[slick_weather]
27
May 2018

ശബരിമലയിലെത്തുന്ന തീർഥാടകർക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കും മുഖ്യമന്ത്രി

 

മകരവിളക്ക് മഹോത്സവത്തിനു ശബരിമലയിലെത്തുന്ന തീർഥാടകർക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മകരവിളക്ക് ഒരുക്കം അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീർഥാടകർക്ക് അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കണം. സന്നിധാനത്തും ക്യൂ കോംപ്ലക്സിലും ഉൾപ്പെടെ തീർഥാടകരുടെ തിരക്കു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടു കുറയ്ക്കാൻ നടപടിയെടുക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് അദ്ദേഹം നിർദേശിച്ചു. ശബരിമലയിലും പുല്ലുമേട്, ഉപ്പുപാറ, പാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്‌ഥലങ്ങളിലും മകരവിളക്ക് ദർശിക്കാൻ കഴിയുന്ന സ്‌ഥലങ്ങളിലും മറ്റു തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കണം.

പുല്ലുമേട് ഉൾപ്പെടെ തീർഥാടന പാതകളിൽ മതിയായ വെളിച്ചവും കുടിവെള്ളവും ഉറപ്പുവരുത്തണം. പമ്പയിൽ വെള്ളം മലിനമാകുന്നതു തടയാനും ആവശ്യമായ വെള്ളം സംഭരിക്കാനുമായി മകരവിളക്കു വരെ കൂടുതൽ വെള്ളം പമ്പയിലേക്ക് ഒഴുക്കിവിടാനും നിർദേശിച്ചു.

വൈദ്യുതിയും കുടിവെള്ളവും തടസമില്ലാതെ ലഭ്യമാക്കാൻ കെഎസ്ഇബി, വാട്ടർ അഥോറിറ്റി വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ ആരംഭിക്കണം. ഹൈക്കോടതിയുടെയും പറവൂർ അഡീഷണൽ ജില്ലാ ജഡ്ജിയുടെയും വിധിന്യായം പാലിച്ച് എരുമേലി പേട്ടതുള്ളൽ സമാധാനപരമായി നടത്താനുള്ള നടപടി സ്വീകരിക്കാൻ ദേവസ്വം ബോർഡിനും കോട്ടയം ജില്ലാ കളക്ടർക്കും കോട്ടയം എസ്പിക്കും മുഖ്യമന്ത്രി നിർദേശം നൽകി.

ഹോട്ടലുകളിലും മറ്റും ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഫയർ ഫോഴ്സും, ഓരോ മൂന്നു കിലോമീറ്റർ ദൂരത്തിലും ഉദ്യോഗസ്‌ഥരെ വിന്യസിക്കാനും സ്ക്വാഡ് പ്രവർത്തനം ഏകോപിപ്പിക്കാനും മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കണം. കോഴിക്കാനം, സത്രം എന്നിവിടങ്ങളിലേക്കു കൂടുതൽ സർവീസ് നടത്തണമെന്നു കെഎസ്ആർടിസിയോടും ആവശ്യമായ അസ്കാ ലൈറ്റുകൾ എല്ലാ ജില്ലകളിൽനിന്നു ലഭ്യമാക്കണമെന്നു പോലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം ശബരിമല ദർശന സമയം അഞ്ചു മണിക്കൂറോളം ദീർഘിപ്പിച്ചതു തീർഥാടകർക്ക് ഏറെ ഗുണകരമായെന്നും ഈ തീരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ യോഗത്തിൽ പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ ടീച്ചർ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗങ്ങളായ അജയ് തറയിൽ, കെ. രാഘവൻ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.

ശബരിമലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി- എക്‌സിക്യൂട്ടീവ് ഓഫീസര്‍

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയതായി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.രവിശങ്കര്‍ പറഞ്ഞു. സ്വാമിമാര്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങള്‍ പരമാവധി ഒരുക്കിയിട്ടുണ്ട്. വിശ്രമ സൗകര്യം ഉള്ളിടത്തെല്ലാം സ്വാമിമാര്‍ തമ്പടിക്കുന്നുണ്ട്. മലകയറിവരുന്ന സ്വാമിമാര്‍ക്ക് മരക്കൂട്ടത്ത് കുടുതല്‍ കുടിവെള്ള സൗകര്യം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരവണയും അപ്പവും പരിധിയില്ലാതെ ആവശ്യത്തിന് എല്ലാവര്‍ക്കും നല്‍കി വരുന്നുണ്ട്. വരുന്ന ദിവസങ്ങളിലും തടസ്സമില്ലാതെ അപ്പം അരവണ വിതരണവും നടത്തും. സന്നിധാനത്തെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകര വിളക്ക് മഹോത്സത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എല്ലാ ദിവസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്. ഭക്തരും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ തത്സമയം പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്

അയ്യപ്പസന്നിധിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം
.

വ്രതപുണ്യത്തിന്റെ നിറവില്‍ മകരവിളക്കിന്റെ മുന്നോടിയായി സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം. രാവും പകലുമില്ലാതെ രാജ്യത്തിനകത്തും പുറത്തും നിന്ന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അയ്യപ്പദര്‍ശനത്തിന് എല്ലാവര്‍ക്കും സൗകര്യമൊരുക്കി സന്നിധാനത്ത് ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. തിരക്കിനനുസരിച്ച് ഭക്തജനങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക ക്യു സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനനപാതകളില്‍ ശരണം വിളികളാല്‍ മുഖരിതമാണ്. ശരണവഴികളിലൂടെ മാളികപ്പുറങ്ങളും മണികണ്ഠസ്വാമികളും ഇരുമുടിക്കെട്ടുമായി ശബരീശന്റെ കാല്‍പ്പാദങ്ങള്‍ തേടിയെത്തുകയാണ്. കന്നിസ്വാമികള്‍ മുതല്‍ വര്‍ഷങ്ങളായി മുടങ്ങാതെയെത്തുന്നവരും സ്വാമിയെ കാണാനും മോക്ഷം തേടാനും ഒരേ മന്ത്രങ്ങളുമായി മലകയറുന്നു. കാനനത്തിലെ രാത്രികാലങ്ങളിലെ കടുത്ത തണുപ്പിനെയും ചുട്ടുപൊള്ളുന്ന