[slick_weather]
19
October 2018

ശബരിമല പ്രശ്നത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ കുറ്റപത്രവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:തുടക്കം മുതല്‍ തന്നെ പ്രശ്‌നം പരിഹരിക്കാനല്ല, വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഇങ്ങനെ…

1. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ നിലനിര്‍ത്തണമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ച് സ്ത്രീകള്‍ക്കുള്ള പ്രവേശന നിയന്ത്രണം എടുത്തുകളണമെന്ന് സുപ്രീംകോടതിയില്‍ പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

2. സുപ്രീംകോടതി വിധി വന്ന പാടെ അത് നടപ്പാക്കുന്നതിന് അമിതമായ ഉത്സാഹം കാട്ടി. വിധി വന്ന അതേ ദിവസം തന്നെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഒരുക്കം തുടങ്ങി.

3. റിവ്യൂ ഹര്‍ജി കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല അതിന് തയ്യാറായ ദേവസ്വം ബോര്‍ഡിനെയും പ്രസിഡന്റിനെയും വിരട്ടി പിന്തിരിപ്പിച്ചു.

4. യുവതികളെ പ്രവേശിപ്പിക്കുന്നത് കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം സര്‍ക്കാര്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമായി മുന്നോട്ട് നീങ്ങി. ഒരു സമാവായത്തിന് പോലും ശ്രമിച്ചില്ല.

5. ശബരിമല നട തുറക്കുന്നതിന് രണ്ടു ദിവസം മുമ്പ് തന്നെ നിലയ്ക്കലും പമ്പയും സംഘര്‍ഷഭരിതമായിട്ടും അത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

6. സംഘപരിവാര്‍ ശക്തകള്‍ നിലയ്ക്കലും പമ്പയിലും വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുകയും മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നിന്നു.

7. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ എത്തിയപ്പോള്‍ മാത്രമാണ് ശക്തമായ പൊലീസ് സേനയെ രംഗത്തിറക്കിയത്.

8. ഏറ്റവും ഒടുവില്‍ സ്ഥിതി സങ്കീര്‍ണ്ണമായി നില്‍ക്കുമ്പോള്‍ യുവതികളെ പൊലീസ് ഒളിച്ച് സന്നിധാനത്തെത്തിച്ച് സ്ഥിതി വീണ്ടും വഷളാക്കി.

സംസ്ഥാനത്ത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്?ഇത്ര വഷളായ അവസ്ഥയായിട്ടും വിദേശത്ത് നിന്ന് മുഖ്യമന്ത്രി മടങ്ങി വരുന്നില്ല. മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത. സംസ്ഥാനത്ത ഭരണ കൂടം എന്നൊന്ന് ഇല്ലാത്ത അവസ്ഥ.സങ്കുചിതമായ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി കുടില തന്ത്രം പ്രയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിരിക്കുന്നു. ബി.ജെ.പിയെ വളര്‍ത്തിയാല്‍ ജനാധിപത്യ മതേതര ശക്തികളെ തളര്‍ത്താമെന്നും അത് തിരഞ്ഞുടുപ്പില്‍ ഇടതു മുന്നണിക്ക് ഗുണമാവും എന്ന് കുടില രാഷ്ട്രീയ തന്ത്രമാണ് സി.പി.എം പ്രയോഗിച്ചത്. ഇത് തീക്കളിയാണെന്ന് കഴിഞ്ഞ ദിവസം തന്നെ ഞാന്‍ പറഞ്ഞിരുന്നു. അത് തന്നെ സംഭവിച്ചു.

മുഖ്യമന്ത്രി വര്‍ഗ്ഗീയത വളര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്. അത് ശരിയല്ല. എല്ലാവരെയും ഒന്നു പോലെ കാണേണ്ടയാളല്ലേ അദ്ദേഹം. ഒരു പാര്‍ട്ടിയുടെ സെക്രട്ടറി അല്ല മുഖ്യമന്ത്രിയാണ് അദ്ദേഹം.ബി.ജെ.പിയും ആര്‍.എസ്.എസും പ്രശ്‌നം ആളിക്കത്തിച്ച് വര്‍ഗ്ഗീയ ധ്രൂവീകരണത്തിനാണ് ശ്രമിക്കുന്നത്. ഇടതു സര്‍ക്കാര്‍ അതിനുള്ള എല്ലാ സഹായവും ചെയ്യുന്നു.കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് ശബരിമലയെയും സംസ്ഥാനത്തെയും സംഘര്‍ഷ ഭൂമിയാക്കുന്നു.

ശബരിമല വിഷയത്തില്‍ പ്രധാന മന്ത്രിക്ക് എന്താണ് പറയാനുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറുണ്ടോ?സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും പക്വമായ സമീപനം സ്വീകരിക്കണം.യു.ഡി.എഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഈ പ്രശ്‌നം പക്വതയോടെ കൈകാര്യം ചെയ്തു ഒരു പ്രതിസന്ധിയും ഉണ്ടാകാതെ പരിഹരിക്കുമായിരുന്നു.