[slick_weather]
27
May 2018

ശബരിമലയില്‍ ലഹരിവസ്തുക്കൾ ഉപയോഗിച്ച 400 പേർക്കെതിരെ നടപടി

ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ് ,പാൻമസാല തുടങ്ങിയവ ഉപയോഗിച്ച ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 425 പേർക്കെതിരെ നടപടിയെടുത്തതായി എക്സ്സൈസ് വകുപ്പ് അറിയിച്ചു . സിഗരറ്റ് ,പാൻമസാല ,ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ് നടപടി. ഭസ്മക്കുളം ,ബെയ്‌ലിപ്പാലം ,മരക്കൂട്ടം ,കൊപ്രാക്കളം, പാണ്ടിത്താവളം ,പുല്ലുമേട് ,ശരംകുത്തി ,ശബരിപീഠം തുടങ്ങിയ പ്രദേശങ്ങളിൽ എക്സ്സൈസ് സംഘം നടത്തിയ അന്വേഷണത്തിൽ രണ്ടു കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്‌ .

പൊതുസ്ഥലങ്ങളിൽ ഇവ ഉപയോഗിച്ചത്തിനു കുറ്റക്കാരിൽ നിന്നും 85000 രൂപ പിഴ ഈടാക്കിയതായും പമ്പ മുതൽ സന്നിധാനവും വരെ കർശന പരിശോധന തുടരുമെന്നും എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ മോഹനൻ അറിയിച്ചു .

അയ്യപ്പന്മാരില്‍നിന്നും കൈക്കൂലി വാങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ പിടിയില്‍
സന്നിധാനം വലിയനടപ്പന്തലില്‍ ക്യൂ നിന്ന അയ്യപ്പന്മാരില്‍നിന്നും കൈക്കൂലി വാങ്ങിയ ദിവസവേതനക്കാരനെ ദേവസ്വം വിജിലന്‍സ് പിടികൂടി. സെക്യൂരിറ്റി ജീവനക്കാരനായ ആലപ്പുഴ സ്വദേശി സോമനാണ് പിടിയിലായത്. ക്യൂ ഒഴിവാക്കി എളുപ്പത്തില്‍ ദര്‍ശനം നടത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ തീര്‍ഥാടകരില്‍നിന്ന് 700 രൂപ വീതം കൈപ്പറ്റിയിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ കൈവശം 17,000 രൂപയോളം ഉണ്ടായിരുന്നതായും തീര്‍ഥാടകരില്‍നിന്ന് ലഭിച്ചതാണ് ഈ പണമെന്ന് സമ്മതിച്ചതായും വിജിലന്‍സ് പറഞ്ഞു . ദേവസ്വം വിജിലന്‍സ് എസ്പി രതീഷ്‌കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത് .
കുടിവെള്ളം സുലഭമാക്കാൻ വിപുലമായ സൗകര്യങ്ങൾ
സന്നിധാനത്ത് അയ്യപ്പന്മാർക്ക് കുടിവെള്ളം സുലഭമാക്കുന്നതിന് ദേവസ്വം മരാമത്ത് രണ്ടു ദിവസത്തിനുള്ളിൽ വിപുലമായ സൗകര്യമൊരുക്കും.പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ആർ ഓ വാട്ടർ പ്ലാന്റ് വ്യാഴാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും.അയ്യപ്പന്മാർ ഏറ്റവും കൂടുതൽ വിരി വയ്ക്കുന്ന പാണ്ടിത്താവളത്തിൽ 15 പുതിയ കിയോസ്കുകൾ ആരംഭിക്കും .കൂടാതെ മൂന്ന് ഔഷധ ജല കൗണ്ടർ കൂടി ആരംഭിക്കുമെന്നും മരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു

സന്നിധാനത്ത് പതിനായിരം ലിറ്ററിന്റെ അഞ്ച് ആരോ വാട്ടർ ടാങ്കുകളും ആറ് യു പി പ്ലാന്റുകളുമാണ് ഉള്ളത് .232 ടാപ്പുകൾ വഴി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായും ദേവസ്വം മരാമത്ത് വ്യക്തമാക്കി .നിലവിൽ പമ്പ മുതൽ ചെളിക്കുഴിവരെ ജലവിതരണ സംവിധാനം ജല അതോറിറ്റിയാണ് ഏർപ്പെടുത്തിയിരിക്കുന്നത് .