പകലിനെയും മറികടന്നാണ് തീര്‍ഥാടകരുടെ മലകയറ്റം. കനത്തചൂടില്‍ ദാഹമകറ്റാന്‍ സ്വാമിമാര്‍ക്ക് തിളപ്പിച്ചാറിയ വെള്ളം വഴിയിലുടനീളം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. അടുത്തടുത്ത് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ധാരാളമുണ്ട്. വലിയ കയറ്റം കഴിഞ്ഞ് അപ്പാച്ചിമേടില്‍ ഒട്ടേറെ പേര്‍ ക്ഷീണമകറ്റുന്നു. മലകയറ്റത്തിന് പ്രായമായവരെയും ക്ഷീണിതരെയും സഹായിക്കാന്‍ ഡോളി വാഹകരും രംഗത്തുണ്ട്. ശരംകുത്തിക്ക് തൊട്ടുമുമ്പായി പോലീസ് പ്രത്യേക വെര്‍ച്യുല്‍ ക്യു ബുക്ക് ചെയ്തവരെ മറ്റൊരു കവാടത്തിലൂടെ കടത്തിവിട്ട് തിരക്ക് കുറയ്ക്കുന്നു.തീര്‍ത്ഥാടകര്‍ക്ക് ദാഹജലം നല്‍കാന്‍ നിരവധിയാളുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ശരംകുത്തിയില്‍ നിന്നും തുടങ്ങി സന്നിധാനം വരെ ഇടമുറിയാതെ ഭക്തജനങ്ങള്‍ പ്രവഹിക്കുകയാണ്. അതിനിടയില്‍ മകരവിളക്കിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസംവിധാനങ്ങളും ശക്തമാക്കി. മകരവിളക്ക് ദര്‍ശിക്കുന്നതിന് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും തമ്പടിക്കുന്നവര്‍ക്ക് പ്രത്യേക സുരക്ഷ നിര്‍ദ്ദേശങ്ങളുമായി അധികൃതരും ജാഗ്രതയിലാണ്.
നിലയ്ക്കല്‍ മുതല്‍ പമ്പ വരെ കെ.എസ്.ആര്‍.ടി സി ബസ്സുകള്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നുണ്ട്.കേരളത്തിന്റെ തമിഴ് നാടിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും ബസ്സുകള്‍ ശബരിമല ഉത്സവകാലം തുടങ്ങിയതുമുതല്‍ എത്തുന്നുണ്ട്. പമ്പയില്‍ സ്വാമിമാരെ ഇറക്കി അപ്പോള്‍ തന്നെ ഇവിടെ നിന്നും തിരിച്ചുപോകുന്ന വിധത്തിലാണ് ബസ്സുകളുടെ സര്‍വീസ് ക്രമീകരണം. സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകമായി സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്.പമ്പമുതല്‍ നിലയ്ക്കല്‍ വരെ പാതയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. പമ്പാ സ്‌നാനത്തിനുശേഷം നടപ്പന്തലില്‍ കയറുന്ന ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പോലീസ് ബാരിക്കേഡുകള്‍ ഇടവിട്ട് സ്ഥാപിച്ച് തിരക്ക് കുറയ്ക്കുന്നുണ്ട്. സന്നിധാനത്തിലേക്കുള്ള വഴിയിലും തിരക്ക് നിയന്ത്രിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ക്രമീകരണങ്ങളുണ്ടാകും.

