[slick_weather]
01
September 2018

മുലകൾ പണ്ടേ വിപ്ലവങ്ങൾക്കും സംവാദങ്ങൾക്കും വഴി തെളിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ബെർത്തലോമിയസ്എസ്തബോൻ മുരില്ലയുടെ ” റോമൻ ചാരിറ്റി “

കലയും സാഹിത്യവും നമുക്ക് മുൻപേ കടന്നുപോയ ഒരു കാലത്തിൻറെ നേർസാക്ഷ്യമാണ് , അത് കാലാതിവർത്തിയായി നിലകൊള്ളുന്നു , ഒരു സമൂഹത്തെ ഗുണപരമായി ചിന്തിപ്പിക്കുന്നതിലും പരിവർത്തിപ്പിക്കുന്നതിലും കല വഹിക്കുന്ന പങ്ക് വളരെ മഹത്തരമാണ് . കല കലയ്ക്കുവേണ്ടിയല്ല അത് ജീവിതം തന്നെയാണ് . പ്രത്യേകിച്ച് ചിത്രരചന , മുന്ന് നുറ്റാണ്ടുകളെ അതിജീവിച്ചുകൊണ്ട് ബെർത്തലോമിയസ് എസ്തബോന് മുരില്ലയുടെ ” റോമൻ ചാരിറ്റി ” ഇന്നും ചർച്ചചെയ്യപെടുന്നു . ഒരു കാലഘട്ടത്തിൻറെ ഭരണകൂട ഫാസിസത്തിൻറെ , സാഡിസത്തിൻറെ ചരിത്രമാണ് ” റോമൻ ചാരിറ്റി ” നമ്മോട് പറയുന്നത് ,

ഈയിടെ കേരളത്തിൽ അതിഥിയായി എത്തിയ മഹാനായ ഫോട്ടോഗ്രാഫർ ” നിക്ക് യൂട്ട് ” 1972 ലെ വിയറ്റ്നാം യുദ്ധത്തിൻറെ ഭികരതയെയാണ് പകർത്തിയത് , ഒറ്റചിത്രത്തിനൊടുവിൽ യുദ്ധമവസാനിക്കാൻ കഴിഞ്ഞത് ഇന്നും വലിയ ചർച്ചയാണ് , അത് എക്കാലവും ചരിത്രത്തിലെ ഒളിമങ്ങാത്ത ചിത്രമായി നിലകൊള്ളും . മാനവരാശിയുടെ സാംസ്‌കാരികമായ നിലനിൽപ്പിന് ചരിത്രത്തോട് ചേർന്ന് നിൽക്കേണ്ടിവരും . സ്നേഹവും വാത്സല്യവും കരുതലും പ്രണയവുമെല്ലാം മനുഷ്യാവസ്ഥയുടെ ഭാവങ്ങളാണ് , സാമൂഹികമായ ഈടുവയ്പ്പിൻറെ ഉത്തമ സൃഷ്ട്ടാന്തങ്ങളാണെന്ന് ” എറിക് ഫോം ” പ്രണയത്തെക്കുറിച്ചുള്ള തൻറെ കാഴ്ചപ്പാട് അങ്ങിനെയാണ് അവതരിപ്പിക്കുന്നത് .

സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിയുന്ന ആത്മരതിയുടെ പുലയാട്ടു മഹോത്സവത്തിൻറെ വേദിയിൽ തന്നെ യാണ് താഴെ കൊടുത്തിട്ടുള്ള കുറിപ്പ് വന്നതും ചർച്ചചെയ്യപെടുന്നതും . .മൊബൈൽ ഫോണിലെടുത്ത സെൽഫിയുടെ ലൈക്കുകളിൽ അഭിരമിക്കുന്ന അസുരകാലത്തിൽ , 24 മണിക്കൂറും നെറ്റിൽ ചുറ്റിത്തിരിയുന്ന ആത്മരതിയുടെ ( നർസിസത്തിൻറെ ) പുത്തനുടുപ്പുകാർ ” സിമോൺ ദേ ” യുടെ ( സർത്രിൻറെ ജീവിത പങ്കാളി ) ” ദി സെക്കൻഡ് സെക്സ് ” .വായിക്കുന്നത് നന്നായിരിക്കും , കൂടുതൽ തിരിച്ചറിവുകൾ ലഭിക്കുന്നത് നല്ലതുതന്നെ . താഴെയുള്ള കുറിപ്പ് ആരുടെതെന്ന് വക്തമല്ല , എങ്കിലും അതിലടങ്ങിയിരിക്കുന്ന വീക്ഷണം ഈ കാലഘട്ടം അറിയേണ്ടതുതന്നെ ….
]
” റോമൻ ചാരിറ്റി ” യെക്കുറിച്ചു വായിക്കാം
” ചങ്ങലയിൽ ബന്ധിക്കപ്പെട്ട് അവശനായി ചുറ്റുപാടും നോക്കിക്കൊണ്ട് മുല കുടിക്കുന്ന വൃദ്ധന്. അയാൾക്ക്‌ മുല കൊടുക്കുന്ന യുവതിയും പരിഭ്രാന്തയാണ്; അവളുടെ കയ്യിലൊരു കുഞ്ഞുമുണ്ട്. ഒറ്റനോട്ടത്തിൽ നല്ലതൊന്നും തോന്നിക്കാൻ കഴിയാത്ത ഒരു ചിത്രം. നെറ്റി ചുളിച്ച് അയ്യേ എന്ന് പറയാൻ തോന്നിയെങ്കിൽ സാരമില്ല, നമ്മുടെ സംസ്കാര-സദാചാര ബോധത്തിൻറെ ഭാഗം മാത്രമാണ് ഈ തോന്നൽ . എന്നാൽ ഈ ചിത്രത്തിന് പിന്നിലുള്ള യഥാർത്ഥ കഥ അറിഞ്ഞാൽനമ്മുടെ കണ്ണില് നിന്നും കണ്ണുനീര് വരും.