പമ്പ മുതൽ മരക്കൂട്ടം വരെ 127 കിയോസ്കുകളും ടാപ്പുകളും സ്ഥാപിച്ചാണ് ജല അതോറിറ്റി അയ്യപ്പന്മാരുടെ ദാഹമകറ്റുന്നത്‌.ഓരോ 30 മീറ്ററിനുമിടയിലായി സ്ഥാപിച്ചിട്ടുള്ള കിയോസ്കുകൾ വഴി മണിക്കൂറിൽ 5000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട് . 7.1 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജല വിതരണ സംവിധാനം കാര്യക്ഷമമാണെന്നും ഭക്തർക്ക് ഒരു തരത്തിലും കുടിവെള്ള ക്ഷാമം ഉണ്ടാകില്ലെന്നും ജല അതോറിറ്റി വ്യക്തമാക്കി . മരക്കൂട്ടം വരെ ഔഷധ ജല വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ചൂട് കൂടിയ സാഹചര്യത്തിൽ പത്ത് ടാപ്പുകൾ അടങ്ങിയ കൂടുതൽ കിയോസ്കുകൾ സ്‌ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു
അപകട സാധ്യത മുന്നില്‍ കണ്ട് ഉരല്‍ക്കുഴി- പുല്‍മേട് പാതയില്‍ 200 വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കും

ശബരിമല :ഉരല്‍ക്കുഴി- പുല്‍മേട് വഴിയുള്ള പാതയില്‍ കൂടുതലായി 200 വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കും .ഇതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു. പമ്പ മുതല്‍ സന്നിധാനംവരെ എല്ലാ പാതകളിലുമുള്ള ദീപവിതാനത്തിന് അറ്റകുറ്റപണികള്‍ തുടരും . മരക്കൂട്ടത്ത് തീര്‍ത്ഥാടകര്‍ക്ക് വിശ്രമസൗകര്യത്തിനായി കെട്ടിയിട്ടുള്ള പന്തൽ കാരണം വെളിച്ചക്കുറവ് ഉണ്ടായിട്ടുണ്ടന്നും ഇത് പരിഹരിക്കാണാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു .സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കൂടുതല്‍ വിളക്കുകള്‍ സ്ഥാപിക്കുന്നത്. വിളക്കുകളിലോ ലൈനുകളിലോ ഉണ്ടാകുന്ന തകരാറുകളെക്കുറിച്ച്‌ 202024 എന്ന നമ്പറിൽ അറിയിക്കാം.

മകരവിളക്കിനോട് അനുബന്ധിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിക്കുന്നുണ്ടന്നും ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ കെഎസ്ഇബി തയ്യാറാണെന്നും അധികൃതർ അറിയിച്ചു.