കാനനപാതയിലുടെ അരനൂറ്റാണ്ടായി തുടരുന്ന തീര്‍ത്ഥാടനം

ബാലസുബ്രഹ്മണ്യന്റെ ജീവിതം അയ്യപ്പസ്വാമിക്കുള്ള ആത്മ സമര്‍പ്പണമാണ്. തമിഴ്‌നാട് ഈറോഡ് സ്വദേശിയായ ഈ എഴുപത്തിരണ്ടുകാരന്‍ 27 വര്‍ഷമായി കാനഡയിലെ ടൊറന്റോയിലാണ് താമസം. അദ്ദേഹം തുടര്‍ച്ചയായി അമ്പതാം വര്‍ഷമാണ് മകരവിളക്കുത്സവത്തിന് കാനനപാതയിലൂടെ ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നത്. മാനവസേവനമാണ് ഏറ്റവും ഉദാത്തമായ അയ്യപ്പപൂജയെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും അയ്യപ്പഭക്തര്‍ക്കായി അരനൂറ്റാണ്ടിനകം നടത്തിയിട്ടുള്ള സേവനങ്ങള്‍ ഉദാത്തമാണെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് അയ്യപ്പനെ ദര്‍ശിക്കാന്‍ തിരുപതി മാതൃകയില്‍ എലിവേറ്റര്‍ സ്ഥാപിക്കുന്നത് ഉചിതമായിരിക്കുമെന്നും ആവശ്യമെങ്കില്‍ അതിനാവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞുഇരുപത്തിരണ്ടുവയസ്സിലാണ് അദ്ദേഹം ആദ്യമായി ദര്‍ശനം നടത്തിയത്. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടും വനത്തിലൂടെ കാനനപാതയിലൂടെ തീര്‍ത്ഥാടനത്തിനെത്തുമ്പോഴും ഭയന്നിരുന്നില്ല. കൂടെയുള്ള അയ്യപ്പഭക്തര്‍ക്ക് അന്നദാനം നടത്തിയും കാലിടറുമ്പോള്‍ കൈപിടിച്ചും കൂടെ നടന്നു.
ടൊറന്റോയില്‍ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഇരുപതുപേര്‍ ചേര്‍ന്ന് ആരംഭിച്ച ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദിനംപ്രതി നൂറുകണക്കിനാളുകളാണ് ദര്‍ശനത്തിനെത്തുന്നത്. കാനഡയില്‍ ഒന്‍പത് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അയ്യപ്പസ്വാമിയുടെ ഉദാത്തഭക്തനായ ബാലസുബ്രഹ്മണ്യന്‍ കാനഡയിലെ ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന വഴിപ്പാടുകളുമായാണ് തീര്‍ത്ഥാടനത്തിനെത്തുന്നത്. എല്ലാവര്‍ഷവും അമ്പതാറ് ദിവസം വ്രതം നോറ്റാണ്അദ്ദേഹം ദര്‍ശനത്തിനെത്തുന്നത്. അതില്‍ പത്തുദിവസം പൂര്‍ണ്ണ ഉപവാസത്തിലായിരിക്കും. മാസപൂജകളില്‍ ദര്‍ശനത്തിനും അദ്ദേഹം ശബരിമലയിലെത്താറുണ്ട്. ബാലസുബ്രഹ്മണ്യനോടൊപ്പം അഞ്ചു വര്‍ഷമായി സഹധര്‍മ്മിണി ജയന്തിയും കാനനപാതയിലൂടെ എരുമേലിയില്‍നിന്നും കരിമലതാണ്ടി നടന്നാണ് ദര്‍ശനത്തിനെത്തുന്നത്. കാനഡയിലാണ് താമസിക്കുന്നതെങ്കിലും തന്റെ ജീവന്‍ ശബരിമലയിലാണെന്ന് അദ്ദേഹം പറയുന്നു. അമേരിക്കയിലും താമസിച്ചിട്ടുള്ള അദ്ദേഹം തന്റെ അമ്മയുടെ നേത്രരോഗം മാറിയത് ശബരിമലയിലെ അഭിഷേക നെയ് ഉപയോഗിച്ചപ്പോഴാണെന്ന് പറഞ്ഞു. കാനഡയില്‍ രണ്ട് വെജിറ്റേറിയന്‍ റസ്റ്ററന്റുകളുടെ ഉടമയായ അദ്ദേഹം തന്റെ ജീവിതത്തില്‍ നിരവധി അദ്ഭുതങ്ങള്‍ക്ക് അയ്യപ്പസ്വാമി കാരണമായിട്ടുണ്ടെന്ന് പറഞ്ഞു. . ശബരിമലയില്‍ 1945 മുതല്‍വര്‍ഷങ്ങളോളം തപസനുഷ്ഠിച്ച ഗുരു വിബോധാനന്ദയാണ് തന്റെ ആത്മീയ ഗുരുവെന്നും അദ്ദേഹം പറഞ്ഞു.
മകരവിളക്ക്: ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സംവിധാനം

ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ബാരിക്കേഡ് നിര്‍മ്മിക്കുമെന്ന് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു. വടക്കെനട മുതല്‍ അയ്യപ്പഭക്തര്‍ വിരിവെക്കാറുള്ള പന്തല്‍, ബെയ്‌ലിപാലത്തിലേക്ക് പോകുന്ന റോഡ്, പാണ്ടിത്താവളം എന്നിവ ഉള്‍പ്പെടുത്തിയാണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ പൂതിയ ബാരിക്കേഡ് തീര്‍ക്കുന്നത്. വിരിവെക്കുന്ന ഷെഡില്‍ വളഞ്ഞ് പുളഞ്ഞ്(സിഗ്‌സാഗ്)രീതിയില്‍ അഞ്ചുതട്ടുകളായി തിരിച്ച് ഭക്തര്‍ക്ക് ക്യൂ നില്‍ക്കുന്നതിനുള്ള ബാരിക്കേഡുമുണ്ടാകും.പതിനായിരകണക്കിന് അയ്യപ്പഭക്തന്മാര്‍ക്ക് ഈ ബാരിക്കേഡിലൂടെ വടക്കേനട വഴി എത്രയും വേഗം സന്നിധാനത്ത് ദര്‍ശനം നടത്തിപോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പാണ്ടിത്താവളം മുതല്‍ മകരജ്യോതി ദര്‍ശിക്കാവുന്ന പ്രദേശങ്ങളില്‍ നിന്ന് വരുന്ന ഭക്തന്മാരേയും ഈ ബാരിക്കേഡുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. വടക്കേ നടയില്‍ നിന്ന് കെട്ടുന്ന ബാരിക്കേഡില്‍ ഇടയിലുള്ള പടികള്‍ മാറ്റും. അപകടം ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കും. മകരജ്യോതിദര്‍ശിക്കാന്‍ സാധ്യതയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ താത്കാലിക കമ്പിവേലി നിര്‍മിക്കുമെന്നും പോലീസ് പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്തുമെന്നും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ പറഞ്ഞു.
പള്ളിക്കെട്ട് ശബരിമലയ്ക്ക്…സംഗീത സാന്ദ്രം സന്നിധാനം
ചെന്നൈയില്‍ നിന്നെത്തിയ പ്രശസ്ത ഗായകരായ കെ.വി.ബാലാജിയും മടിപാക്കം ഹരിഹരനും സന്നിധാനത്തെ അയ്യപ്പസ്തുതികളാല്‍ ഭക്തിസാന്ദ്രമാക്കി.തെലുങ്കിലും തമിഴിലും മലയാളത്തിലുമായുള്ള മുപ്പതോളം അയ്യപ്പഭക്തിഗാനങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. ഒരു സപര്യപോലെ ജീവിതത്തില്‍ അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താല്‍ ഒട്ടനവധി വേദികളില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്ന ഇവര്‍ക്ക് സന്നിധാനത്തെ സംഗീതാര്‍ച്ചന അനുഗ്രഹം കൂടിയാണ്. കാനനവാസനായ അയ്യപ്പന്റെ തിരുനടയില്‍ ഗാനാര്‍ച്ചന നടത്തുകയെന്നത് ഇവരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു. മുപ്പത് വര്‍ഷമായി സന്നിധാനത്തില്‍ മുടങ്ങാതെയെത്തുന്ന ബാലാജിയും ഹരിഹരനും ഇത്തവണ ആത്മനിര്‍വൃതിയോടെയാണ് മടങ്ങിയത്.
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ഒപ്പം സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്ന ഇവരുടെ ഏറ്റവും പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനമായിരുന്നു പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലും മുള്ളും കാലുക്ക് മെത്തെ എന്ന ഗാനം. ഈ ഗാനം ആഗ്രഹം പോലെ തന്നെ ഭക്തവത്സലനായ അയ്യപ്പന്റെ മുന്നില്‍ പാടാന്‍ തുടങ്ങിയതോടെ ഭക്തന്മാരും ഏറ്റുപാടി. സന്ധ്യാസമയത്ത് ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് താഴെ ഊഴം കാത്തുനിന്ന ആയിരക്കണക്കിന് സ്വാമിമാര്‍ ഗാനാര്‍ച്ചനയ്ക്ക് താളം പിടിച്ചു.
വ്രതപുണ്യത്തിന്റെ നിറവുകള്‍ക്കൊപ്പം അയ്യപ്പ കീര്‍ത്തനങ്ങളെ ഏറ്റുവാങ്ങിയ ഭക്തസഹസ്രങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചാണ് രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന സംഗീതാര്‍ച്ചനയ്ക്ക് ഇവര്‍ വിരാമമിട്ടത്. 25 വര്‍ഷമായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി വേദികളില്‍ തബലവാദകനായ പളനി ഈശ്വരനും ഹാര്‍മോണിയ വാദകനായ മധുരൈ മുത്തുകൃഷ്ണനും, വോക്കലിസ്റ്റ് രാജേന്ദ്രപ്രസാദും സംഗീതനിശയില്‍ പങ്കെടുത്തു.

