[slick_weather]
16
December 2017

ജിഷ കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബർ 12ന് വിധി പറയും

കൊച്ചി :നിയമവിദ്യാർത്ഥിനിയും പെരുമ്പാവൂർ സ്വദേശിനിയുമായ ജിഷ കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബർ 12ന് വിധി പറയും. പോസിക്യൂഷനും പ്രതിഭാഗവും എട്ടു ദിവസമായി നടത്തിയ അന്തിമ വാദത്തിന് ശേഷമാണ് കോടതി കേസ് വിധിപറയാന്‍ മാറ്റിയത്. അസം സദേശി അമിറുള്‍ ഇസ്ലാമാണ് കേസിലെ ഏകപ്രതി.

2016 ഏപ്രില്‍ 28ന് ഒറ്റമുറി വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ട കേസ് കേരളത്തില്‍ ഏറെ വിവാദത്തിന് വഴിതെളിച്ചിരുന്നു. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എപ്രില്‍ മൂന്നിന് തുടങ്ങിയ വിചാരണയില്‍ 74 ദിവസമായിട്ടാണ് 100 സാക്ഷികളെ വിസ്തരിച്ചത്. 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്.

923 ചോദ്യങ്ങള്‍ക്ക് രണ്ട് ദിവസംകൊണ്ടാണ് കോടതി വിശദീകരണം തേടിയത്.
കുറുപ്പംപടി സിഐയുടെ നേതൃത്വത്തില്‍ ആദ്യം നടന്ന അന്വേഷണം ഏറെ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. യുഡിഎഫ് ഭരണം അവസാനിക്കുകയും പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്തതോടെയാണ് എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടര്‍ന്നാണ് പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ തഞ്ചാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍ 17നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.