[slick_weather]
31
August 2018

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എം.എല്‍.എമാരെ നിയമസഭയിലെ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയത് വിവാദമാവുന്നു

തിരുവനന്തപുരം: പ്രളയവും തുടര്‍നടപടികളും ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എം.എല്‍.എമാരെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത് വിവാദമാവുന്നു . ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാനേയും റാന്നി എം.എല്‍.എ രാജു എബ്രഹാമിനേയുമാണ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്.

പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ക്കാണ് പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കാന്‍
സമയം അനുവദിച്ചത്. താരതമ്യേന പ്രളയ ദുരിതം രൂക്ഷമായി ബാധിക്കാത്ത കായംകുളം എം.എല്‍.എ യു.പ്രതിഭയ്ക്ക് വരെ സംസാരിക്കാന്‍ അനുമതി നല്‍കിയപ്പോഴാണ് പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂരിന്റെയും റാന്നിയുടേയും എം.എല്‍.എമാരെ ഒഴിവാക്കിയത്.

രക്ഷാപ്രവര്‍ത്തനവേളയില്‍ പരസ്യമായി വിമര്‍ശിച്ചവരാണ് സജി ചെറിയാനും രാജു ഏബ്രഹാമും. സൈന്യം യഥാസമയം എത്തിയില്ലെങ്കില്‍ 10,000 പേരെങ്കിലും മരിക്കുമെന്ന സജി ചെറിയാന്റെ പരസ്യമായ അഭ്യര്‍ഥന രക്ഷാപ്രവര്‍ത്തനവേളയില്‍ ഏറെ ചര്‍ച്ചയായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ ഡാമുകള്‍ തുറന്നതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് രാജു എബ്രഹാം പരസ്യമായി പറയുകയുണ്ടായി.