പമ്പാ സംഗമം ഇന്ന് സമാപിക്കും
പാപനാശിനിക്കരയായ പമ്പയുടെ തീരത്തെ പ്രസിദ്ധമായ പമ്പാസംഗമം ഇന്ന് സമാപിക്കും. രാമമൂര്‍ത്തിമണ്ഡപത്തില്‍ വൈകിട്ട് 3 ന് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുഖ്യമന്ത്രി വി,നാരായണസ്വാമി മുഖ്യാതിഥിയായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിക്കും. കര്‍ണ്ണാടക ഊര്‍ജ്ജവകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്‍, ആന്ധ്ര പ്രദേശ് എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി,മാണിക്യല റാവു, തെലുങ്കാന നിയമ വകുപ്പ് മന്ത്രി എ.ഇന്ദ്രകരണ്‍ റെഡ്ഡി, കര്‍ണ്ണാടക റിലീജയസ് എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി രുദ്രപ്പ മാനപ്പ ലമണി, സംസ്ഥാന വനം വകുപ്പ് മന്ത്രി കെ.രാജു, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍,കെ.രാഘവന്‍, ഉന്നതാധികാര ചെയര്‍മാന്‍ കെ.ജയകുമാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എ.മനോജ്, എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, റവന്യു സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാകളക്ടര്‍ ആര്‍.ഗിരിജ, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ്.ജയകുമാര്‍, ചീഫ് എന്‍ജിനീയര്‍ ജനറല്‍ ജി.മുരളീകൃഷ്ണന്‍, വി.ശങ്കരന്‍പോറ്റി എന്നിവര്‍ പങ്കെടുക്കും.
തിരക്കില്‍ കര്‍പ്പൂരാരതി ഒഴിവാക്കണം
കര്‍പ്പൂരാരതി നടത്തുന്ന അയ്യപ്പഭക്തന്മാര്‍ ആരതി പൂര്‍ണമായി അണച്ചെന്നുറപ്പുവരുത്തി മാത്രമേ സ്ഥലത്തുനിന്നും പോകാവൂവെന്ന് അഗ്നിശമന രക്ഷാസേന സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. വരികളില്‍ വച്ച് കര്‍പ്പൂരാരതി നടത്തുന്നത് പൂര്‍ണമായും ഒഴിവാക്കണം. കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ കത്തിച്ച് സ്വാമിമാര്‍ക്കിടയിലൂടെ കടന്നുപോകുന്നത് ഒഴിവാക്കണം.അയ്യപ്പഭക്തന്മാര്‍ കൂടുതല്‍നേരം ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നടപ്പാതയിലും വഴിയിലും അയ്യപ്പഭക്തന്മാര്‍ കൂടിനിന്ന് വഴി തടസ്സപ്പെടുത്തരുത്. ദര്‍ശനം കഴിഞ്ഞ് പമ്പയിലേക്ക് പോകുന്ന ഭക്തന്മാര്‍ ബെയിലി പാലം വഴി പോകണം.ക്യൂവില്‍ മുന്‍വശത്തുനില്‍ക്കുന്ന അയ്യപ്പന്മാര്‍ ഗേറ്റ് തുറന്ന ഉടനേ ഓടുന്നതും, പുറകില്‍നില്‍ക്കുന്ന അയ്യപ്പന്മാര്‍ തള്ളി മുന്നോട്ടുപോകുന്നതും ഒഴിവാക്കുക.സ്വയം ഭക്ഷണം പാകം ചെയ്യുന്നതിനായി ഗ്യാസ് സ്റ്റൗ, മണ്ണെണ്ണ സ്റ്റൗ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം. ആഴിയില്‍ സമര്‍പ്പിക്കുന്ന നെയ്‌തേങ്ങാമുറി അതിന്റെ മധ്യഭാഗത്തായി സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.വിരികളില്‍ കര്‍പ്പൂരാഴി പൂര്‍ണമായും ഒഴിവാക്കണം മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തുനിന്നും പുല്‍മേട്ടില്‍ പോകുന്ന അയ്യപ്പ ഭക്തരില്‍നിന്നും കൊച്ചു മാളികപ്പുറത്തെയും മണികണ്ഠന്മാരെയും കൊണ്ടുപോകുന്നത് കര്‍ശനമായി ഒഴിവാക്കണം.

