[slick_weather]
18
November 2017

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ : മന്ത്രി മാത്യു ടി തോമസ്

കൊച്ചി:ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന നിയമനിര്‍മ്മാണം നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ പരുതപ്പുഴ ചെക്ക് ഡാം കം ട്രാക്ടര്‍ പാസേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നദികളും കുളങ്ങളുമടക്കമുള്ള ജലസ്രോതസ്സുകളില്‍ പലവിധ മാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്ന പ്രവണത തടയണം. ജലസ്രോതസ്സുകള്‍ മാലിന്യ വിമുക്തമാക്കുന്നതിന് നിയമനിര്‍മാണമടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. മാലിന്യവിമുക്ത ജലസ്രോതസ്സുകള്‍ക്കായി വിവിധ പദ്ധതികളും ആസൂത്രണം ചെയ്യും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് മുന്‍ഗണന നല്‍കും. ഒരുതുള്ളി വെള്ളംപോലും നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള പ്രവര്‍ത്തികള്‍ ആവശ്യമാണ്. ജലസംരക്ഷണം സംസ്‌കാരം ആക്കണം എന്നും മന്ത്രി പറഞ്ഞു.

മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തിനെയും ഇടുക്കി ജില്ലയിലെ കോടിക്കുളം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിച്ച് കാളിയാര്‍ പുഴയ്ക്കു കുറുകേയാണ് പരുതപ്പുഴ ചെക്ക് ഡാം കം ട്രാക്ടര്‍ പാസേജ് നിര്‍മ്മിച്ചിരിക്കുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് 135 ലക്ഷം രൂപ ചെലവില്‍ ഇത് പണിതത്. ഏഴ് മീറ്റര്‍ വീതം നീളമുള്ള 10 സ്പാനുകളിലായി നിര്‍മിച്ച ട്രാക്ടര്‍ പാസേജിന് ആകെ 70 മീറ്റര്‍ നീളമുണ്ട്. ട്രാക്ടര്‍ പാസേജിനു താഴെ തൂണുകളെ തമ്മില്‍ ബന്ധിപ്പിച്ച് 1.80 മീറ്റര്‍ ഉയരമുള്ള ചെക്ക് ഡാമും നിര്‍മിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലലഭ്യത പദ്ധതി പൂര്‍ത്തീകരിച്ചതോടെ ഉറപ്പാകും. രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രാക്ടര്‍ പാസേജ് ജനങ്ങളുടെ സഞ്ചാരത്തിനും സമഗ്ര വികസനത്തിനും പ്രയോജനപ്പെടും. കൂടാതെ കടവൂര്‍ ജംഗ്ഷനില്‍ നിന്നും കോടിക്കുളം ഇല്ലിച്ചുവടു വഴി തൊടുപുഴ റൂട്ടില്‍ യാത്രാദൂരം മൂന്നുകിലോമീറ്റര്‍ കുറവുവരും. പിണ്ടിക്കയം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കും ചെക്ക് ഡാമിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കുടിവെള്ള പദ്ധതികള്‍ക്കും ഗുണം ലഭിക്കും.

എല്‍ദോ എബ്രഹാം എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. പൈങ്ങോട്ടൂരില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി 23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് എന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ആന്റണി ജോണ്‍ എംഎല്‍എ, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുല്‍ ഷുക്കൂര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് എഞ്ചിനീയര്‍ കെ എ ജോഷി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.