[slick_weather]
14
September 2018

പീഡനം നടന്ന 2014 ല്‍ ബിഷപ്പ് ഫ്രാങ്കോ കുറവിലങ്ങാട്ട് ഉണ്ടായിരുന്നു;ചോദ്യം ചെയ്യലിനു ബിഷപ്പ് വന്നാല്‍ അറസ്റ്റും നടക്കാൻ സാധ്യത

കോട്ടയം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിനുള്ള സാധ്യതയും തെളിയുന്നു. ബിഷപ്പ് നല്‍കിയ മൊഴിയിലും രേഖകളിലും സാക്ഷി മൊഴികളിലും വൈരുദ്ധ്യത നില നില്‍ക്കുന്നതായി അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടതായാണ് വിവരം. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികള്‍ അന്വേഷണസംഘം താരതമ്യപ്പെടുത്തി.

കന്യാസ്ത്രീ കര്‍ദ്ദിനാളിന് നല്‍കിയ പരാതിയിലെ വിശദീകരണം തൃപ്തികരമെന്ന നിലപാടിലാണ് പോലീസ്. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ബിഷപ്പ് തന്നെ 13 തവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ കന്യാസ്ത്രീ പറഞ്ഞിരിക്കുന്നത്. 2014 മെയ് 5 നായിരുന്നു ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് നല്‍കിയിരിക്കുന്ന മൊഴി. പരാതിയില്‍ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് മഠത്തില്‍ ഉണ്ടായിരുന്നു എന്നും താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന ബിഷപ്പിന്റെ മൊഴി കള്ളമാണെന്നും തെളിഞ്ഞിരിക്കുകയാണ്.

2014 മെയ് 5 ന് താന്‍ കുറവിലങ്ങാട് ഇല്ലായിരുന്നെന്നാണ് ബിഷപ്പ് നല്‍കിയ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ബിഷപ്പ് ഈ ദിവസം തൃശൂരില്‍ നിന്നും കുറവിലങ്ങാട്ട് എത്തിയതായി മഠത്തിലെ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസം താന്‍ തൊടുപുഴയിലെ മുതലക്കോണം മഠത്തില്‍ ആയിരുന്നു എന്നാണ് ബിഷപ്പ് നല്‍കിയമൊഴി. എന്നാല്‍ ഈ ദിവസം മുതലക്കോണത്തെ മഠത്തില്‍ വന്നതിന്റെ ഒരു രേഖപ്പെടുത്തലുകളും റജിസ്റ്റരില്‍ കാണാനില്ല.

ബിഷപ്പ് 2013 ലായിരുന്നു മുതലക്കോണത്തെ മഠത്തില്‍ വന്നതെന്നാണ് രേഖകള്‍ കാണിക്കുന്നത്. ഈ ദിവസത്തെ റജിസ്റ്ററില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ഫ്രാങ്കോ മുളയ്ക്കലിന്റെ ഡ്രൈവറും തങ്ങള്‍ 2013 ലായിരുന്നു ഇവിടെ വന്നതെന്നും അന്ന് താനും താമസിച്ചിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ 34 രേഖകളാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. മഠത്തിലെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്ക്, ബിഷപ്പിന്റെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികള്‍ താരതമ്യപ്പെടുത്തി പരാതിക്കാരിയുടെ മൊഴിയാണ് വിശ്വസനീയം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 19 ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് തന്നെയാണ് സൂചനകള്‍. അതേസമയം ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്നും അതിനപ്പുറത്തേക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം നടത്തിയാല്‍ സുപ്രീംകോടതിയില്‍ വരെ പോകുമെന്നാണ് ജലന്ധര്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ മന്‍ദീപ് സിംഗ് പറയുന്നത്.