[slick_weather]
05
December 2018

പൈനാപ്പിള്‍ അഥവ കൈതച്ചക്ക കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ ?

കൊച്ചി:പൈനാപ്പിള്‍ അഥവ കൈതച്ചക്ക രുചി കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും മികച്ചുനില്‍ക്കുന്നു. പൈനാപ്പിള്‍ കഴിക്കുന്നത് വഴി ശരീരത്തിനാവിശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നു. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കും. കൂടാതെ ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്.

ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. പൈനാപ്പിളിലെ നാരുകള്‍ ദഹന പ്രക്രിയ സുഖമമാക്കുന്നതാണ്. പൈനാപ്പിള്‍ സ്ഥിരമായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തും.

കൂടാതെ ഇതില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പൈനാപ്പിൾ വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ എ.ബി.സി.ഇ. എഫ് എന്നിവയും ആയൺ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

കൂടാതെ നാരുകളും പലതരത്തിലുള്ള ആന്‍റിഓക്സിഡന്‍റുകളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ഫാറ്റ്, ഊർജ്ജം, കൊളസ്ട്രോൾ എന്നിവ കുറവാണ്.

ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിൽ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടിപുറുതി ചക്ക എന്നിങ്ങനെ അറിയപ്പെടുന്നു.

തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.

കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.