[slick_weather]
03
September 2018

പ്രളയത്തിന് പിന്നാലെ എലിപ്പനിയില്‍ ആശങ്ക;ഇന്നലെ (ഞായറാഴ്ച )മരിച്ചവരുടെ എണ്ണം പത്ത്

കോഴിക്കോട്:ഇന്നലെ (ഞായറാഴ്ച ) എലിപ്പനി മൂലം മരിച്ചത് പത്തുപേർ . പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന എലിപ്പനിയില്‍ ആശങ്ക. . കോഴിക്കോട് (3), തൃശ്ശൂര്‍ (1), എറണാകുളം (2), പാലക്കാട് (2), മലപ്പുറം (2) ജില്ലകളിലാണ് ഞായറാഴ്ച എലിപ്പനി മരണമുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 31 പേര്‍ മരിച്ചതായും കണക്കുകള്‍ പറയുന്നു. സംസ്ഥാനത്താകെ 33 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 68 പേര്‍ക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികില്‍സ പ്രോട്ടോക്കോള്‍ പുറത്തിറക്കി. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ 200 എംജി കഴിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച കഴിച്ചവരും ഈ ആഴ്ച മരുന്ന് കഴിക്കണം. പ്രതിരോധമരുന്നുകള്‍ പ്രാഥമിക ആരോഗ്യകേന്ദ്രം വഴി ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം നാഷണല്‍ ഹെല്‍ത്ത് മിഷനുമായി ചേര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഇന്നു മുതല്‍ മൊബൈല്‍ മെഡിക്കല്‍ ക്യാംപുകള്‍ ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.