[slick_weather]
01
September 2018

ഉത്തരകൊറിയയും അമേരിക്കയും വീണ്ടും ഇടയുന്നു; യു എസ് വിദേശ കാര്യ സെക്രട്ടറിയുടെ ഉത്തരകൊറിയൻ സന്ദർശനം റദ്ദാക്കി

വാഷിംഗ്ടൺ :  ഉത്തരകൊറിയയും അമേരിക്കയും വീണ്ടും ഇടയുന്നു.ഉത്തരകൊറിയയുടെ ആണവനിരായുധീകരണ നടപടികളിൽ പുരോഗതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ആരോപണത്തിനു പിറകേ യു എസ് വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്താനിരുന്ന ഉത്തരകൊറിയൻ സന്ദർശനം യു എസ് റദ്ദാക്കി.ആണവനിരായുധീകരണം സംബന്ധിച്ച ചർച്ചകൾക്കായാണ് പോംപിയോ ഉത്തരകൊറിയ സന്ദർശിക്കാനിരുന്നത്.

ഉത്തരകൊറിയയെ ആണവപരീക്ഷണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ചൈന ഒന്നും ചെയ്യുന്നില്ലെന്നും,സാമ്പത്തിക ഉപരോധങ്ങൾ തുടരുമെന്നും ട്രമ്പ് ട്വീറ്റ് ചെയ്തു.യു എസ് ഉൾപ്പെടെ ആക്രമണ പരിധിയിൽ വരുന്ന ബാലിസ്റ്റിക്ക് മിസൈൽ നിർമ്മാണ പരിപാടികൾ ഉത്തരകൊറിയ പുനരാരംഭിച്ചതിന്റെ റിപ്പോർട്ടുകളും യു എസ് പുറത്തു വിട്ടിരുന്നു.

ജൂണിൽ സിംഗപ്പൂരിൽ നടന്ന കിം – ട്രമ്പ് കൂടിക്കാഴ്ച്ചയിലെ ധാരണപ്രകാരം ഉത്തരകൊറിയ ആണവായുധ നിരായുധീകരണ നടപടികൾ ആരംഭിച്ചിരുന്നു. മാത്രമല്ല ഉത്തരകൊറിയ ഒരു തരത്തിലും ആണവ ഭീഷണി ഉയർത്തുന്നില്ലെന്ന് ട്രമ്പും പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇതിനു ശേഷം ആണവ പരീക്ഷണ ശാലകൾ അടച്ചുപൂട്ടുന്നതിൽ ഉത്തരകൊറിയ വീഴ്ച്ച വരുത്തിയതായാണ് ട്രമ്പിന്റെ ട്വീറ്റ്.