ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: 5000 കിലോമീറ്റര്‍ ദൂരത്തില്‍ പ്രയോഗിക്കാവുന്ന ആണവവാഹക ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.53ന് ഒഡിഷയിലെ അബ്​ദുള്‍ കലാം ഐലന്‍റ്​ എന്നറിയപ്പെടുന്ന വീലര്‍ ഐലന്‍റില്‍ നിന്നായിരുന്നു വിക്ഷേപണം.

മൊബൈല്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ 19 മിനിറ്റിനുള്ളില്‍ നിശ്ചിത ദൂരമായ 4,900 കിലോമീറ്റര്‍ മറികടന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് പരീക്ഷണ വാര്‍ത്ത പുറത്തുവിട്ടത്.

ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഒാര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആണ് മൂന്നു ഘട്ടമുള്ള ദീര്‍ഘദൂര മിസൈലായ അഗ്നി-5 വികസിപ്പിച്ചത്. 5000 മുതല്‍ 5500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള 17 മീറ്റര്‍ ഉയരവും 2 മീറ്റര്‍ വ്യാസവുമുള്ള മിസൈലിന് 1.5 ടണ്‍ ആണ് ഭാരം. അഗ്നി-1 (700 കിലോമീറ്റര്‍), അഗ്നി-2 (2000 കിലോമീറ്റര്‍), അഗ്നി-3 (2500 കിലോമീറ്റര്‍), അഗ്നി-4 (2500 കിലോമീറ്റര്‍ മുതല്‍ 3500 കിലോമീറ്റര്‍ വരെ) എന്നീ അഗ്നി പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.

2012 ഏപ്രില്‍ 19നാണ് അഗ്നി-5ന്‍റെ ആദ്യ പരീക്ഷണം നടത്തിയത്. തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 15നും 2015 ജനുവരി 3നും രണ്ടും മൂന്നും പരീക്ഷണങ്ങള്‍ നടന്നു. 2016 ഡിസംബര്‍ 26നാണ് അഗ്നി-5ന്‍റെ നാലാമത്തെയും അവസാനത്തേതുമായ പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയത്.

അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയാണ് ബാലിസ്റ്റിക് മിസൈലുള്ള മറ്റ് രാജ്യങ്ങള്‍.