[slick_weather]
01
September 2018

‘ പണിയേലിപോര് ‘ പർവ്വതനിരയുടെ പനിനീർ

എഴുത്തും ചിത്രങ്ങളും ഉണ്ണികൃഷ്ണൻ പറവൂർ

കുളിരും കൊണ്ട് കുണുങ്ങിയൊഴുകുന്ന കാവ്യഭാവനയെ മലയാളി എന്നും ഓർത്തുകൊണ്ടേയിരിക്കും , സഹ്യ പർവ്വതനിരയുടെ’ പെരിയാർ ‘ മലയാളിയുടെ ജീവിതത്തിൻറെ കുഞ്ഞോളങ്ങളിൽ എന്നും നിറഞ്ഞിരിക്കും . മധ്യകേരളത്തിൻറെ സാംസ്ക്കാരിക വിനിമയങ്ങളിൽ ഈ നദിക്കര വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് . ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരന്മാരെ സംഘടിപ്പിച്ചുകൊണ്ട് ആലുവ മണപ്പുറത്തു 1960 കളുടെ ആദ്യപാദത്തിൽ നടത്തിയ ഓൾ ഇന്ത്യ റൈറ്റേഴ്‌സ് കോൺഗ്രസ് ചരിത്ര സംഭവം തന്നെ . വയലാർ രാമവർമ്മ , പി. ഭാസ്‌ക്കരൻ മുതലായ കവികളുടെ കാവ്യഭാവനയ്ക്ക് സിന്ദൂരം ചാർത്തിയത് മാറുകരയിലുള്ള അതിഥി മന്ദിരത്തിൽ നിന്നുള്ള കാഴ്ചകളായിരുന്നു . മലയാറ്റൂർ രാമകൃഷ്ണനും എൻ .കെ ദേശം , വേണു വി ദേശം , ശ്രീമൂലനഗരം വിജയനും , മോഹനനും ഉൾപ്പെടെ നിരവധിയായ സാഹിത്യകാരന്മാർക്കും പ്രചോദനമായതും ഈ പെരിയാർ നദി തടം തന്നെ . ഒട്ടറെ സിനിമകൾക്ക് ഇവിടം ജീവൻ നൽകിയിട്ടുണ്ട് .

അങ്ങിനെ പെരിയാർ നദി തട സംസ്ക്കാരം പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്നത് ഇന്ന് ടൂറിസം മേഖലയിലൂടെയാണ് . അതിൽ കൊച്ചിയിൽ പെരുമ്പാവൂരിനടുത്തെ ‘ പണിയേലിപോര് ‘ വ്യക്തമായ സ്ഥാനം നേടിക്കഴിഞ്ഞു . ചുട്ടുപഴുത്തുകൊണ്ടിരിക്കുന്ന ഏപ്രിൽ മാസം , മധ്യാഹ്ന സൂര്യൻ കത്തിയെരിയുമ്പോഴും ആയിരങ്ങൾ പണിയേലിപോരിലേക്കു ഒഴുകിയെത്തുകയാണ് , കുണുങ്ങിയൊഴുകുന്ന പെരിയാറിലേക്ക് . സഹ്യ പർവ്വത താഴ്വാരങ്ങളിൽ നിന്നും കുഞ്ഞുഅരുവികളായി ഒഴുകി രൗദ്ര മായാ ” വളറാ ” വെള്ളച്ചാട്ടവും തുവിത്തെറിക്കുന്ന ചീയാപ്പാറ വെള്ളച്ചാട്ടവും കഴിഞ്ഞു നേര്യമംഗലം കാടകങ്ങളെ തഴുകിയെത്തുന്ന പുഴ , ഭൂതം കെട്ടിയ അണയുടെ സാമിപ്യത്തിലൂടെ പെരിയാർ എന്ന വലിയ രൂപം പ്രാപിക്കുന്നു . അപ്പുറത്തു മലയാറ്റൂർ വനമേഖല , ഇപ്പുറം പണിയേലി , ഇതിനിടയ്ക്ക് കൊച്ചുകൊച്ചു പച്ചത്തുരുത്തുകളെ തഴുകിയൊഴുകി പടിഞ്ഞാറോട്ടു പോയി ആലുവ പുഴയായി പരിലസിക്കുന്നു .

പരന്നുഒഴുകുന്ന ‘ പണിയേലിപോര് ‘ സുന്ദരമാണ് , വലിയതോ , ചെറുതോ ആയ വെള്ളച്ചാട്ടങ്ങളില്ല , ഉയന്നുനിൽക്കുന്ന പാറക്കൂട്ടങ്ങളിൽ തട്ടിത്തെറിക്കുന്ന പുഴയുടെ സീൽക്കാരം ഒരു നേർത്ത സംഗീതം പോലെ യാത്രികനെ തഴുകികൊണ്ടിരിക്കും സദാസമയവും . നിബിഢമായ വനത്തിൻറെ സാമിപ്യം ഏത് കൊടും ചൂടിലും അന്തരീക്ഷം കുളിർമയുള്ളതായി നിലനിർത്തുന്നു . ഒരു കിലോ മീറ്ററോളം വരുന്ന കാട്ടുവഴികളിലൂടെ , മുളങ്കാടുകളുടെ സംഗീതത്തോടൊപ്പം കാട്ടുപക്ഷികളുടെ ശൃംഗാരവും രസിച്ചുവേണം സഞ്ചാരികൾക്കു പ്രധാന സ്ഥലത്തു എത്തിച്ചേരാൻ . കവിയുടെ കാവ്യഭാവന ഇവിടെയാണ് , പുഴുയുടെ നിർമലമായ സ്നേഹവും കരുതലും , പാറയിടുക്കുകളിൽ ഇറങ്ങിക്കിടന്ന് ആവോളം കുളിക്കാം , ദാഹിച്ചാൽ വെള്ളക്കുപ്പി അന്വേഷിക്കേണ്ടതില്ല , മൊത്തികുടിക്കാം , ജി എസ്‌ ടി ഇവിടേ ബാധകമല്ല !! .

ആലുവ -മൂന്നാർ റോഡിൽ പെരുമ്പാവൂർ ടൗൺ കഴിഞ്ഞു 5 കിലോ മീറ്റർ കുറുപ്പംപടി കവല , ഇടത്തോട്ടു പത്തു കിലോമീറ്റർ ദുരം മാത്രം , പ്രവേശന കവാടത്തിൽ 20 രൂപയുടെ ഫീസ് , ക്യാമറ 50 രൂപ . ഒരു ദിവസം ഓർമ്മയിൽ എന്നും സൂക്ഷിക്കാം .