[slick_weather]
14
February 2019

സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്കാൻ വൃക്ക വിൽക്കാൻ ശ്രമം

തൊടുപുഴ: പ്രളയ ദുരിതാശ്വസത്തിന്‍റെ ഭാഗമായി തകർന്ന വീടുകൾ നന്നാക്കുന്നതിനുള്ള സർക്കാർ സഹായം ലഭിക്കാൻ കൈക്കൂലി ആവശ്യപ്പെടുന്നതായി പരാതി. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശിയായ തണ്ണിക്കോട്ട് ജോസഫാണ് ഉദ്യോഗസ്ഥർക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. കൈക്കൂലി കൊടുക്കാത്തതിനാൽ സഹായം കിട്ടിയില്ലെന്നാണ് പരാതി. ഇതിനെ തുടർന്ന് വീടിന്‍റെ ഭിത്തിയിൽ വൃക്ക വിൽക്കാനുണ്ടെന്ന പരസ്യം കരിക്കട്ട കൊണ്ട് ജോസഫ് എഴുതി വച്ചിരിക്കുകയാണ്.

വെള്ളത്തൂവൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് മുസ്ലിം പള്ളിപ്പടിക്ക് സമീപമാണ് ജോസഫിന്‍റെ വീട്. അദ്ദേഹത്തിന്‍റെ വീടിന്‍റെ ഭിത്തിയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ.. ”ദുരന്തത്തിൽ മൂന്നു മുറികൾ തകർന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല. അതിനു പണം ഉണ്ടാക്കാൻ വൃക്ക വിൽപനയ്‌ക്ക്.”

അപകട നിലയിലായ വീട്ടിലെ ശേഷിക്കുന്ന ഒരു മുറിയിലാണു ജോസഫും ഭാര്യ ആലീസും കഴിയുന്നത്. രണ്ടു മുറികൾ വാടകയ്ക്കു നൽകിയായിരുന്നു ഇവർ നേരത്തെ വരുമാനം കണ്ടെത്തിയിരുന്നത്. കലക്ട്രേറ്റിലും പഞ്ചായത്തിലും സഹായം ചോദിച്ചു ചെന്നെങ്കിലും ഇതുവരെയൊന്നും ലഭിച്ചിട്ടില്ല.