[slick_weather]
27
May 2018

പുതുവർഷത്തിൽ ശബരീശനെ വണങ്ങാൻ ഭക്തജന പ്രവാഹം

 

പുതുവര്‍ഷ പുലരിയില്‍ ശബരിമലയിൽ തീർഥാടകരുടെ വൻതിരക്ക് തീർഥാടക പ്രവാഹം പത്ത് മണിക്കൂറോളം നീണ്ടു .പോയവർഷത്തെ അപേക്ഷിച്ചു കൂടുതൽ ഭക്തർ എത്തിയതോടെ സന്നിധാനം ജനസാഗരമായി. രാവിലെ ആരംഭിച്ച നെയ്യഭിഷേകം ഉച്ചവരെ തുടർന്നു. നിര്‍മ്മാല്യ ത്തിനായി നട തുറന്നപ്പോള്‍ ദര്‍ശനത്തിന് കാത്ത് നിന്നവരുടെ നിര ശരംകുത്തി വരെയാണ് എത്തിയത് . ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീർത്ഥാടകരായിരുന്നു കൂടുതലും. ഒട്ടേറെ വിദേശ മലയാളികളും ആന്ധ്രയിൽ നിന്നും കാൽനടയായി എത്തിയ സംഘങ്ങളും പുതുവർഷപുലരിയിൽ മലചവിട്ടി .

ആയിരത്തോളം വരുന്ന പോലീസ് സേനയുടെ കനത്ത കാവലും നിരീക്ഷണവുമാണ് പമ്പമുതല്‍ മരക്കൂട്ടംവരെ ഏർപ്പെടുത്തിയിട്ടുള്ളത് .വാദ്യഘോഷങ്ങളും ശരണംവിളികളും മധുരവിതരണവുമൊക്കെയായി എത്തുന്ന തീർഥാടകർക്ക് കുടിവെള്ളം,അന്നദാനം ,വിശ്രമം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കോള നിരോധനത്തെത്തുടർന്ന് സന്നിധാനത്ത് ബോട്ടിൽ ശീതള പാനീയങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെ പു തുവർഷപുലരി മുതൽ അധികൃതർ കൂടുതൽ കുടിവെള്ള കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കലിയുഗവരദനായ ശ്രീ ശബരീശനെ കാണാന്‍ ഇരുമുടിക്കെട്ടുമായി ഭക്തന്‍ മലകയറുന്ന ഏറ്റവും തിരക്കേറിയ പുണ്യകാലം കൂടിയാണ് മകരവിളക്ക് .അതുകൊണ്ടുതന്നെ ഭക്തിനിർഭരമായ പുതുവർഷം കൂടി ലക്ഷ്യമിട്ടാണ് തീർഥാടകർ മലചവിട്ടുന്നത്‌ . സന്നിധാനത്ത് ഭക്തിനിർഭരമായ പുതുവര്‍ഷാഘോഷം . ശരണം വിളിച്ചും ,കര്‍പ്പൂര ദീപങ്ങള്‍ തെളിച്ചും, തീര്‍ത്ഥാടകര്‍ക്ക് മധുരം വിതരണം ചെയ്തുമായിരുന്നു സന്നിധാനത്തെ ആഘോഷം. ശരണ മന്ത്രങ്ങള്‍ മുഴങ്ങുന്ന തിരുമുറ്റത്ത് പതിനെട്ടാം പടി ചവിട്ടാന്‍ കാത്ത് നിന്ന തീര്‍ത്ഥാടകരെ സാക്ഷിയാക്കിയാണ് ഇക്കുറി മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര സംസ്ഥാന പൊലീസ് സേനാംഗങ്ങളും, 2017 നെ വരവേറ്റത്.ആൽത്തറയുടെ സമീപം ലോകത്തിനു നവവത്സരാശംസകൾ നേർന്ന് അയ്യപ്പന്മാർ അടക്കമുള്ളവർ കർപ്പൂരദീപം തെളിയിച്ചു . നേരത്തെ ശബരിമല മേല്‍ശാന്തി എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും പുതുവത്സര ആശംസകള്‍ നേർന്നിരുന്നു .

സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയവരും പുതുവര്‍ഷപ്പിറവി ആഘോഷങ്ങളില്‍ പങ്കാളികളായി. ഭജന പാടിയും ശരണം വിളിച്ചും സെൽഫിയെടുത്തും പുതുവത്സര ആശംസകള്‍ കൈമാറിയപ്പോൾ പുതുവർഷം പുലർന്ന നിമിഷം ആയിരങ്ങൾ പതിനെട്ടാം പടി ചവിട്ടി . സുരക്ഷ ഉദ്യോഗസ്ഥരും ദേവസ്വംബോര്‍ഡ് ജീവനക്കാരും മാധ്യമ പ്രവർത്തകരും ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

2016 നു വിടചൊല്ലി പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ സന്നിധാനത്ത് ആരംഭിച്ചിരുന്നു. ആർപ്പുവിളികളും ,ശരണം വിളികളും ,കൊട്ടും ,പാട്ടുമൊക്കെയായി മരക്കൂട്ടം വരെ ഭക്തർ പുതുവർഷരാവിനെ വരവേറ്റു .പോലീസിന്റെ ജാഗ്രതാ നിർദേശം പാലിച്ചും മണിക്കൂറുകൾ ക്യൂ നിന്നുമാണ് തീർഥാടകർ പുതുവർഷത്തെ ഭക്‌തിപൂർവം വരവേൽക്കാൻ എത്തിയത്

സ്നേഹകാറ്റായ് മുരുകേശൻ മയൂര വിശറി വീശുകയാണ്

ശബരിമലയിൽ മണിക്കൂറുകൾ ക്യൂ നിന്ന് ദർശനത്തിനെത്തുന്നവർക്ക് സ്നേഹത്തിന്റെയും സേവനസന്നദ്ധതയുടെയും സാന്ത്വനമായി ഒരു മധുര സ്വദേശി.പേര് മുരുകേശൻ.മയിൽപ്പീലികളാൽ അലംകൃതമായ വിശറിയുമായാണ് ഇദ്ദേഹം സന്നിധാനത്ത് തീർത്ഥാടകരെ കാത്ത് നിൽക്കുന്നത്.മാളികപ്പുറങ്ങൾക്കും സ്വാമിമാർക്കും പീലി വീശി ,തിളച്ചുമറിയുന്ന ചൂടിൽ മുരുകേശൻ സാന്ത്വനമാകും.ശരണമന്ത്രവുമായി ദർശനം കാക്കുമ്പോൾ ക്ഷണിക്കാതെ എത്തുന്ന ഈ പീലി വിശറിയുടെ തണുപ്പ് പലർക്കും കൗതുകമാണ് .
തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപത്തുള്ള ലക്ഷ്മി പുരമാണ് മുരുകേശന്റെ സ്വദേശം. ഇഷ്ട ആരാധനാ മൂർത്തിയെക്കുറിച്ചു ചോദിച്ചാൽ സന്നിധാനം നോക്കി മുരുകേശൻ പറയും.”സ്വാമിയേ ശരണമയ്യപ്പാ ”. കഴിഞ്ഞ ഇരുപത്തിയൊന്ന് വർഷമായി മുടങ്ങാതെ മല ചവിട്ടുന്ന ഇദ്ദേഹം ഇതാദ്യമായാണ് മയൂര വിശറിയുമായി മല ചവിട്ടുന്നത്.

മധുര മീനാക്ഷി ക്ഷേത്ര പരിസരത്തെ പതിവ് കാഴ്ചയാണ് വിശറിയേന്തിയ മുരുകേശൻ.ദൂരങ്ങൾ താണ്ടിയെത്തുന്ന തീർഥാടകർക്ക് വെഞ്ചാമരം പോലുള്ള വിശറിയാൽ കാറ്റ് വീശി മുരുകേശൻ ഭക്തിക്ക് സേവനംഎന്ന് കൂടി വ്യാഖ്യാനമെഴുതുന്നു .ഇക്കാര്യത്തിൽ കുട്ടികൾക്കും വൃദ്ധർക്കുമാണ് മുരുകേശൻ പ്രത്യേക പരിഗണന നൽകുന്നത്.