നളിനി ജമീലയെയും സരിത നായരെയും വായിക്കാനാണ് ഇപ്പോഴും താത്പര്യമെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍

കോഴിക്കോട്: നളിനി ജമീലയെയും സരിത നായരെയും വായിക്കാനാണ് അധികം പേര്‍ക്കും ഇപ്പോഴും താത്പര്യമെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍. ലൈംഗിക തൊഴിലാളിയായ നളിനിയുടെ ആത്മകഥയും സോളാര്‍ നായിക സരിത നായരുടെ തമിഴ് ആത്മകഥയും കൂടുതലായി വില്‍ക്കപ്പെടുന്നു. സരസ്വതിയമ്മയെ പോലുള്ള ആദ്യകാല എഴുത്തുകാരികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല. എത്രമാത്രം കൊണ്ടാടിയാലും കാമ്പിലാത്തവ കാലത്തെ അതിജീവിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് ബീച്ചില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ആദ്യ സെഷനില്‍ ഡോ.ശ്രീകല മുല്ലശ്ശേരിയുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
മഹാകവി വള്ളത്തോളിന്റെ ചിത്രയോഗം പൊട്ടകൃതിയാണെന്ന അഭിപ്രായത്തില്‍ മാറ്റമില്ല. തനിക്ക് ക്ഷമയില്ലാത്തതിനാല്‍ തന്നെയാണ് നോവല്‍ എഴുതാത്തത്. അതേസമയം ചെറുകഥയ്ക്ക് മാന്യമായ പരിഗണന കിട്ടാന്‍ പൊരുതിയിട്ടുണ്ട്. അത് തനിക്ക് പരിഗണന കിട്ടാന്‍ വേണ്ടിയല്ലായിരുന്നു. ആ ആക്ഷേപം ഒഴിവാക്കാനാണ് ചെറുകഥയ്ക്ക് കിട്ടിയ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വേണ്ടെന്നു വെച്ചത്. കഥയില്‍ ആര്‍ദ്രതയുണ്ടെങ്കിലും ജീവിതത്തില്‍ പലപ്പോഴും പരുക്കനാണെന്ന് തനിക്ക് തന്നെ തോന്നിയിട്ടുണ്ട്. മാസ്റ്റര്‍പീസ് എന്നൊക്കെ പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എം ടി യെ പോലുള്ളവരുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു.