ചെറിയ നീരൊഴുക്കില്‍ നിന്നും പോലും വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന പവര്‍ ജനറേറ്റര്‍ കണ്ടുപിടുത്തവുമായിമലയാളി വിദ്യാർഥികൾ

കൊച്ചി:എത്ര ചെറിയ നീരൊഴുക്കില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന ഹൈഡ്രോ വോര്‍ടെക്‌സ് പവര്‍ ജനറേറ്റര്‍ കണ്ടുപിടുത്തവുമായി എസ്‌സിഎംഎസ് എന്‍ജിനീയറിങ് കോളജിലെ ഒരു സംഘം അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി.

സെക്കന്‍ഡില്‍ 0.5 മീറ്റര്‍ മാത്രം സാന്ദ്രതയുള്ള ജല പ്രവാഹത്തില്‍ നിന്നും 5 വാട്ട് വൈദ്യുതി ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് സംഘം അവകാശപ്പെട്ടു.എസ്‌ സി എംഎസിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്‌മെന്റിലെ ഫാക്കല്‍റ്റി അംഗങ്ങളായ ഡോ. ഷീജ ജനാര്‍ദ്ദനനും പ്രൊഫ. വിദ്യ ചന്ദ്രനും നേതൃത്വം നല്‍കിയ ഗവേഷണസംഘത്തില്‍ ക്രിസ്‌റ്റോ വര്‍ഗീസ്, ഡെലോ ദേവസ്സി, അച്യുത് ദേവീദാസ്, ഡിയോണ്‍ സി മാത്യൂസ്, ആനന്ദ് രാജീവ്, ജിജോ ജോര്‍ജ് നെറ്റിക്കാടന്‍ എന്നീ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് കെ കെ ഗോപാലകൃഷ്ണന്‍, ഓട്ടോ മൊബൈല്‍ ലാബ് ഇന്‍സ്ട്രക്റ്റര്‍ വി കെ ഹരിദാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ഉപകരണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

താരതമ്യേന ശക്തി തുലോം കുറഞ്ഞ നാട്ടിന്‍പുറത്തെ തോടുകളിലും കനാലുകളും നീരുറവകളിലും ഈ സംവിധാനം ഉപയോഗിച്ച് വീട്ടാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിര്‍മ്മിക്കാന്‍ സാധിക്കും. മാത്രമല്ല, വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പുറം തള്ളുന്ന മാലിന്യ ജലത്തില്‍ നിന്നു പോലും ഇലക്ട്രിസിറ്റി പവര്‍ ഉല്‍പ്പാദിപ്പിക്കാം. ഇനിയും നേരിട്ട് വൈദ്യുതി ലഭ്യമല്ലാത്ത ഉയര്‍ന്ന പ്രദേശങ്ങളിലും ഗ്രാമങ്ങളിലും മറ്റും ഇപ്രകാരം നീരുറവകളിലൂടെ ഏതു കാലാവസ്ഥയിലും വൈദുതി ഉത്പാദിപ്പിക്കാവുന്നതാണ്.

ഈ സാങ്കേതികോപകരണത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചെറിയ മൊഡ്യൂളുകള്‍ക്ക് പകരം അളവിലും എണ്ണത്തിലും മാറ്റം വരുത്തിയാല്‍ കടല്‍ ജലത്തില്‍ നിന്ന് പോലും നാടിനാവശ്യമായ വൈദ്യുതി ഉണ്ടാക്കാമെന്ന് ഗവേഷണ സംഘത്തിന്റെ മേധാവി ഡോ. ഷീജ ജനാര്‍ദ്ദനന്‍ പറഞ്ഞു.ഹൈഡ്രോ വോര്‍ടെക്‌സ് പവര്‍ ജനറേറ്റര്‍ ജലപ്രവാഹത്തില്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടാവുന്ന നീര്‍ച്ചുഴികളെ വൈദ്യുത കാന്തിക പ്രേരണ സംവിധാനം ഉപയോഗിച്ച് ഇലക്ട്രിസിറ്റിയായി മാറ്റുന്നതാണ്
ഇതിന്റെ സാങ്കേതിക പ്രക്രിയ.ജൂലായില്‍ ആംസ്റ്റര്‍ഡാമില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ ഹൈഡ്രോ വോര്‍ടെക്‌സ് പവര്‍ ജനറേറ്റര്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ഡോ. ഷീജ. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ അസംബിള്‍ ചെയ്യാവുന്ന ഈ സാങ്കേതികോപകരണം തീര്‍ത്തും നമ്മുടെ നാട്ടിലെ ലോക്കല്‍ ടെക്‌നോളജി ഉപയോഗിച്ചാണ് വിഭാവനം ചെയ്തിരിക്കുന്നത്.