[slick_weather]
18
December 2017

കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

കോഴിക്കോട് : സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ കർണാടകയെ ഗോൾ രഹിത സമനിലയിൽ തളച്ചു ഗ്രൂപ്പ് ചാമ്പ്യന്മാരായികേരളം ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടി. മൂന്നു കളികളിൽ രണ്ടു ജയവും ഒരു സമനിലയുമുൾപ്പെടെ ഏഴു പോയിന്റുമായാണ് കേരളം മുന്നേറിയത്.

ആദ്യ മത്സരത്തിൽ പുതുച്ചേരിയെ 3-0-നു പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തിൽ ആന്ധ്രയെ ഇതേ മാർജിനു തന്നെ കീഴടക്കിയിരുന്നു. ഇതോടെ, ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമുൾപ്പെടെ നാലു പോയിന്റുമായി കർണാടകയും ആന്ധ്രയും പുറത്തായി.
ആദ്യ രണ്ടു കളികളിലും തോറ്റ പുതുച്ചേരി നേരത്തെ തന്നെ പുറത്തായിരുന്നു. അവസാന മത്സരത്തിൽ ആന്ധ്രയെ സമനിലയിൽ തളച്ചത് അവർക്കു ആശ്വാസമായി.
ആദ്യ രണ്ടു കളികളിലും മികവു കാട്ടിയ കേരളം കർണാടകയ്‌ക്കെതിരെ അതേ പോരാട്ടവീര്യം പുറത്തെടുത്തില്ല. ഫൈനൽ റൗണ്ട് ഉറപ്പിക്കാൻ സമനിലമതിയെന്നിരിക്കെ പ്രതിരോധത്തിലൂന്നിയ പ്രകടനമായിരുന്നു കേരളം പുറത്തെടുത്തത്. ഒടുവിൽ വിരസമായ സമനിലയിലൂടെ കേരളം ലക്ഷ്യം കാണുകയും ചെയ്തു.