[slick_weather]
25
April 2017

പമ്പാസംഗമം നാളെ

പത്തനംതിട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പമ്പാസംഗമം നാളെ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. പമ്പാ ത്രിവേണിയിലെ രാമമൂർത്തി മണ്ഡപത്തിൽ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മന്ത്രി ജി. സുധാകരൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുക്കും അജയ് തറയിൽ ഉപഹാര സമർപ്പണം നടത്തും.

ഒമ്പതിനു ശബരിമല തീർഥാടന സാക്ഷാത്കാരം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അയ്യപ്പഭക്‌ത സംഗമത്തിൽ പ്രമുഖ ചരിത്ര ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷൺ വിഷയാവതരണം നടത്തും. അഖിലഭാരത അയ്യപ്പ സേവാസംഘം പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, ഉപാധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദേവസ്വം റിക്രൂട്ട് മെന്റ് ചെയർമാൻ എം.രാജഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപന സമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർ ശെൽവം ഉദ്ഘാടനംചെയ്യും. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി മുഖ്യാതിഥിയാകും.

വനംമന്ത്രി കെ രാജു, കർണാടക ഊർജ മന്ത്രി ഡി. കെ. ശിവകുമാർ, ആന്ധ്രാ എൻഡോവ്മെന്റ് മന്ത്രി പി.മാണിക്യല റാവു, തെലുങ്കാന മന്ത്രി എ .ഇന്ദ്രകിരൺ റെഡ്ഢി, കർണാടക മന്ത്രി രുദ്രപ്പ മാനപ്പലമണി, മുൻ മന്ത്രി വി.എസ.് ശിവകുമാർ എംഎൽഎ, ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ തുടങ്ങിയവർ പങ്കെടുക്കും.