[slick_weather]
06
September 2018

യുഡിഎഫ് വിട്ടുവെന്നും ഇനി എല്‍ഡിഎഫുമായി സഹകരിക്കുമെന്നും എം പി വീരേന്ദ്രകുമാര്‍

തിരുവനന്തപുരം:അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജെഡിയു യുഡിഎഫ് വിട്ടു . ഔദ്യോഗിക പ്രഖ്യാപനം ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ നടത്തി . തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

യുഡിഎഫ് വിടാനുള്ള തീരുമാനം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിക്കുകയും ഇന്നലെ വൈകീട്ട് ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കുകയുമായിരുന്നു.
യുഡിഎഫില്‍ വന്നതിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ന്നതായി സംസ്ഥാന കൗണ്‍സിലില്‍ വീരേന്ദ്രകുമാര്‍ അറിയിച്ചു. ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടു. യുഡിഎഫില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയാണ് തേടുന്നതെന്നും അദ്ദേഹം കൗണ്‍സിലില്‍ പറഞ്ഞു.

പാര്‍ട്ടി ഇനി എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് യോഗത്തിനുശേഷം വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം പാര്‍ട്ടിയംഗങ്ങള്‍ ഐകകണ്‌ഠേനയെടുത്തതാണ്. ഇടതുപക്ഷ ചിന്താഗതിയുമായി വൈകാരികമായി ബന്ധപ്പെട്ട സോഷ്യലിസ്റ്റുകളാണ് ഞങ്ങള്‍. ജനതാദള്‍-യുവിന്റെ രാഷ്ട്രീയവിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നുപോകുന്നതാണ്. ഏഴുവര്‍ഷമായി യുഡിഎഫും കോണ്‍ഗ്രസും കാണിച്ച സ്‌നേഹത്തിന് നന്ദി. യുഡിഎഫിനോട് ഞങ്ങള്‍ നന്ദികേട് കാണിച്ചിട്ടില്ല. ഞങ്ങളെ ഒപ്പം കൂട്ടിയിട്ട് അവര്‍ക്ക് പുരോഗതിയേ ഉണ്ടായിട്ടുള്ളു. പക്ഷേ രാഷ്ട്രീയമായി വലിയ നഷ്ടമാണ് ഞങ്ങള്‍ക്ക് ഉണ്ടായത്. കോഴിക്കോട് യുഡിഎഫിന് ഒമ്പതു പഞ്ചായത്തില്‍ നിന്നും 36 പഞ്ചായത്തില്‍ നേട്ടമുണ്ടാക്കി നല്‍കാന്‍ ജെഡിയുവിനായി. എന്നാല്‍, ഞങ്ങള്‍ ഒന്നിലേക്ക് ചുരുങ്ങി.
സംഘ്പരിവാര്‍ ഭരണത്തില്‍ എല്ലാവരുടെയും സ്വകാര്യ ജീവിതം നഷ്ടപ്പെട്ടിരിക്കുന്നു. ദേശീയതയെക്കുറിച്ചും ദേശസ്‌നേഹത്തെക്കുറിച്ചും പ്രസംഗിച്ചുകൊണ്ട് തന്നെ അവര്‍ രാജ്യത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജെഡിയു തീരുമാനം സ്വാഗതം ചെയ്തതായി മാധ്യമങ്ങിലൂടെ കണ്ടു. ഇതുവരെയും തങ്ങളുടെ ഭാഗത്ത് നിന്നും മുന്നണി പ്രവേശനത്തിനെ കുറിച്ച് ഇടതു മുന്നണിയോട് ചര്‍ച്ച ചെയ്തിട്ടില്ല. നേരത്തെ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വന്നപ്പേള്‍ വിലപേശിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നണി വിടുന്നതിനു മുമ്പ് ജെഡിയു സാമാന്യ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫോണ്‍ ചെയ്തുപോലും അറിയിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. രാഷ്ട്രീയ അഭയം നല്‍കിയ യുഡിഎഫിനോട് കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണ്. എന്ത് നഷ്ടമാണ് യുഡിഫില്‍ നിന്നപ്പോള്‍ ഉണ്ടായതെന്നു വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.