ശബരിമലയില്‍ 57 ലക്ഷം ലിറ്റര്‍ ജലം കരുതല്‍ ശേഖരം

മകരവിളക്കു മഹോത്സവത്തിന് ശബരിമലയിലുണ്ടാകുന്ന ഭക്തജനത്തിരക്ക് പരിഗണിച്ച് ശരംകുത്തിയില്‍ 57ലക്ഷം ലിറ്റര്‍ ജലം കരുതല്‍ ശേഖരമായി സംഭരിച്ചിട്ടുണ്ടെന്ന് കേരള ജല അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. എല്ലാദിവസവും ഭക്തജനങ്ങള്‍ക്കും മറ്റു ദൈനംദിന ആവശ്യങ്ങള്‍ക്കും ലഭ്യമാക്കുന്ന ജലത്തിനുപുറമേയാണിത്. ജലവിതരണസംവിധാനത്തിനുണ്ടായേക്കാവുന്ന തടസ്സം ഉടന്‍ പരിഹരിക്കുന്നതിന് പമ്പ, സന്നിധാനം, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ മെയിന്റനന്‍സ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന ഈമാസം 10 മുതല്‍ 14വരെ ആവശ്യത്തിന് വെള്ളം ഉറപ്പുവരുത്തും. ഉത്സവസീസണില്‍ ശബരിമലയില്‍ ജലക്ഷാമമുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് നവീകരിച്ചതിനാല്‍ ജലചോര്‍ച്ച തടയുന്നതിനും സാധിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്കും മലകയറുന്നവര്‍ക്കും ഗുണമേന്മയുള്ള ശുദ്ധജലം എത്തിക്കുന്നതിന് പമ്പമുതല്‍ മരക്കൂട്ടം വരെ വിവിധ ഇടങ്ങളിലായി 127 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 7.1 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലവിതരണ സംവിധാനം കാര്യക്ഷമമാണെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ബോധവല്‍ക്കരണം ഫലപ്രദമായി
ശബരിമലയില്‍ ഹൃദ്രോഗമരണനിരക്ക് കുറഞ്ഞു

ശബരിമല തീര്‍ത്ഥാടനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഹൃദ്രോഗമരണം കുറഞ്ഞു വരുന്നതായി സന്നിധാനത്തെ സഹാസ് മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ.വാസുദേവന്‍ പറഞ്ഞു. മലകറിയെത്തുന്ന ഭക്തരില്‍ ഹൃദയാഘാതവും കുറഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും മലകയറ്റത്തില്‍ അയ്യപ്പഭക്തര്‍ക്കിടിലുണ്ടായ ബോധവത്കരണവുമാണ് ഇതിന് കാരണമായത്. ഈ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ഇതുവരെ ഹൃദ്രോഗബാധിതനായി ഒരാള്‍ മാത്രമാണ് മരണമടഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി മരണങ്ങള്‍ മലകയറ്റത്തിനിടയിലും സന്നിധാനത്തും ഉണ്ടായിട്ടുണ്ട്. മലകയറി വന്നയുടന്‍ വിശ്രമിക്കാതെ ക്യൂവില്‍ നിന്ന് പതിനെട്ടാം പടി കയറിയെത്തുന്നവര്‍ക്കിടയിലാണ് ഹൃദ്രോഗ സാധ്യത കൂടുതലായി കാണുന്നത്. മലകയറ്റത്തിനിടയില്‍ ചെറുതായി നെഞ്ചുവേദന അനുഭവപ്പെടുന്നവര്‍ പോലും ദര്‍ശനം നടത്താനുള്ള തിടുക്കത്തില്‍ പതിനെട്ടാം പടി കയറുകയാണ്. ഇത് അപകടകരമാണ്. ഒട്ടനവധി പേര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഇതുമൂലം ഇവിടെ ഹൃദയാഘാതമുണ്ടായിട്ടുണ്ട്. ഇവിടെ സഹാസ് ഒരു അടിയന്തിര ചികിത്സ യൂണിറ്റ് ഇക്കാരണത്താലാണ് തുടങ്ങിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടവരെ ഉടന്‍ തന്നെ സഹാസിലെത്തിച്ച് ചികിത്സ നല്‍കി വരുന്നുണ്ട്. അയ്യപ്പ ഭക്തര്‍ തങ്ങി നില്‍ക്കുന്ന ഇടങ്ങളിലെല്ലാം മലകയറ്റത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കിയിരുന്നു.

