[slick_weather]
23
September 2018

കവി പുതുശ്ശേരി രാമചന്ദ്രനു നവതിയും നടൻ മധുവിനു എൺപത്തിയഞ്ചും ;ഇരുവർക്കും മുഖ്യമന്ത്രി ആശംസകൾ നേർന്നു; പുതുശ്ശേരി രാമചന്ദ്രനും മധുവും കോളേജ് അധ്യാപകരായി വിരമിച്ചവർ

തിരുവനന്തപുരം :നവതി ആഘോഷിക്കുന്ന സാഹിത്യകാരൻ ഡോ. പുതുശ്ശേരി രാമചന്ദ്രനും എൺപത്തി അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ചലച്ചിത്ര താരം മധുവിനും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. ഫോണിൽ വിളിച്ചാണ് ഇരുവർക്കും അദ്ദേഹം ആശംസകളർപ്പിച്ചത്.
മലയാളത്തിലെ പ്രമുഖ കവിയായ ഡോ. പുതുശ്ശേരി രാമചന്ദ്രൻ മാവേലിക്കര താലൂക്കിൽ വള്ളികുന്നം പകുതിയിൽ 1928 സെപ്റ്റംബർ 23 (1104 കന്നി 8) നായിരുന്നു ജനിച്ചത് . അച്ഛൻ പോക്കാട്ടു ദാമോദരൻ പിള്ള. അമ്മ പുതുശ്ശേരിൽ ജാനകി അമ്മ. വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂളിൽ നിന്ന് 1946 ൽ ശാസ്ത്രി പരീക്ഷ ജയിച്ചു ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്ന് ഇ.എസ്.എൽ.സിയും.കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇന്റർമീറ്റഡിയേറ്റ് , യുനിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളം ഓണേഴ്സ്, തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ (1956). 1970-ൽ കേരള സർവകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡി (കണ്ണശ്ശരാമായണഭാഷ)യും നേടി .

1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം. മാവേലിക്കര താലൂക്ക് പ്രസിഡണ്ട്(1946-48). സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നു പുറത്താക്കി. അതേ സ്ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് അദ്ദേഹം പതാക ഉയർത്തി.

1948ൽ സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു .വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗമായി . 1950 ഡിസംബറിൽ എസ്.എൻ .കോളേജിലെ സമരത്തിൽ മുൻപന്തിയിൽനിന്നതിനെ തുടർന്ന് , അറസ്റ്റ് , ജയിൽ മർദ്ദനം, തടവു ശിക്ഷ ലഭിച്ചു. 1953-54-ൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാർടിയുടെ വള്ളികുന്നം-ശൂരനാട് സെക്രട്ടറിയായി . യൂനിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ഫെഡറേഷനിൽ നേതൃത്വംനൽകുകയും .കോളേജ് മാഗസിൻ എഡിറ്ററുമായി .പത്തുവർഷം കൊല്ലം എസ് എൻ കോളേജിൽ അധ്യാപകനായിരുന്നു .

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്തപുത്രനായാണ് മധു ജനിച്ചത് . യഥാർത്ഥ പേര്‌ മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഈ നടൻ ഇപ്പോഴും ഒപ്പമുണ്ട് .അഭിനയ രംഗത്ത് സജീവം. ഇടക്ക്‌ നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു.

വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായി. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി.

അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച്‌ അദ്ധ്യാപക ജോലി രാജിവച്ച്‌ ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.[2] എൻ.എസ്‌.ഡിയിൽ പഠിക്കുന്ന കാലത്താണ്‌ രാമു കാര്യാട്ടുമായി അടുപ്പത്തിലായത്‌. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശ്യം.

ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്‌. ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച്‌ എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്‌. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്‌. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്.

പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.