[slick_weather]
11
February 2019

ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം

കൊച്ചി: ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. സിബിഐ തലശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.302, 120 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

നേരത്തെ നിസാരമായ കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിടും തടയാനുള്ള നടപടി ജയരാജൻ എടുത്തില്ലയെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

കേസിൽ 32ാം പ്രതിയായാണ് ജയരാജനെ ചേർത്തിരിക്കുന്നത്.സിബിഐ എസ്.പി ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെക്ഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.സിബിഐ നടത്തിയ തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. 2016 ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്.

പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. അതിന് പിന്നാലെ ചെറിയ കലാപങ്ങള്‍ പലയിടങ്ങളിലായി നടന്നു. അതിനിടയിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തി എന്നാണ് കേസ്.

ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലോ, വടകരയിലോ ജയരാജന്‍ മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ കുറ്റപത്രം എന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.