[slick_weather]
05
December 2018

എസ്. രമേശന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂദല്‍ഹി : പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണഗുരുദേവനെ ആസ്പദമാക്കി രചിച്ച ഗുരുപൗര്‍ണമി എന്ന കൃതിക്കാണ് പുരസ്‌കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും അടങ്ങുന്നതാണ് കൃതി. ഇംഗ്ലീഷ് ഭാഷയിലുള്ള നോവലിനുള്ള പുരസ്‌കാരവും മലയാളിയുടെ പുസ്തകത്തിന് ലഭിച്ചു. അനീസ് സലിം എഴുതിയ ‘ദ ബ്ലൈന്‍ഡ് ലേഡി ഡിസ്സെണ്ടന്റ്സ്’ എന്ന നോവലിനാണ് മികച്ച ഇംഗ്ലീഷ് സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

1948 മേയ് 3-ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ച എസ്.രമേശന്‍ നായര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു. 450ഓളം ഗാനങ്ങള്‍ രമേശന്‍ നായര്‍ രചിച്ചിട്ടുണ്ട്. 150ഓളം സിനിമയ്ക്കുവേണ്ടിയും എസ്. രമേശന്‍ നായര്‍ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.

2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ സ്മാരക പുരസ്‌കാരം, ബാലഗോഗുകലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം, തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം, മാതാ അമൃതാനന്ദമയി മടിത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരം, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

തപസ്യ കലാസാഹിത്യവേദിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റു കൂടിയാണ് ഇദ്ദേഹം. 1985ലെ പത്താമുദയം എന്ന സിനിമയില്‍ ഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് എസ്. രമേശന്‍ നായര്‍ ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍, തെന്‍പാണ്ടി സിംഹം, സംഗീത കനവുകള്‍ എന്നിവ മലയാളത്തിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്. പി. രമയാണ് ഭാര്യ. ഏകമകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.