്റ് റെക്കോര്‍ഡ് കുറിച്ചത്. 2016ല്‍ അനീഷ് മധു സ്ഥാപിച്ച 4.05 മീറ്ററിന്റെ റെക്കോര്‍ഡാണ് ബാസിം തിരുത്തിയത്.

അതേസമയം, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്‍ റോസ് ടോമി മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചതായി ആദ്യം സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതു പിന്നീടു തിരുത്തി. 100 മീറ്റര്‍ ഹര്‍ഡില്‍സ് 14.72 സെക്കന്‍റില്‍ പൂര്‍ത്തിയാക്കിയ ആന്‍ റോസും രണ്ടാമതെത്തിയ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അതുല്യ പി. സജിയും നിലവിലെ റെക്കോര്‍ഡ് മറികടന്നെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. 14.90 സെക്കന്‍ഡിലാണ് അതുല്യ മല്‍സരം പൂര്‍ത്തിയാക്കിയത്.

പോയിന്‍റ് നില:

1. എറണാകുളം – 88 (9 സ്വര്‍ണം, 12 വെള്ളി, 7 വെങ്കലം) 2. പാലക്കാട് – 46 (6 സ്വര്‍ണം, 4 വെള്ളി, 4 വെങ്കലം)

2. പാലക്കാട് – 46 (6 സ്വര്‍ണം, 4 വെള്ളി, 4 വെങ്കലം) 3. കോഴിക്കോട് – 35 (4 സ്വര്‍ണം, 4 വെള്ളി, 3 വെങ്കലം)

3. കോഴിക്കോട് – 35 (4 സ്വര്‍ണം, 4 വെള്ളി, 3 വെങ്കലം)

4. തൃശൂര്‍ – 31 (3 സ്വര്‍ണം, 5 വെള്ളി, 1 വെങ്കലം)

5 ആലപ്പുഴ – 24 (4 സ്വര്‍ണം, 4 വെങ്കലം)

6. തിരുവനന്തപുരം – 23 (2 സ്വര്‍ണം, 2 വെള്ളി, 7 വെങ്കലം)

7. കോട്ടയം – 9 (ഒരു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം)

8. കണ്ണൂര്‍ – 8 (രണ്ടു വെള്ളി, രണ്ടു വെങ്കലം)

9. കാസര്‍കോട് – 5 (ഒരു സ്വര്‍ണം)

10. മലപ്പുറം – 5 (ഒരു സ്വര്‍ണം)

11. പത്തനംതിട്ട – 3 (ഒരു വെള്ളി)

12. ഇടുക്കി – 1 (ഒരു വെങ്കലം)

13. കൊല്ലം – 1 (ഒരു വെങ്കലം)