ഒരു കാലഘട്ടത്തിൻറെ ചരിത്രം വിളിച്ചോതുന്ന, മാതൃത്വത്തിനും സ്നേഹത്തിനും പുതിയ മാനം നല്കിയ വിഖ്യാതമായ ഒരു സംഭവത്തിൻറെനേർക്കാഴ്ചയാണ് ഈ ചിത്രം. യൂറോപ്പിലാണ് ഈ സംഭവം നടന്നത്. റോമൻ ചാരിറ്റി എന്നാണ് ഈ പെയിന്റിംഗിനെ യൂറോപ്യൻ ജനത വിശേഷിപ്പിക്കുന്നത്. യൂറോപ്പിലെ പ്രശസ്ത ചിത്രകാരനായ ” ബെർത്തലോമിയസ് എസ്തബോന് മുരില്ല ” എന്ന ചിത്രകാരനാണ് വിവാദപരമായ ഈ സംഭവത്തെ പെയിന്റിംഗ് ആക്കി അവതരിപ്പിച്ചത്.

മുലകൾ എന്ന് പറയുമ്പോൾ പോലും ഒച്ച താഴ്ത്തി പറയാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മുലകൾ തീക്ഷ്ണമായി ചർച്ച ചെയ്യപ്പെട്ടിരുന്നു എന്നും മുലകളെന്നാൽ കരുതലിൻറെയും സ്നേഹത്തിൻറെയും കൂടി ബിംബങ്ങളാണെന്ന് കൂടി ഉറപ്പിച്ചു പറയുന്നുണ്ട് ഈ പെയിന്റിംഗ്. ഈ ചിത്രത്തിന് പിന്നിലെ സംഭവകഥ ഇങ്ങനെയാണ്: ഒരിക്കൽ യൂറോപ്യന് ഗവണ്മെന്റ് ‘

സൈമൺ ‘ എന്ന വൃദ്ധനെ തടവറയിലാക്കി. പട്ടിണിമരണമാണ് ഈ വൃദ്ധന് ഭരണകൂടം വിധിച്ചത്. ഒരു തുള്ളി വെള്ളം പോലും അയാൾക്ക് അനുവദിക്കപ്പെട്ടില്ല. പെറോ എന്നായിരുന്നു ഇദ്ദേഹത്തിൻറെ മകളുടെ പേര്. മരിക്കുന്ന ദിവസം വരെ തന്റെ പിതാവിനെ സന്ദർശിക്കാനുള്ള അനുമതി അധികാരികളിൽ നിന്നും പെറോ അഭ്യർത്ഥിച്ചു . ഒടുവിൽ അവളുടെ അഭ്യർത്ഥന അവർ ചെവിക്കൊണ്ടു. അങ്ങനെ എല്ലാ ദിവസവും മകൾ അച്ഛനെ കാണാനെത്തി.