അനുഗ്രഹമായി സഹാസ്
ശബരിമല കയറിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തെ സഹാസ് കാര്‍ഡിയോളജി സെന്റര്‍ അനുഗ്രഹമാണ്. മകര വിളക്കിന് സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ തിരക്കായതോടെ സന്നിധാനത്തെ സഹാസ് കേന്ദ്രവും തിരക്കിലാണ്. കഠിനമായ നീലിമല കയറിയെത്തുന്നവര്‍ക്ക് ഏതവസരത്തിലും മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സദാസന്നദ്ധരാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍. അപടകരമായ വിധത്തില്‍ ഹൃദയമിടിപ്പ് കൂടി മരണത്തെ മുഖാമുഖം കണ്ട നിരവധി പേര്‍ക്ക് ഈ കേന്ദ്രം ഇതിനകം തുണയായി. സഹാസ് കേന്ദ്രത്തില്‍ നിന്നും പതിനെട്ടാം പടിക്കു മുകളിലായുള്ള ഉപകേന്ദ്രമായ സോപാനം ക്ലിനിക്കില്‍ നിന്നും 4411 അയ്യപ്പ ഭക്തന്‍മാരാണ് ഇതുവരെ ചികിത്സ തേടിയത്. 1121 പേര്‍ ഹൃദയസംബന്ധമായ അസുഖവുമായാണ് ഇവിടെ എത്തിയത്.ബാക്കിയുള്ളവര്‍ക്ക് മറ്റ് അസുഖത്തിനുള്ള ചികിത്സയും നല്‍കി. ഐ.സി.യു വിഭാഗത്തില്‍ പ്രവേശിപ്പിച്ച 100 പേരില്‍ 20 പേര്‍ക്ക് നാലായിരം രൂപയോളം വിലയുള്ള സ്ട്രപ്‌റ്റോ കിനൈസ് ഇഞ്ചക്ഷനും 20 ലധികം പേര്‍ക്ക് ഹെപ്പാരിന്‍ മരുന്നും സൗജന്യമായി നല്‍കി. 18 പേര്‍ക്ക് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഉത്സവം തുടങ്ങിയതുമുതല്‍ സന്നിധാനത്ത് തയ്യാറാക്കിയ റിസ്‌ക് ആംബുലന്‍സില്‍ രോഗം ഗുരുതരമായ ആറുപേരെയാണ് പമ്പയിലെത്തിച്ചത്. മുപ്പതോളം പേരെ അയ്യപ്പാ സേവാ സംഘത്തിന്റെ സഹായത്തോടെ സ്ട്രക്ചറില്‍ വെന്റിലേററര്‍ സഹായത്തടെ പമ്പയിലും അവിടെ നിന്നും ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലുമെത്തിച്ച് ചികിത്സ ലഭ്യമാക്കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ.വാസുദേവന്റെ മേല്‍നോട്ടത്തിലാണ് സഹാസ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിദഗ്ദരായ ഡോ.ശ്രീകണ്ഠന്‍,ഡോ.അങ്കുല്‍ ഗുപ്ത എന്നിവരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 22 ലധികം ജീവനക്കാരാണ് ഇവിടെ മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് സേവനം ചെയ്യുന്നത്‌സന്നിധാനത്തെ ഉത്സവ സീസണിലല്ലാതെ മാസപൂജക്കാലത്തും ഭക്തര്‍ക്ക് പൂര്‍ണ്ണമായ ആരോഗ്യപരിരക്ഷ നല്‍കുന്ന കാര്യം സഹാസ് ലക്ഷ്യമിടുകയാണ്.