വിർച്വൽ ക്യൂ ബുക്കിംഗ് 16 ലക്ഷം കടന്നു

ശബരിമല :ദർശനം സുഗമമാക്കുന്നതിന് കേരള പോലീസ് ആരംഭിച്ച ഓൺലൈൻ ബുക്കിംഗ് വഴി മണ്ഡലകാലത്ത് ഇതുവരെ ബുക്ക് ചെയ്തത് 16 ലക്ഷത്തിലേറെപ്പേർ . ഇതിൽ 7,82,849 പേരാണ് ബുധനാഴ്ച വരെ വിർച്വൽ ക്യൂവഴി ദർശനം നേടിയത് .തീർത്ഥാടനം ആരംഭിച്ച ശേഷം പമ്പയിലും സന്നിധാനത്തുമുള്ള തിരക്ക് കൂടി പരിഗണിച്ചാണ് ബുക്കിംഗ് അനുവദിക്കുന്നത് .വിർച്വൽ ക്യൂ കൂപ്പണുമായി പമ്പയിലെ വെരിഫിക്കേഷൻ സെന്ററിൽ എത്തി ബുക്കിംഗ് തിയതി കൺഫേം ചെയത് പാസ് വാങ്ങിയ ശേഷമാണ് തീർത്ഥാടകർ മലകയറ്റം തുടങ്ങേണ്ടത്.മരക്കൂട്ടം ചന്ദ്രാനന്ദൻ റോഡ് വഴി നടപ്പന്തലിൽ എത്താമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം.
ആന്ധ്ര,കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് ഇത്തവണ ഓൺലൈൻ ബുക്കിംഗ് സംവിധാനം കൂടുതലും ഉപയോഗപ്പെടുത്തിയത്.ബുക്കിങ് അനുവദിച്ച ദിവസം തന്നെ എത്തിച്ചേരണമെന്ന നിബന്ധന പാലിക്കാത്തവരെ വിർച്വൽ ക്യൂ വഴി പ്രവേശിപ്പിക്കില്ല.പോലീസ് ബറ്റാലിയൻ എ ഡി ജി പി യുടെ മേൽനോട്ടത്തിൽ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോയ്ക്കാണ് വിർച്വൽ ക്യൂവിന്റെ ചുമതല.ഈ മാസം 12 വരെ .www.sabarimalaq.com എന്ന വെബ്പോര്‍ട്ടൽ വഴി ഈ സംവിധാനം തീർത്ഥാടകർക്ക് പ്രയോജനപ്പെടുത്താം.
വിർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിനൊപ്പം ശബരിമല തീർഥാടകർക്കായി കേരള പോലീസ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനും ഇക്കുറി വലിയ സ്വീകാര്യതയാണ് ലഭിച്ചത്.സന്നിധാനത്ത് ദർശനത്തിനായി തൽസമയം വേണ്ടിവരുന്ന കാത്തിരിപ്പു സമയം, പമ്പയിലെ വിവിധ പാർക്കിംഗ് സ്ഥലങ്ങളിലെ തൽസമയ ലഭ്യത, പമ്പയിലെയും സന്നിധാനത്തെയും കാലാവസ്ഥ, ശബരിമല റൂട്ട് മാപ് എന്നിവയും മൊബൈൽ ആപ്പിൽ ലഭിക്കും. അടുത്തുള്ള ആശുപത്രികൾ, പെട്രോൾ പമ്പുകൾ, പോലീസ് സ്റ്റേഷനുകൾ എന്നീ വിവരങ്ങളും ആപ്പ് വഴി അറിയാം.

ശബരിമല ട്രാക്ടർ സർവീസിന് പൊലീസ് നിയന്ത്രണം

ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ട്രാക്ടർ സർവീസുകൾക്കു പൊലീസ് നിയന്ത്രണമേർപ്പെടുത്തി.പകൽ പന്ത്രണ്ട് മണി മുതൽ നാല് വരെയും രാത്രി പത്ത് മുതൽ മൂന്നു വരെയുമാണ് ഇനി മുതൽ ട്രാക്ടർ സർവീസ് അനുവദിക്കുക.അതേ സമയം അത്യാവശ്യ സന്ദർഭങ്ങളിൽ സാഹചര്യമനുസരിച്ചും സർവീസ് അനുവദിക്കുമെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ എസ് സുരേന്ദ്രൻ അറിയിച്ചു .

തീർഥാടകരിൽ നിന്നും വിരികൾക്ക്‌ കൂടുതൽ നിരക്ക് ഈടാക്കിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് . .കൂടുതലായി ഈടാക്കിയ തുക അയ്യപ്പന്മാർക്കു തിരിച്ച് നൽകി . കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കിയതായും അദ്ദേഹം അറിയിച്ചു .മരക്കൂട്ടത്തു നിന്നും ചന്ദ്രാനന്ദൻ റോഡിലേക്ക് തീർഥാടകരെ അനുമതിയില്ലാതെ കടത്തി വിട്ട് പണം ഈടാക്കുന്ന ഡോളിക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട് . അഭൂതപൂർവമായ തിരക്ക് പരിഗണിച്ച് ദർശനവും മറ്റു ചടങ്ങുകളും പൂർത്തിയാക്കിയാലുടൻ തീർഥാടകർ സന്നിധാനത്ത് നിന്ന് മടങ്ങണമെന്നും പോലീസ് സ്പെഷ്യൽ ഓഫീസർ അഭ്യർത്ഥിച്ചു