ഓരോ ദിവസവും ആഹാരമോ വെള്ളമോ കിട്ടാതെ തൻറെ പിതാവ് പട്ടിണിക്കോലമാകുന്നതും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതും ആ മകൾ വേദനയോടെ തിരിച്ചറിഞ്ഞു. പിതാവിനെ സന്ദർശിക്കാൻ അകത്തേയ്ക്ക് കടത്തിവിടുന്നതിന് മുമ്പായി കർശന പരിശോധനയ്ക്ക് പെറോയെ വിധേയയാക്കിയിരുന്നു. ആഹാരസാധനങ്ങളോ വെള്ളമോ അകത്തേയ്ക്ക് കൊണ്ടുപോകുന്നുണ്ടോ എന്നറിയണ്ടേ? പിതാവിൻറെ അവസ്ഥ പെറോയുടെ മനസ്സു പൊള്ളിച്ചു കൊണ്ടിരുന്നു. ലോകത്തിൽ ഒരു മകളും ചിന്തിക്കാത്ത തരത്തിലുള്ള ഒരു തീരുമാനത്തിലേക്കാണ് പിന്നീട് പെറോ എത്തിച്ചേർന്നത് .

വിശന്നു മരിച്ചുകൊണ്ടിരിക്കുന്ന അച്ഛനിൽ അവൾ കണ്ടത് തൻറെ സ്വന്തം കുഞ്ഞിനെത്തന്നെയാണ്. അങ്ങനെ എല്ലാ ദിവസവും അവൾ അച്ഛന് മുലപ്പാൽ നല്കാൻ തുടങ്ങി ! മരിച്ചു കൊണ്ടിരിക്കുന്ന സൈമണെ സംബന്ധിച്ചിടത്തോളം മകൾ പകർന്നു നൽകിയത് ജീവൻ തന്നെയായിരുന്നു. ആഴ്ചകളോളം ഇത് തുടർന്ന് കൊണ്ടിരുന്നു. ആഹാരമോ വെള്ളമോ ലഭിക്കാത്ത ഒരുവൻ പെട്ടെന്ന് മരിച്ചു പോകുമെന്ന് കരുതിയിട്ട് അയാളിൽ ജീവൻ അവശേഷിക്കുന്നത് അധികാരികളിൽ സംശയമുളവാക്കി.

അങ്ങനെ കാവൽക്കാരിലൊരാൾ അച്ഛന് മുലപ്പാൽ നല്കുന്ന മകളെ കണ്ടുപിടിച്ചു. കാവൽക്കാർ ഈ അച്ഛനെയും മകളെയും അധികാരികളുടെ മുന്നിലെത്തിച്ചു. സമൂഹം രണ്ട് തട്ടിൽ നിന്ന് ഈ അച്ഛനെയും മകളെയും വിചാരണ ചെയ്തു. അവൾ ചെയ്തതത് ശരിയാണെന്നും അങ്ങനെയല്ല, മാപ്പർഹിക്കാത്ത തെറ്റാണെന്നും അവർ പറഞ്ഞു.

യൂറോപ്യന് രാജ്യങ്ങളിൽ വാദ പ്രതി വാദങ്ങൾക്കും ചർച്ചകൾക്കും ഈ വിഷയം കാരണമായിത്തീർന്നു . ജനകീയപ്രക്ഷോഭങ്ങൾ വരെ സംഭവിച്ചു. . അവസാനം അച്ഛനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച മകൾ തന്നെ വിജയിച്ചു. ഭരണകൂടം വൃദ്ധനെ ശിക്ഷയിൽ നിന്നും ഒഴിവാക്കി ജീവിക്കാൻ അനുവദിച്ചു. യൂറോപ്പിലെ പല ചിത്രകാരന്മാരും അവരുടേതായ രീതിയിൽ ഈ സംഭവത്തെ പെയിന്റിംഗിൽ ആവിഷ്കരിച്ചു. എന്നാൽ കൈക്കുഞ്ഞുമായി നിന്ന് പരിഭ്രാന്തിയോടെ ചുറ്റും നോക്കി ജയിലിൻറെ അഴികൾക്കിടയിലൂടെ അച്ഛനു മുലപ്പാല് നല്കുന്ന ” ബെർത്തലോമിയസ്എസ്തബോൻ മുരില്ല “എന്ന ചിത്രകാരൻറെ ഈ ചിത്രമാണ് കൂടുതൽ ശ്രദ്ധയാകർഷിച്ചത് . പതിനേഴാം നൂറ്റാണ്ടിൻറെ പകുതിയിലായിരുന്നു ഈ സംഭവം . മുല കാണിച്ച കവർ ഫോട്ടോയുടെ ശരിതെറ്റുകളെക്കുറിച്ച് ചർച്ച നടത്തുമ്പോൾ മുലകൾ പണ്ടേ വിപ്ലവങ്ങൾക്കും സംവാദങ്ങൾക്കും വഴി തെളിച്ചിട്ടുണ്ട് എന്ന് ഈ ചിത്രത്തിലൂടെ കാണാന് സാധിക്കും. “